'വെറുപ്പിന്റെ സംഘടിത ഫാക്ടറി': സംഘടനകളെ 'ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ' എന്ന് വിശേഷിപ്പിച്ചതിൽ പാകിസ്ഥാനെ ശക്തമായിവിമർശിച്ച്‌ ഇന്ത്യ

 'വെറുപ്പിന്റെ സംഘടിത ഫാക്ടറി': സംഘടനകളെ 'ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ' എന്ന് വിശേഷിപ്പിച്ചതിൽ പാകിസ്ഥാനെ ശക്തമായിവിമർശിച്ച്‌ ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സ്വന്തം അതിർത്തിക്കുള്ളിലെ ഗ്രൂപ്പുകളെ 'ഫിത്ന അൽ ഹിന്ദുസ്ഥാൻ' (കുഴപ്പക്കാരായ ഇന്ത്യക്കാർ) എന്ന് വിളിക്കാനുള്ള ഇസ്‌ലാമാബാദിൻ്റെ തീരുമാനം മതപരമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് ഔദ്യോഗികമായി സ്പോൺസർ ചെയ്യുന്ന തെറ്റായ വിവരങ്ങളാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യുഎൻ സുരക്ഷാ സമിതി യോഗത്തിലാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവതനേനി പാകിസ്ഥാനെതിരെ ശക്തമായ പ്രസ്താവന നടത്തിയത്..പാകിസ്ഥാൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകര ഗ്രൂപ്പുകളെയും സംഘടനകളെയും കഴിഞ്ഞ വർഷം പാകിസ്ഥാൻ സർക്കാർ ഔദ്യോഗികമായി 'ഫിത്ന അൽ ഹിന്ദുസ്ഥാൻ' എന്ന് നാമകരണം ചെയ്തിരുന്നു. ഇന്ത്യയുടെ നിർദേശപ്രകാരമാണ് ഈ സംഘടനകൾ ഭീകരവാദത്തിൽ ഏർപ്പെടുന്നതെന്നായിരുന്നു പാകിസ്ഥാൻ്റെ ആരോപണം. എന്നാൽ ഇതിന് യാതൊരു തെളിവും അവർ നൽകിയിരുന്നില്ല .

യുഎൻ സുരക്ഷാ സമിതി യോഗത്തിൽ, അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ നടത്തുന്ന വ്യോമാക്രമണങ്ങളെയും ഇന്ത്യൻ പ്രതിനിധി ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങൾ വലിയ തോതിലുള്ള സിവിലിയൻ മരണങ്ങൾക്കും അഫ്ഗാൻ ജനതയുടെ ദുരിതങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി ചിത്രീകരിക്കുന്നത് കുറ്റവാളികളെ കുറ്റവിമുക്തരാക്കില്ലെന്ന് താൻ ആവർത്തിക്കുകയാണെന്നും, സാധാരണക്കാരെ കൊല്ലുന്നതും അംഗവൈകല്യം വരുത്തുന്നതും അനാഥരാക്കുന്നതും ഭീകരവിരുദ്ധ പ്രവർത്തനമല്ലെന്നും പർവതനേനി വ്യക്തമാക്കി.അന്താരാഷ്ട്ര നിയമങ്ങളുടെയും ഇസ്‌ലാമിക ഐക്യദാർഢ്യത്തിൻ്റെയും ഉയർന്ന തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതായി അവകാശപ്പെടുമ്പോൾ തന്നെ, വിശുദ്ധ റമദാൻ മാസത്തിൽ നിഷ്കരുണം വ്യോമാക്രമണങ്ങൾ നടത്തുന്നത് കാപട്യത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം പരാജയങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാൻ്റെ പഴയ ശീലമാണ്. ലോകത്തെ കബളിപ്പിക്കാനുള്ള ഈ ശ്രമം പരാജയപ്പെടുമെന്നും ഇന്ത്യൻ പ്രതിനിധി മുന്നറിയിപ്പ് നൽകി.