സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എം.എൽ.എ വി. ജോയി തന്നെ തുടരുo

സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എം.എൽ.എ വി. ജോയി തന്നെ തുടരുo

തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എം.എൽ.എ വി. ജോയി തന്നെ തുടരുമെന്ന് പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനം . സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പിണറായി വിജയൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത എ.കെ.ജി സെന്ററിലെ സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക ധാരണയിലെത്തിയത്. ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കും ആകാംഷകൾക്കും ഈ തീരുമാനത്തോടെ വിരാമമായിരിക്കുകയാണ്. നാളെ ചേരുന്ന സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യും.നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി വി. ജോയി താൽക്കാലികമായി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്ന സാഹചര്യത്തിൽ, രാജ്യസഭാംഗമായ എ.എ. റഹീമായിരുന്നു പകരം ചുമതല വഹിച്ചിരുന്നത്. സാധാരണഗതിയിൽ എം.എൽ.എമാർ ജില്ലാ സെക്രട്ടറി പദവിയിൽ തുടരാറില്ലെന്നതാണ് സി പി എമ്മിന്റെ കീഴ്വഴക്കം. എന്നാൽ, തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഘടകത്തിലുള്ള രൂക്ഷമായ വിഭാഗീയ തർക്കങ്ങളും സംഘടനാപരമായ സങ്കീർണ്ണതകളും പരിഗണിച്ച്, പാർട്ടിയുടെ ഐക്യം മുൻനിർത്തി വി. ജോയിയെ തന്നെ തൽസ്ഥാനത്ത് നിലനിർത്താൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഈ നിർദ്ദേശം അവതരിപ്പിക്കുന്നതോടെ തുടർനടപടികൾ പൂർത്തിയാകും.