മോദിക്ക് ഇറ്റലിയിൽ മിഠായി വിതരണം, യുവാക്കൾ ഇവിടെ തെരുവിൽ '; നീറ്റ് വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. പേപ്പർ ചോർച്ചയിൽ നീതി തേടി ഇന്ത്യയിലെ യുവാക്കൾ തെരുവിലിറങ്ങുമ്പോൾ മോദിജി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മോദി ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
"മോദിജി ഇറ്റലിയിൽ മിഠായികൾ വിതരണം ചെയ്യുമ്പോൾ, പേപ്പർ ചോർച്ചയിൽ വലയുന്ന ഇന്ത്യയിലെ യുവാക്കൾ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങുകയായിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നശിപ്പിച്ചു. നിരവധി കുട്ടികൾക്ക് ജീവൻ നഷ്‌ടപ്പെട്ടു. ഇതിൽ മോദിജി ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ധർമ്മേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കുകയോ ചെയ്‌തിട്ടില്ല", രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ലാത്തികൊണ്ട് ഉത്തരം നൽകുന്ന ഒരു സർക്കാരാണിത്. അവർ ഉത്തരവാദിത്തത്തോടെയല്ല, പകരം ഭയത്തോടെയാണ് പ്രവർത്തിക്കുന്നത്. പക്ഷെ, ഞങ്ങൾക്ക് ഭയമില്ല. ധർമ്മേന്ദ്ര പ്രധാൻ രാജിവച്ച് രാജ്യത്ത് ചോദ്യപേപ്പർ ചോർച്ച തടയാൻ ശക്തവും സുരക്ഷിതവുമായ ഒരു സംവിധാനം സ്ഥാപിക്കുന്നതുവരെ ഞങ്ങൾ പ്രതിഷേധം നിർത്തില്ലെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. തങ്ങളുടെ പോരാട്ടം, പരാജയപ്പെട്ട സർക്കാർ ഭാവി കവർന്നെടുത്ത ഓരോ വിദ്യാർത്ഥിക്കും വേണ്ടിയുള്ളതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജയ്‌പൂരിൽ ബിജെപി ആസ്ഥാനത്തിന് പുറത്ത് നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെയും എൻഎസ്‌യുഐ പ്രവർത്തകരെയും പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി ഉപയോഗിച്ചിരുന്നു. പേപ്പർ ചോർച്ചയിൽ ധർമ്മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു.
രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ മേയ് മൂന്നിന് എഴുതിയ നീറ്റ് യുജി 2026 പരീക്ഷയാണ് അതിവിപുലമായ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും പിന്നാലെ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ റദ്ദാക്കിയത്.പരീക്ഷാ നടത്തിപ്പിലെ വൻ വീഴ്‌ചകൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് സമഗ്രമായ അന്വേഷണം കേന്ദ്ര ഏജൻസിയായ സിബിഐയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. തുടർന്ന് ജൂൺ 21-ന് രാജ്യവ്യാപകമായി നീറ്റ് യുജി പുനഃപരീക്ഷ നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.