കുടകിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മാർത്താണ്ഡ ചരിഞ്ഞു

കുടക്: കർണാടകയിലെ കുടക് ജില്ലയിലുള്ള പ്രശസ്തമായ ദുബാരെ ആനവളർത്തൽ കേന്ദ്രത്തിൽ തിങ്കളാഴ്ച ആനകൾ തമ്മിലുണ്ടായ ദാരുണമായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മാർത്താണ്ഡ എന്ന മുപ്പത്തിനാലുകാരനായ ആന ചരിഞ്ഞു.കാവേരി നദിയിൽ ആനകളെ പതിവുപോലെ കുളിപ്പിക്കുന്നതിനിടെയാണ് കഞ്ചൻ എന്ന ആന മാർത്താണ്ഡയെ ക്രൂരമായി ആക്രമിച്ചത്. വന്യജീവി വിദഗ്ധരുടെ മേൽനോട്ടത്തിൽ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ആന്തരിക രക്തസ്രാവവും ഹൃദയസ്തംഭനവും മൂലം ചൊവ്വാഴ്ച രാവിലെ മാർത്താണ്ഡ മരണത്തിന് കീഴടങ്ങുകയായിരുന്നു.ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്ന കഞ്ചന്‍റെ തുടർച്ചയായ ആക്രമണത്തിൽ മാർത്താണ്ഡയ്ക്ക് ഗുരുതരമായ ആന്തരിക പരിക്കുകൾ പറ്റിയിരുന്നതായും അമിതമായി ചോര വാർന്നുപോയത് നില വഷളാക്കിയതായും വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. മുൻപ് ഹാസൻ ജില്ലയിലെ ആളൂരിൽ നിന്ന് പിടികൂടിയ മാർത്താണ്ഡയെ 2023 ലാണ് ദുബാരെ ക്യാമ്പിൽ എത്തിച്ചത്. ആക്രമണം നടത്തിയ കഞ്ചൻ മുൻപ് മൈസൂരു ദസറ ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുള്ള പ്രശസ്തനായ ആനയാണ്.
ദാരുണമായ സംഭവത്തിനിടയിൽ തമിഴ്‌നാട്ടിലെ ചെന്നൈ പല്ലാവരം സ്വദേശിനിയായ ജന്നിസി (തുളസി - 33) എന്ന വനിതാ വിനോദസഞ്ചാരിയും കൊല്ലപ്പെട്ടിരുന്നു. ഭർത്താവിനും മൂന്ന് വയസ്സുള്ള മകൾക്കുമൊപ്പം രണ്ടു ദിവസത്തെ കുടക് യാത്രയ്ക്കായി എത്തിയതായിരുന്നു ജന്നിസി. കാവേരി നദീതീരത്ത് ആനകളെ കുളിപ്പിക്കുന്നത് കാണാൻ നൂറുകണക്കിന് വിനോദസഞ്ചാരികൾക്കൊപ്പം എത്തിയതായിരുന്നു ഈ കുടുംബം.
പെട്ടെന്ന് ആനകൾ തമ്മിൽ വഴക്കുണ്ടാകുകയും കഞ്ചന്‍റെ ശക്തമായ ഇടികൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ട മാർത്താണ്ഡ നദിയിലേക്ക് മലർന്നടിച്ച് വീഴുകയുമായിരുന്നു. ഈ സമയം പരിഭ്രാന്തരായി ഓടിയ വിനോദസഞ്ചാരികൾക്കിടയിൽ പെട്ടുപോയ ജന്നിസി വീണുകിടന്ന മാർത്താണ്ഡയുടെ അടിയിൽ യാദൃശ്ചികമായി പെട്ടുപോയി. പാപ്പാന്മാരായ എം. ഘോഷും വിജയ് കുമാറും ചേർന്ന് ആനകളെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഞ്ചൻ ആക്രമണം തുടർന്നതിനാൽ ആർക്കും ജന്നിസിയെ രക്ഷിക്കാൻ അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല.സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് ജോയൽ മകളെ വേഗത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ജന്നിസിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. മൃതദേഹം കുശാലനഗർ താലൂക്ക് സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മരിച്ച ജന്നിസിയുടെ കുടുംബത്തിന് വനംവകുപ്പ് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.ഈ വൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കർണാടക വനംവകുപ്പ് കടുത്ത സുരക്ഷാ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. ദുബാരെ ആനവളർത്തൽ കേന്ദ്രം രണ്ടു ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടാനും വിനോദസഞ്ചാരികൾക്ക് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താനും അധികൃതർ ഉത്തരവിട്ടു.