ഇസ്രയേൽ-ലെബനൻ സമാധാന ചർച്ചകൾ മെയ് 14 മുതൽ

വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സമഗ്രമായ സമാധാന സുരക്ഷാ കരാർ ലക്ഷ്യമിട്ട് നിർണായക ചർച്ചയ്ക്കൊരുങ്ങി അമേരിക്ക. ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള അടുത്ത ഘട്ട ചർച്ചകൾ മെയ് 14നും 15നും നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ചർച്ചകൾക്ക് അമേരിക്കയാണ് മധ്യസ്ഥത വഹിക്കുന്നത്.യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 23ന് നടന്ന ആദ്യഘട്ട ചർച്ചകളുടെ തുടർച്ചയായാണ് ഈ നീക്കം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് തോമസ് ടോമി പിഗോട്ടാണ് വിവരങ്ങൾ വ്യക്തമാക്കിയത്. മെയ് 14നും 15നും ഇസ്രയേൽ ലെബനൻ സർക്കാരുകൾ തമ്മിൽ രണ്ട് ദിവസത്തെ തീവ്രമായ ചർച്ചകൾക്ക് അമേരിക്ക സൗകര്യമൊരുക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സമാധാന ശ്രമങ്ങൾ ഇങ്ങനെ
ലെബനന് ആവശ്യമായ മാനുഷിക പുനർനിർമാണ പിന്തുണ, അതിർത്തി നിർണയം, സുരക്ഷാ ക്രമീകരണങ്ങൾ, നീണ്ടുനിൽക്കുന്ന സമാധാനത്തിനായുള്ള ചട്ടക്കൂട് എന്നിവയെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ വിശദമായ ചർച്ചകൾ നടത്തുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ അറിയിപ്പ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി തുടരുന്ന പരാജയപ്പെട്ട സമീപനങ്ങളിൽ നിന്ന് മാറി ചിന്തിക്കുക എന്നതാണ് ഈ ചർച്ചയുടെ മറ്റൊരു പ്രധാന ലക്ഷ്യം. കാരണം അത്തരം സമീപനങ്ങൾ ഹിസ്ബുല്ല ഉൾപ്പെടെയുള്ള സായുധ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും ലെബനീസ് ഭരണകൂടത്തിൻ്റെ അധികാരം ദുർബലപ്പെടുത്തുന്നതിനും ഇസ്രയേലിൻ്റെ വടക്കൻ അതിർത്തികൾക്ക് കടുത്ത ഭീഷണിയാകുന്നതിനും കാരണമായിട്ടുണ്ട്.ലെബനൻ്റെ പരമാധികാരം അവരുടെ പ്രദേശം മുഴുവൻ പുനഃസ്ഥാപിക്കുന്നതിലും ദീർഘകാല സ്ഥിരതയ്ക്ക് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിലും വരാനിരിക്കുന്ന ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ദേശീയ താത്പര്യങ്ങൾ മുൻനിർത്തി സമാധാന പ്രക്രിയയിൽ സജീവമായി ഏർപ്പെടാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണ്. ഇതേസമയം ഇസ്രയേലിന് ശാശ്വതമായ സുരക്ഷയും ലെബനന് പൂർണ്ണ പരമാധികാരവും പുനർനിർമാണ സഹായങ്ങളും ഉറപ്പാക്കാൻ അമേരിക്ക മുൻകൈയെടുക്കും.