ഇറാനിയൻ വിദേശകാര്യ മന്ത്രി അരാഗ്ചി ചൈനയിൽ :ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക വികസനങ്ങൾ എന്നിവ ചർച്ച ചെയ്യും

ബെയ്ജിങ്: ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഖ്ചി ഇന്ന് ചൈന സന്ദർശിക്കും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അദ്ദേഹം ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്യും. ചൈനീസ് വിദേശകാര്യ മന്ത്രാലയ വാക്താവ് എക്സിലൂടെയാണ് ഈ സന്ദർശന വിവരം ഔദ്യോഗികമായി അറിയിച്ചത്.വാങ് യിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അറാഖ്ചിയുടെ ചൈനീസ് സന്ദർശനം. പശ്ചിമേഷ്യയിൽ ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഈ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അമേരിക്കൻ ഉപരോധങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന ഇറാൻ ചൈനയുമായുള്ള വാണിജ്യ, നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ കൂടിക്കാഴ്ചയിൽ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് അനുകൂലമായ നിരവധി വാണിജ്യ, നയതന്ത്ര ധാരണകളിൽ ഇരുവരും എത്തിയേക്കും.
വിവിധ രാജ്യങ്ങളുമായി ഇറാൻ നടത്തിവരുന്ന നയതന്ത്ര ആശയവിനിമയങ്ങളുടെ തുടർച്ചയായാണ് തൻ്റെ ചൈനീസ് സന്ദർശനമെന്ന് അബ്ബാസ് അറാഖ്ചി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിക്കിടെ റഷ്യ, പാകിസ്ഥാൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ അദ്ദേഹം ദിവസങ്ങൾക്ക് മുൻപ് സന്ദർശനം നടത്തിയിരുന്നു. ഈ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി തന്ത്രപ്രധാനമായ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ചൈനയിലേക്ക് തിരിക്കുന്നത്.
റഷ്യയുടെയും പാകിസ്ഥാൻ്റെയും പിന്തുണ
കഴിഞ്ഞ മാസം റഷ്യയിലെ സെൻ്റ് പീറ്റേഴ്സ്ബർഗിലെത്തിയ അറാഖ്ചി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ മോസ്കോ ഒരുക്കമാണെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇറാൻ ജനത തങ്ങളുടെ പരമാധികാരത്തിനായി ധീരമായാണ് പോരാടുന്നതെന്നും പുടിൻ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന അധിനിവേശങ്ങളെക്കുറിച്ചും അദ്ദേഹം പുടിനുമായി സംസാരിച്ചു.മേഖലയിലെ സംഘർഷത്തിൽ ഇറാൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ റഷ്യൻ പിന്തുണയുണ്ടാകുമെന്നും ചർച്ചയിൽ വ്യക്തമായി. ഇതിന് പിന്നാലെ സമാധാന ശ്രമങ്ങൾക്കായുള്ള ആശയവിനിമയങ്ങൾ പാകിസ്ഥാനിലും അറാഖ്ചി ഫലപ്രദമായി പൂർത്തിയാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുനഃരാരംഭിക്കാൻ കഴിയുന്ന പ്രത്യേക സാഹചര്യങ്ങളെക്കുറിച്ചും മുൻകാല സംഭവങ്ങളെക്കുറിച്ചും പാകിസ്ഥാൻ നേതാക്കളുമായി അദ്ദേഹം അവിടെവച്ച് ചർച്ചകൾ നടത്തിയിരുന്നു.
ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷ
തുടർന്ന് സമുദ്രസുരക്ഷ ലക്ഷ്യമാക്കി വിദേശകാര്യ മന്ത്രി ഒമാൻ സന്ദർശിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷയായിരുന്നു ഒമാൻ പര്യടനത്തിലെ പ്രധാന അജണ്ട. ലോകത്തെ ഏറ്റവും നിർണായകവും തിരക്കേറിയതുമായ ഈ കടലിടുക്കിൻ്റെ തീരപ്രദേശങ്ങൾ പങ്കിടുന്ന രാജ്യങ്ങളാണ് ഇറാനും ഒമാനും. അതിനാൽ ഇതുവഴിയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ആഗോളതലത്തിൽ തന്നെ വലിയ വിഷയമായി മാറിയ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനകൾ അനിവാര്യമാണെന്ന് അറാഖ്ചി ചൂണ്ടിക്കാട്ടി.പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്കിടെ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണച്ചുമതലയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഇറാൻ വലിയ പോര് തുടരുകയാണ്. ഇതിനിടയിലാണ് നയതന്ത്ര പങ്കാളികളുമായി കൂടുതൽ മികച്ച ബന്ധം സ്ഥാപിക്കാൻ ഇറാൻ ഒരുങ്ങുന്നത്. മേഖലയിൽ സമാധാനം കൊണ്ടുവരാനും അതിനായി അന്താരാഷ്ട്ര തലത്തിൽ സമ്മർദം ശക്തമാക്കുകയെന്നതുമാണ് ഇറാൻ്റെ ഈ പര്യടനങ്ങളുടെ പ്രധാന ലക്ഷ്യം.