രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ. മുംബൈ-അഹമ്മദാബാദ് പാതയില്‍ വരാനിരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ ചിത്രമാണ് പുറത്തുവിട്ടത്. ന്യൂഡല്‍ഹിയിലെ റെയില്‍വേ മന്ത്രാലയത്തിന്‍റെ നാലാം നമ്പര്‍ ഗേറ്റില്‍ ബുള്ളറ്റ് ട്രെയിനിന്‍റെ ചിത്രം സ്ഥാപിച്ചു.ഓറഞ്ച്, സില്‍വര്‍, കറുപ്പ് നിറങ്ങളിലാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (MAHSR) പ്രോജക്റ്റ് മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര-നഗർ ഹവേലി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുംബൈ, താനെ, വിരാർ, ബോയിസാർ, വാപ്പി, ബിലിമോറ, സൂറത്ത്, ഭരുച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകളാണ് ഈ റൂട്ടിലുണ്ടാകുക.
എംഎഎച്ച്എസ്ആർ പദ്ധതിക്കായി ഗുജറാത്തിലെ എട്ട് സ്റ്റേഷനുകളിൽ (വാപ്പി, ബിലിമോറ, സൂറത്ത്, ബറൂച്ച്, ആനന്ദ്, വഡോദര, അഹമ്മദാബാദ്, സബർമതി) അടിത്തറ പണികൾ പൂർത്തിയായി. മഹാരാഷ്ട്രയിലെ താനെ, വിരാർ, ബോയ്‌സർ എന്നിവിടങ്ങളിൽ പണികൾ പുരോഗമിക്കുമ്പോൾ, ബാന്ദ്ര കുർള കോംപ്ലക്‌സ് (ബികെസി) സ്റ്റേഷനിലെ മണ്ണെടുപ്പ് (ഖനനം) പൂർത്തിയായിവരുന്നു.പതിനേഴ് നദിപ്പാലങ്ങളുടെ നിർമാണം പൂർത്തിയായി; ഗുജറാത്തിലെ നർമ്മദ, മാഹി, തപ്തി, സബർമതി എന്നീ നാല് പ്രധാന പാലങ്ങളുടെ പണി പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിലെ നാല് നദിപ്പാലങ്ങളുടെ നിർമ്മാണവും പുരോഗമിക്കുന്നു. ബികെസിയിൽ മണ്ണെടുപ്പ് ജോലികൾ ഏകദേശം 91% പൂർത്തിയായി. കടലിനടിയിലെ തുരങ്ക ഭാഗത്തിന്‍റെ നിർമ്മാണം ആരംഭിച്ചു; ഘൻസോളിക്കും ഷിൽഫട്ടയ്ക്കും ഇടയിലുള്ള 4.8 കിലോമീറ്റർ ദൂരം ഇതിനകം പൂർത്തിയായിട്ടുണ്ട്.ഇന്ത്യൻ റെയിൽവേയുടെ വ്യക്തമാക്കൽ അനുസരിച്ച്, 'മേയ്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ തദ്ദേശീയ അതിവേഗ റെയിൽ ശേഷി വർദ്ധിപ്പിക്കുന്നതിന് ഈ പദ്ധതി സഹായകമാകും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ബെംഗളൂരുവിലെ ബിഇഎംഎൽ ലിമിറ്റഡും സംയുക്തമായാണ് മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയുള്ള ഈ ട്രെയിൻ സെറ്റുകൾ രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുന്നത്.
എംഎഎച്ച്എസ്ആർ ഇടനാഴി വലിയ തോതിൽ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടിക്കറ്റ് നിരക്കുകൾ നിലവിലെ ട്രെയിനുകൾക്കും വിമാനങ്ങൾക്കും ഒരുപോലെ മത്സരാധിഷ്ഠിതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ജാപ്പനീസ് റെയിൽവേയുടെ പിന്തുണയോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യൻ ആവശ്യങ്ങൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു
എംഎഎച്ച്എസ്ആർ പദ്ധതിക്ക് ആവശ്യമായ 1,389.5 ഹെക്ടർ ഭൂമിയും പൂർണ്ണമായി ഏറ്റെടുത്തുവെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. നിയമങ്ങൾക്കനുസൃതമായാണ് ഭൂമി ഏറ്റെടുക്കൽ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ പുനരധിവാസം നടപ്പിലാക്കിയെന്നും ഭൂമി നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകിയതായും മന്ത്രി പറഞ്ഞു. രണ്ട് സംസ്ഥാന സർക്കാരുകളുമായി ഏകോപിപ്പിച്ചാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.