"സനാതനധർമ്മ പരാമർശത്തിൽ,ഉദയനിധി വ്യക്തത വരുത്തണo": ആദവ് അർജുന

"സനാതനധർമ്മ പരാമർശത്തിൽ,ഉദയനിധി വ്യക്തത വരുത്തണo":  ആദവ് അർജുന

ചെന്നൈ: നിയമസഭയിൽ സനാതനധർമ്മത്തെ തുടച്ച് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പറഞ്ഞതിൽ വ്യക്തത വേണമെന്ന് തമിഴ്‌നാട് മന്ത്രിയും ടിവികെ ജനറൽ സെക്രട്ടറിയുമായ ആദവ് അർജുന. ഉദയനിധി സ്‌റ്റാലിന് സനാതനധർമ്മം എന്താണെന്ന് അറിയില്ല. നോർത്ത് ഇന്ത്യയിൽ സനാതനധർമ്മം എന്നാൽ ഹിന്ദു എന്നാണ്.എന്നാൽ തമിഴ്‌നാടിൻ്റെ രാഷ്‌ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ സനാതനധർമ്മം പലപ്പോഴും അസമത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. തമിഴ്‌നാട് എന്നും മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നു. എല്ലാ മനുഷ്യരെയും വിവേചനങ്ങളില്ലാതെ തുല്യരായിയാണ് തമിഴ്‌നാട് സർക്കാർ കാണുന്നത്. തമിഴ് രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനം തന്നെ സമത്വവുമായി ചേർന്ന് നിൽക്കുന്നു. ഹിന്ദുവും, ക്രിസ്ത്യാനിയും, മുസൽമാനുമെല്ലാം ഇവിടെ ഒരുപോലെയാണെന്നും അതുകൊണ്ട് സനാതനധർമ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിൻ്റെ പരാമർശത്തിൽ വ്യക്തത വേണമെന്നും ആദവ് അർജുന മാധ്യമങ്ങളോട് പറഞ്ഞു."വ്യക്തിപരമായി ഞാന്‍ ദൈവങ്ങളിൽ വിശ്വസിക്കുന്നില്ല. എന്നാൽ ഒരു മന്ത്രി എന്ന നിലയിൽ ഞാന്‍ എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു. ഞങ്ങൾ ഹിന്ദുക്കൾക്ക് എതിരല്ല. എന്നാൽ ഒരു മതത്തെ മാത്രം ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വത്തിനെതിരാണ്. ഞങ്ങൾ അസമത്വത്തിനെതിരെയാണ്. പക്ഷേ ഞങ്ങൾ ഒരു മതത്തിനും എതിരല്ല," ആദവ് അർജുന കൂട്ടിച്ചേർത്തു.

"വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന തമിഴ്‌നാട്ടിലെ രാഹുൽ ഗാന്ധിയാണ് ഉദയനിധി"

ജനങ്ങളെ തമ്മിൽ പിരിക്കുന്ന സനാതനധർമ്മം ഇല്ലാതാക്കണമെന്ന ഉദയനിധി സ്റ്റാലിൻ്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സിആർ കേശവന്‍. ഉദയനിധി സ്റ്റാലിൻ്റെ വാക്കുകളെ വിഷലിപ്‌തമായ വാക്കുകൾ എന്ന് വിളിച്ചുകൊണ്ടാണ് സിആർ കേശവന്‍ രംഗത്തെത്തിയത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന തമിഴ്‌നാട്ടിലെ രാഹുൽ ഗാന്ധിയാണ് ഉദയനിധി സ്റ്റാലിന്‍.രാഹുൽ ഗാന്ധി പവിത്രമായ സെങ്കോളിനെ കളിയാക്കുകയും, റാം മന്ദിറിലെ പ്രാന്‍ പ്രതിഷ്‌ഠ ചടങ്ങിനെ പരിഹസിക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്‌തു. മൂന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ നിന്നും പിന്തള്ളപ്പെട്ട രാഹുൽ ഗാന്ധിയെ പോലെ തമിഴ് ജനത ഉദയനിധിസ്റ്റാലിനെ ശിക്ഷിച്ച് പുറത്താക്കിയിട്ടും അയാൾ വിഷലിപ്‌തമായ വാക്കുകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു.തമിഴ്‌നാട്ടിൽ ദീപാവലിക്ക് കാർത്തിക ദീപം കത്തിക്കുന്നതിന് എതിര് നിന്ന ഒരു സർക്കാരിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്. ഇതിന് മുൻപും ഡിഎംകെ എംപി ഹിന്ദുത്വം ലോകത്തിന് ഭീഷണിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും, ക്ഷേത്രം സംസ്ഥാന ചിഹ്നമായ തമിഴ്‌നാട്ടിലെ ജനങ്ങൾ അവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഈ പരിഹാസങ്ങൾ ഒരിക്കലും മറക്കുകയോ ക്ഷമിക്കുകയോ ചെയ്യില്ലെന്നും സിആർ കേശവന്‍ പറഞ്ഞു.