സംഘർഷം വീണ്ടും ശക്തമാകുന്നു ! അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവച്ചിട്ട് ഇറാൻ

സംഘർഷം വീണ്ടും ശക്തമാകുന്നു ! അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവച്ചിട്ട് ഇറാൻ

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ പട്രോളിങ് നടത്തുകയായിരുന്ന അമേരിക്കൻ സൈന്യത്തിൻ്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവച്ചിട്ടതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്നും അവർക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇറാൻ്റെ ഈ പ്രകോപനപരമായ ആക്രമണത്തിന് അമേരിക്ക ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തൻ്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡോണാൾഡ് ട്രംപ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.കഴിഞ്ഞ ദിവസം രാത്രി ഹോർമുസ് കടലിടുക്കിൽ പട്രോളിങ് നടത്തുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളിലൊന്ന് ഇറാൻ വെടിവച്ചിട്ടതായി സൈന്യം തന്നെ അറിയിച്ചുവെന്ന് ട്രംപ് കുറിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പൂർണമായും സുരക്ഷിതരാണെന്നും, ഇറാൻ്റെ ഈ ആക്രമണത്തോട് അമേരിക്കയ്ക്ക് അനിവാര്യമായും പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധഭീതിയിൽ പശ്ചിമേഷ്യ

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. ഇറാനിലെ പെട്രോകെമിക്കൽ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രയേൽ സൈനിക താവളങ്ങൾക്ക് നേരെയും അടുത്തിടെ പരസ്‌പരം ആക്രമണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ ഹെലികോപ്റ്ററിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.പശ്ചിമേഷ്യയിലെ എണ്ണ നീക്കത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ ഈ സംഭവം മേഖലയിൽ വലിയ യുദ്ധഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഇവിടെയുണ്ടാകുന്ന ഏത് ചെറിയ സംഘർഷവും ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

മുന്നറിയിപ്പുമായി ഇറാൻ

അതേസമയം, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന വിദേശ സൈനിക വിഭാഗങ്ങൾ ഉടൻ തന്നെ ആ പ്രദേശം വിട്ടുപോകണമെന്നും അല്ലാത്തപക്ഷം അവർ നിരന്തരമായ അപകടസാധ്യത നേരിടേണ്ടിവരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഹെലികോപ്റ്റർ വെടിവച്ചിട്ടെന്ന ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാൻ്റെ പ്രതികരണം.മനുഷ്യസഹജമായ തെറ്റുകൾ, അപകടങ്ങൾ, അല്ലെങ്കിൽ വെടിവയ്പിൽ അകപ്പെടുക തുടങ്ങിയ കാരണങ്ങളാൽ മേഖലയിലെ വിദേശ സൈനികർ വലിയ അപകടമാണ് നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ സൈന്യം പിന്മാറുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്നും, നയതന്ത്രത്തിൻ്റെ ഭാഷയാണ് ഇറാൻ താത്പര്യപ്പെടുന്നതെങ്കിലും ആവശ്യമെങ്കിൽ മറ്റ് രീതികളിൽ പ്രതികരിക്കാൻ തങ്ങൾക്ക് അറിയാമെന്നും അബ്ബാസ് അരാഗ്ചി കൂട്ടിച്ചേർത്തു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

തിരിച്ചടിച്ച് അമേരിക്ക

അമേരിക്കൻ ഹെലികോപ്റ്റർ വെടിവച്ചിട്ടതിന് പിന്നാലെ ഇറാന് നേരെ അമേരിക്കൻ സൈന്യം പ്രത്യാക്രമണം ആരംഭിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) അറിയിച്ചു. ഇറാൻ്റെ ന്യായീകരിക്കാനാവാത്ത ആക്രമണത്തിന് മറുപടിയായാണ് സ്വയരക്ഷയ്ക്കായുള്ള ഈ നടപടിയെന്ന് സെൻ്റ്കോം വ്യക്തമാക്കി. അമേരിക്കൻ സായുധ സേനയുടെ കമാൻഡർ ഇൻ ചീഫ് കൂടിയായ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ഇറാന് നേരെ ആക്രമണം നടത്തുന്നതെന്നും ഇതൊരു ആനുപാതികമായ പ്രതികരണമാണെന്നും സൈന്യം വിശദീകരിച്ചു.അമേരിക്കൻ പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇറാന് നേരെയുള്ള ആക്രമണം ആരംഭിച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ് എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആക്രമണ ഹെലികോപ്റ്ററുകളിലൊന്നായ അപ്പാച്ചെ വെടിവച്ചിട്ടത് അമേരിക്കൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രകോപനമായാണ് വിലയിരുത്തപ്പെടുന്നത്.പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഈ സംഭവം അന്താരാഷ്ട്ര തലത്തിലും വലിയ ആശങ്കകൾക്ക് വഴിവച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലാകെ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ ഈ സംഭവം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തൽ.