സതീശൻ മന്ത്രിസഭയിൽ കെസി ഗ്രൂപ്പിന് അധീശത്വം

 സതീശൻ മന്ത്രിസഭയിൽ കെസി ഗ്രൂപ്പിന് അധീശത്വം

തിരുവനന്തപുരം: നീണ്ട പത്തുവർഷങ്ങൾക്കുശേഷമുള്ള യുഡിഎഫിൻ്റെ തിരിച്ചുവരവിലും തുടർന്നുള്ള സർക്കാർ രൂപീകരണത്തിലും  കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങൾ അപ്പാടെ മാറിമറിയുകയാണ്. പരമ്പരാഗതമായി നിലനിന്നിരുന്ന ഐ, എ ഗ്രൂപ്പ് വീതം വയ്‌പ്പുകളെ പൂർണമായി അപ്രസക്തമാക്കിക്കൊണ്ട്, ഹൈക്കമാൻഡിൻ്റെ വിശ്വസ്‌തനായ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ കടുംവെട്ടിന് മുന്നിൽ കേരളത്തിലെ പ്രമുഖ ഗ്രൂപ്പുകൾക്ക് വഴങ്ങേണ്ടി വന്നു.വി ഡി സതീശൻ മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക പുറത്തുവരുമ്പോൾ സിംഹഭാഗവും കെ സി പക്ഷക്കാരാണ് എന്നത് പാർട്ടി വൃത്തങ്ങളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഡൽഹിയിലെ ചർച്ചകൾ പൂർത്തിയാക്കി പുതിയ മന്ത്രിമാരുടെ അന്തിമ പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകിയപ്പോൾ കെ സി വേണുഗോപാലിൻ്റെ രാഷ്ട്രീയ തന്ത്രങ്ങളാണ് പൂർണമായും വിജയം കണ്ടതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗവും കെ സി പക്ഷത്തോട് വ്യക്തമായ ആഭിമുഖ്യം പുലർത്തുന്നവരാണ്. കെ.പി.സി.സി പ്രസിഡൻ്റും കെ.സി. വേണുഗോപാലിൻ്റെ വിശ്വസ്‌തനുമായ സണ്ണി ജോസഫിന് മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട റവന്യു വകുപ്പ് തന്നെ ലഭിച്ചേക്കും. കെ.സി. വേണുഗോപാലിൻ്റെ ഏറ്റവും അടുത്ത അനുയായിയായ എം. ലിജുവിന് എക്സ്സൈസ് പോലുള്ള ശക്തമായ ഒരു വകുപ്പ് നൽകിയതും ഗ്രൂപ്പ് സ്വാധീനത്തിൻ്റെ തെളിവാണ് . പി.സി. വിഷ്‌ണുനാഥ്, ചാണ്ടി ഉമ്മൻ, എ ഗ്രൂപ്പിൻ്റെ പ്രതിനിധികളായി അറിയപ്പെടുമ്പോഴും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഡൽഹി നേതൃത്വവുമായി മികച്ച ബന്ധം പുലർത്തുന്നവരാണ് ഇവർ.

വനിതാ പ്രതിനിധിയായി ബിന്ദു കൃഷ്‌ണ പട്ടികയിൽ ഇടംപിടിച്ചതും ഡൽഹി ലൈനിൻ്റെ ഭാഗമായാണ്. പരമ്പരാഗത ഐ ഗ്രൂപ്പിൻ്റെ അമരക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് ശക്തമായ ആഭ്യന്തര വകുപ്പും വിജിലൻസും നൽകി തൃപ്‌തിപ്പെടുത്തിയെങ്കിലും ഗ്രൂപ്പിലെ മറ്റ് നേതാക്കൾക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.കെ. മുരളീധരന് വൈദ്യുതി വകുപ്പ് ലഭിച്ചെങ്കിലും അദ്ദേഹം സ്വന്തം നിലപാടുകളുമായി നിൽക്കുന്ന നേതാവാണ്. താൻ വൈദ്യുതി മന്ത്രിയാകാനില്ലെന്ന് ഇതിനോടകം തന്നെ അദ്ദേഹം അതൃപ്‌തി പ്രകടിപ്പിച്ചു കഴിഞ്ഞു. അതേസമയം, തിരുവഞ്ചൂർ രാധാകൃഷ്‌ണനെ സ്‌പീക്കർ പദവിയിലേക്ക് മാറ്റിയതും മാറ്റിയതും പരമ്പരാഗത ഗ്രൂപ്പുകളുടെ ചിറകരിയാൻ വേണ്ടിയുള്ള ഡൽഹി നീക്കത്തിൻ്റെ ഭാഗമായാണെന്ന് വ്യക്തം.മുഖ്യമന്ത്രി വി.ഡി. സതീശനും കെ.സി. വേണുഗോപാലും ചേർന്നുള്ള പുതിയൊരു അധികാര കേന്ദ്രമാണ് ഇതോടെ കേരളത്തിലെ കോൺഗ്രസിൽ ശക്തമാകുന്നത്. പരമ്പരാഗത ഗ്രൂപ്പ് മാനേജർമാരെ നോക്കുകുത്തിയാക്കി, ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണയോടെ കെ.സി പക്ഷം മന്ത്രിസഭയിൽ ഭൂരിപക്ഷം നേടിയത് വരുംദിവസങ്ങളിൽ പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും. എങ്കിലും, നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ തർക്കങ്ങളെല്ലാം മാറ്റിവെച്ച് വികസന അജണ്ടയുമായി മുന്നോട്ടുപോകാനാണ് വി.ഡി. സതീശൻ സർക്കാരിൻ്റെ തീരുമാനം. ഈ 'ഹൈക്കമാൻഡ് സ്പെഷ്യൽ' മന്ത്രിസഭയ്ക്ക് കേരളത്തെ എത്രത്തോളം മുന്നോട്ട് നയിക്കാൻ കഴിയുമെന്നാണ് ഇനി ജനങ്ങൾ ഉറ്റുനോക്കുന്നത്.