'ലെൻസ് മാജിക്'; 'ഖത്തര്‍ ത്രൂ യുവര്‍ ലെൻസ്' മത്സരത്തില്‍ ലക്ഷങ്ങളുടെ സമ്മാനം സ്വന്തമാക്കി നാലു മലയാളികൾ

ദോഹ: ഖത്തറിലെ സ്വദേശികളുടെയും താമസക്കാരുടെയും സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിസിറ്റ് ഖത്തർ സംഘടിപ്പിച്ച 'ഖത്തർ ത്രൂ യുവർ ലെൻസ്' കണ്ടന്‍റ് ക്രിയേഷൻ മത്സരത്തില്‍ നാല് മലയാളികള്‍ മിന്നും വിജയം കൈവരിച്ചു.മത്സരത്തില്‍ ഒന്ന്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ മലയാളികള്‍ നേടി. വൻതുകയാണ് ഇവർക്ക് സമ്മാനമായി ലഭിക്കുക. വീഡിയോ വിഭാഗത്തില്‍ മലയാളികളായ മിഥിലാജ് കൈവേലിക്കല്‍ ഒന്നാം സ്ഥാനവും സജൻ സെബാസ്റ്റ്യൻ മൂന്നാം സ്ഥാനവും സഈദ് ഖാലിദ് നാലാം സ്ഥാനവും മുഹമ്മദ് സിയാൻ അഞ്ചാം സ്ഥാനവും സ്വന്തമാക്കി.
രാജ്യത്തിന്‍റെ തനത് സംസ്കാരം, ജീവിതശൈലി, വേറിട്ട അനുഭവങ്ങള്‍ എന്നിവ ജനങ്ങളുടെ കണ്ണിലൂടെ പുനരാവിഷ്കരിക്കുക എന്നതായിരുന്നു മത്സരത്തിന്‍റെ ലക്ഷ്യം. ആകെ 6,00,000 ഖത്തർ റിയാല്‍ ആണ് സമ്മാനത്തുകയായി നല്‍കുന്നത്.കണ്ണൂർ പാനൂർ സ്വദേശിയാണ് ഒന്നാം സ്ഥാനം നേടിയ മിഥിലാജ് കൈവേലിക്കല്‍. മൂന്നാം സ്ഥാനം സ്വന്തമാക്കിയ സജൻ സെബാസ്റ്റ്യൻ കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഖത്തറിലുള്ള ഇദ്ദേഹം മീഡിയ പ്രൊഡക്ഷൻ കമ്പനിയിലെ പ്രൊഡക്ഷൻ ഹെഡ് ആയി ജോലി ചെയ്ത് വരികയാണ്. തൃശൂർ വലപ്പാട് സ്വദേശിയായ സഈദ് ഖാലിദിനാണ് നാലാം സ്ഥാനം. കഴിഞ്ഞ 14 വർഷമായി ഖത്തറില്‍ താമസിച്ച് വരുന്ന ഇദ്ദേഹം 12 വർഷക്കാലം എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം കൊണ്ട് നിലവില്‍ ഖത്തർ എയർവേയ്സില്‍ കണ്ടന്‍റ് ക്രിയേറ്ററായി ജോലി ചെയ്യുന്നു.
അഞ്ചാം സ്ഥാനം സ്വന്തമാക്കിയ മുഹമ്മദ് സിയാൻ ഖത്തറില്‍ തന്നെയാണ് ജനിച്ച് വളർന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയാണ്. വിദ്യാർത്ഥിയായ ഇദ്ദേഹം നിലവില്‍ ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പുകളിലാണ്. ആർട്ട് ആൻഡ് കള്‍ച്ചർ വിഭാഗത്തില്‍പ്പെട്ട വീഡിയോയാണ് സിയാനെ വിജയിയാക്കിയത്. മത്സരങ്ങളിലെല്ലാം സ്ഥിരമായി പങ്കെടുക്കുന്ന സിയാന് ഈ വിജയം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.കഴിഞ്ഞ വർഷം ഒക്ടോബർ 1 മുതല്‍ ഡിസംബർ 20 വരെയാണ് രാജ്യവ്യാപകമായി ഈ മത്സരം സംഘടിപ്പിച്ചത്. ഖത്തറിന്റെ വിവിധ കോണുകളില്‍ നിന്നായി 1,300-ലധികം മത്സരാർത്ഥികളാണ് തങ്ങളുടെ ക്രിയേറ്റീവ് വർക്കുകളുമായി രംഗത്തെത്തിയത്. ഖത്തറിന്‍റെ സൗന്ദര്യവും തനിമയും വിളിച്ചോതുന്നതായിരുന്നു ഓരോ എൻട്രികളും.ഖത്തറിന്‍റെ രാത്രിഭംഗി മനോഹരമായ കടല്‍ത്തീരങ്ങള്‍, കലയും പാരമ്പര്യവും, കായിക മാമാങ്കങ്ങള്‍, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ തീമുകളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരങ്ങള്‍.
വീഡിയോ വിഭാഗത്തിലെ വിജയികള്‍
വീഡിയോ വിഭാഗത്തില്‍ മിഥിലാജ് കൈവേലിക്കല്‍ ഒന്നാം സ്ഥാനം (150,000 റിയാല്‍) കരസ്ഥമാക്കി. ഹംസ മൂസാവിയാണ് രണ്ടാം സ്ഥാനത്ത് (70,000 റിയാല്‍). സജൻ സെബാസ്റ്റ്യൻ (50,000 റിയാല്‍), സഈദ് ഖാലിദ് (30,000 റിയാല്‍), മുഹമ്മദ് സിയാൻ (10,000 റിയാല്‍) എന്നിവർ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ നേടി. ആറ് മുതല്‍ പത്ത് വരെ സ്ഥാനക്കാർക്ക് 5,000 റിയാല്‍ മൂല്യമുള്ള വൗച്ചറുകള്‍ ലഭിച്ചു. ഫലാഹ് മൈദ് എഫ് ആർ അല്‍-അഹ്ബാബി, ഹിഷാം തമിൻ, മോംഗി ചബാനെ, മ്ന്യാർ അല്‍സമീർ, ഹാദി അബി വാർഡെ എന്നിവരാണ് ഈ സ്ഥാനങ്ങളിലെത്തിയത്.
സ്റ്റില്‍ ഫോട്ടോഗ്രഫി വിഭാഗം വിജയികള്‍
ഫോട്ടോഗ്രഫി വിഭാഗത്തില്‍ അമീർ ഹമീദ് അല്‍-മുബാറക് സുലൈമാൻ ഒന്നാം സ്ഥാനം (100,000 റിയാല്‍) നേടി. പൗള ബ്ലാഞ്ച് വലൻസിയ രണ്ടാം സ്ഥാനവും (60,000 റിയാല്‍), മുനീറ യാക്കൂബ് അലോബൈദ്ലി മൂന്നാം സ്ഥാനവും (40,000 റിയാല്‍) കരസ്ഥമാക്കി. ഒസാമ അല്‍സറോരി (20,000 റിയാല്‍), ഖാലിദ് യൂസിഫ് സഖർ (10,000 റിയാല്‍) എന്നിവർ അടുത്ത സ്ഥാനങ്ങള്‍ നേടി. ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങള്‍ നേടിയ നോഹ ഇബ്രാഹിം ഹമീദ് നാസർ, നാസർ അഖീല്‍ അല്‍-ഇമാദി, അഹമ്മദ് നാഗി മുഹമ്മദ് റമദാൻ, ഫാരിസ് എം.പി, വസീം അല്‍ഖുദർ എന്നിവർക്ക് 5,000 റിയാല്‍ മൂല്യമുള്ള വൗച്ചറുകള്‍ ലഭിച്ചു.ഖത്തറിലെ ജനങ്ങളുടെ സ്നേഹവും സാംസ്കാരിക സമൃദ്ധിയും ദൈനംദിന ജീവിതത്തിലെ ലളിതമായ മുഹൂർത്തങ്ങളും മനോഹരമായ ദൃശ്യങ്ങളിലൂടെ പകർത്തിയെടുക്കാൻ മത്സരാർത്ഥികള്‍ക്ക് സാധിച്ചുവെന്ന് വിസിറ്റ് ഖത്തർ വിലയിരുത്തി. തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ അനുഭവങ്ങളെ ആകർഷകമായ വിഷ്വല്‍ സ്റ്റോറികളാക്കി മാറ്റിയ പ്രതിഭകളുടെ കഴിവിനെ അധികൃതർ അഭിനന്ദിച്ചു.