ഇസ്രായേലിന് നേരെ മിസൈലുകൾ ആക്രമണം നടത്തി ഇറാൻ

ഇസ്രായേലിന് നേരെ മിസൈലുകൾ ആക്രമണം നടത്തി ഇറാൻ

ടെൽ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കി ഇസ്രയേലിന് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം. ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ ശക്തമായ തിരിച്ചടി നൽകിയത്. ഇതോടെ ഏത് നിമിഷവും പ്രത്യാക്രമണം നടത്താൻ ഇസ്രയേൽ സേനയും സജ്ജമായി. അമേരിക്കൻ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പശ്ചിമേഷ്യയിലെ യുഎസ് സേന അതീവ ജാഗ്രതയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇസ്രയേലിന് നേരെ ഇറാൻ കൂട്ടത്തോടെ മിസൈലുകൾ അയച്ചത്. മൂന്ന് തവണകളിലായി പത്തോളം മിസൈലുകളാണ് ഇസ്രയേലിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് തൊടുത്തുവിട്ടത്. ലെബനൻ തലസ്ഥാനമായ ബെയ്റൂത് ആക്രമിക്കരുതെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടതിനെ തുടർന്ന് ഇസ്രയേൽ ഇതിൽനിന്ന് താത്കാലികമായി പിന്മാറുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെയാണ് ലെബനനിലെ ദാഹിയ മേഖലയിലുള്ള ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയത്. ഇതിനുള്ള തിരിച്ചടിയായാണ് ഇറാൻ്റെ ഇപ്പോഴത്തെ മിസൈൽ പ്രയോഗം.

അമേരിക്കൻ സേനയ്ക്ക് ജാഗ്രതാ നിർദേശം

സംഘർഷം രൂക്ഷമായതോടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഇടപെട്ടു. തിരിച്ചടിക്കരുതെന്നും തുടർന്നും ആക്രമണം നടത്തരുതെന്നും ഇസ്രയേലിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിർദേശം ഇസ്രയേൽ അംഗീകരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ജോർദാനിലെ യുഎസ് എംബസി ഉൾപ്പെടെയുള്ള അമേരിക്കൻ കേന്ദ്രങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആകാശത്ത് മിസൈലുകളും ഡ്രോണുകളും പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ സുരക്ഷിതമായ അഭയസ്ഥാനങ്ങൾ തേടണമെന്നാണ് നിർദേശം. നിലവിൽ ഗൾഫ് രാജ്യങ്ങളിലേക്കോ അമേരിക്കൻ താവളങ്ങളിലേക്കോ ആക്രമണം ഉണ്ടായിട്ടില്ല.

ടെഹ്റാൻ കത്തിക്കുമെന്ന് ഇസ്രയേൽ

ഇസ്രയേൽ വീണ്ടും തിരിച്ചടിച്ചാൽ ഇറാൻ്റെ ആക്രമണങ്ങൾ തുടരുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. എന്നാൽ ടെഹ്റാൻ കത്തിച്ചാമ്പലാകാൻ പോകുന്നുവെന്നാണ് ഇസ്രയേൽ മന്ത്രി ഇതമർ ബെൻ ഗ്വിർ പ്രതികരിച്ചത്. പ്രകോപനങ്ങളും വെല്ലുവിളികളും അതിശക്തമായി തുടരുകയാണ്. ഹമാസിന് ഉണ്ടായ അതേ അനുഭവം ഹിസ്ബുല്ലയ്ക്കും ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. പരമ്പരാഗത വൈരികളെ ഇല്ലാതാക്കാനുള്ള ഇസ്രയേലിൻ്റെ നീക്കമാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.

മധ്യസ്ഥ ശ്രമവുമായി പാകിസ്ഥാൻ

യുദ്ധം ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി പാകിസ്ഥാനും രംഗത്തുണ്ട്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം ഇറാനിലെത്തി സുപ്രധാന സന്ദേശം കൈമാറി. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിക്ക് നൽകാനുള്ള സന്ദേശം ഇറാൻ വിദേശകാര്യ മന്ത്രിയെയാണ് ഏൽപ്പിച്ചത്. അമേരിക്ക മരവിപ്പിച്ച ഇറാൻ്റെ 2400 കോടി ഡോളറിൻ്റെ സ്വത്തുക്കൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഈ ചർച്ചകൾ വിജയകരമായാൽ സംഘർഷത്തിന് താത്കാലിക ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വീണ്ടും ആക്രമണം ഉണ്ടായാൽ സമാധാന ശ്രമങ്ങൾ പൂർണമായും വഴിമുട്ടും.