'വളരെ തന്ത്രപ്രധാനമായ' ചബഹാർ തുറമുഖത്തിൻ്റെ പുരോഗതി യുഎസ് ഉപരോധം കാരണം മന്ദഗതിയിലായതായി ഇറാൻ

'വളരെ തന്ത്രപ്രധാനമായ' ചബഹാർ തുറമുഖത്തിൻ്റെ  പുരോഗതി യുഎസ് ഉപരോധം കാരണം മന്ദഗതിയിലായതായി ഇറാൻ

ന്യൂഡൽഹി: ഇറാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിൻ്റെ ഏറ്റവും വലിയ പ്രതീകമാണ് ഛാബഹാർ തുറമുഖമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. മധ്യേഷ്യ, കോക്കസസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ള സുവർണ കവാടമായി ഛാബഹാർ തുറമുഖം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കൻ ഉപരോധത്തെ തുടർന്ന് ഛാബഹാർ തുറമുഖത്തിൻ്റെ വികസന പ്രവർത്തനങ്ങൾ നിലവിൽ മന്ദഗതിയിലായതായി അബ്ബാസ് അരാഗ്ചി വിമർശിച്ചു. എങ്കിലും തന്ത്രപ്രധാനമായ ഈ തുറമുഖത്ത് ഇന്ത്യ തുടർന്നും പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഛാബഹാർ തുറമുഖത്തിൻ്റെ വികസനത്തിൽ ഇന്ത്യക്കാർ സുപ്രധാന പങ്ക് വഹിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളെയും സംബന്ധിച്ച് സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഇതിലൂടെ സാധിച്ചേക്കും.ഇന്ത്യയ്ക്ക് മധ്യേഷ്യ, കോക്കസസ് തുടർന്ന് യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കടക്കാനുള്ള സുപ്രധാന സുവർണ കവാടമായി ഈ തുറമുഖം ഭാവിയിൽ മാറും. അതുപോലെ തന്നെ യൂറോപ്യന്മാർക്കും മധ്യേഷ്യക്കാർക്കും മറ്റ് രാജ്യങ്ങൾക്കും ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കാനും ഈ ട്രാൻസിറ്റ് പാത വളരെയധികം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾക്ക് വലിയ തന്ത്രപ്രധാനമായ തുറമുഖമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെയും ചുറ്റുപാടുമുള്ള മറ്റ് രാജ്യങ്ങളുടെയും താത്പര്യങ്ങൾക്ക് അനുസരിച്ച് വാണിജ്യ ആവശ്യങ്ങൾക്കായി ഛാബഹാർ പൂർണമായി വികസിപ്പിക്കുന്നതിന് ഇന്ത്യ പ്രവർത്തനങ്ങൾ തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമാധാനത്തിന് ഇന്ത്യയുടെ പങ്ക്

മികച്ച സൽപ്പേരുള്ള രാജ്യമാണ് ഇന്ത്യയെന്നും അതിനാൽ തന്നെ നയതന്ത്രത്തിനും സമാധാനത്തിനും ഈ മേഖലയിൽ വലിയ പങ്ക് വഹിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അരാഗ്ചി പറഞ്ഞു. പേർഷ്യൻ ഗൾഫിലെ മിക്കവാറും എല്ലാ രാജ്യങ്ങളുമായും അതിൻ്റെ വടക്ക്, തെക്ക് ഭാഗങ്ങളിലുള്ളവരുമായി മികച്ച ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ ഈ മേഖലയിൽ ഇന്ത്യ വഹിക്കുന്ന ഏത് ഗുണപ്രദമായ പങ്കിനെയും പൂർണമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയുടെ ഇടപെടലുകൾ ഇന്തോ-പസഫിക് മേഖലയിൽ സമാധാനം നിലനിർത്തുന്നതിൽ നിർണായകമാകുമെന്നാണ് ഇറാൻ്റെ വിലയിരുത്തൽ. ബ്രിക്സ് കൂട്ടായ്മയുടെ പ്രാധാന്യം വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇരു രാജ്യങ്ങൾക്കും സാമ്പത്തിക മേഖലയിലും വലിയ ഗുണം ചെയ്യും.

ഹോർമുസ് കടലിടുക്കിലെ സുരക്ഷ

ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുകയെന്നത് ഇറാൻ കാലാകാലങ്ങളായി ചെയ്തുവരുന്ന ചരിത്രപരമായ കടമയാണെന്നും അത് തുടർന്നും ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും വിദേശകാര്യ മന്ത്രി അരാഗ്ചി പറഞ്ഞു. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഈ സമുദ്രപാതയിലൂടെയുള്ള വ്യാപാരത്തിന് ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങൾക്ക് പൂർണ സുരക്ഷ ഉറപ്പുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ പ്രതികരണം. അതിപ്രധാനമായ ഈ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഇരുവരും പ്രാദേശിക വികസനങ്ങളും സമുദ്ര വ്യാപാരത്തെക്കുറിച്ചുള്ള വിവിധ ആശങ്കകളും ഊർജ സുരക്ഷയും വിശദമായി ചർച്ച ചെയ്തു. മേഖലയിലെ സാമ്പത്തിക ഭദ്രതയ്ക്കും സമാധാനത്തിനും ഇത്തരം ചർച്ചകൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കൻ ഉപരോധവും ഇന്ത്യയുടെ നിലപാടും

ഛാബഹാർ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഉപരോധ ഇളവുകൾ പിൻവലിക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിൻ്റെ തീരുമാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ഇന്ത്യ വിശദമായി പരിശോധിച്ചുവരികയാണെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പദ്ധതിയിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയായതിനാൽ അമേരിക്കൻ ഉപരോധം വലിയ വെല്ലുവിളിയാണ് ഇരു രാജ്യങ്ങൾക്കും മുന്നിൽ ഉയർത്തുന്നത്. ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഛാബഹാർ തുറമുഖം വാണിജ്യപരമായി ഇന്ത്യയ്ക്ക് ഏറെ നിർണായകമായ ഒന്നാണ്.വാണിജ്യ രംഗത്ത് വലിയ സാധ്യതകളാണ് ഇതിലൂടെ തുറന്നുകിട്ടുക. പാകിസ്ഥാനിലൂടെ കടന്നുപോകാതെ അതിർത്തികൾ താണ്ടി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും വേഗത്തിൽ ചരക്കുകൾ എത്തിക്കാൻ ഈ തുറമുഖം ഇന്ത്യയെ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. തുറമുഖത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ മുൻകൈയെടുത്ത് വലിയ നിക്ഷേപമാണ് ഇതിനകം നടത്തിയിട്ടുള്ളത്.

അമേരിക്കൻ ഉപരോധം ഉൾപ്പെടെയുള്ള പുതിയ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വാണിജ്യ ബന്ധം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യയും ഇറാനും ശ്രമിക്കുന്നത്. പ്രതിസന്ധികൾ മറികടന്ന് ഇതിലൂടെ സാമ്പത്തിക രംഗത്തും വലിയ കുതിച്ചുചാട്ടം നടത്താൻ ഇരു രാജ്യങ്ങൾക്കും സാധിക്കുമെന്നാണ് വിലയിരുത്തൽ.