സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കണം എന്ന ആവശ്യവുമായി എംഎസ്‌സി എൽസ-3 ചരക്കുകപ്പലിലെ ജീവനക്കാർ ഹൈക്കോടതിയിൽ

എറണാകുളം: എംഎസ്‌സി എൽസ 3 എന്ന വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി തീരത്ത് കഴിഞ്ഞ വർഷം മേയിൽ മുങ്ങിയ ചരക്കി കപ്പലാണ് എംഎസ്‌സി എൽസ 3. തങ്ങളെ ഒരു വർഷത്തോളമായി നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും പാസ്‌പോർട്ടുകൾ തിരികെ നൽകാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് കപ്പലിലെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള റഷ്യ, ഉക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് സ്വദേശികളായ ജീവനക്കാരാണ് ഹർജി നൽകിയത്.
കടൽ മലിനീകരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത ക്രിമിനൽ കേസിൽ കപ്പലിൻ്റെ മാസ്റ്റർ ഒഴികെ മറ്റാരെയും എഫ്‌ഐആറിൽ പ്രതി ചേർത്തിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചിട്ടും 11 മാസമായി കൊച്ചിയിൽ തുടരാൻ നിർബന്ധിതരാവുകയാണെന്നും ഹർജിയിൽ പറയുന്നു. ജീവനക്കാരുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.ഹർജി മെയ് 29-ന് കോടതി വീണ്ടും പരിഗണിക്കും. ലൈബീരിയൻ കപ്പൽ മുങ്ങിയതിനെത്തുടർന്ന് വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടായതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്. അതിനിടെയാണ് കപ്പൽ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
എംഎസ് സി എല്‍സ 3 അപകടം
2025 മെയ് 24നാണ് എംഎസ്‌സി എൽസ3 ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടത്. കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ആയിരുന്നു കപ്പല്‍ അപകടം. കണ്ടെയ്‌നറുകൾ ഒഴുകി നടന്ന് മത്സ്യത്തൊഴിലാളികള്‍ക്കടക്കം പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. രാസമാലിന്യങ്ങള്‍ അടങ്ങിയ വെച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്‌ത് സൂക്ഷിച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയക്കുകയും ചെയ്‌തിരുന്നു. തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, മംഗളൂരു കടൽമാർഗം സർവീസ് നടത്തുന്ന എംഎസ്‌സി എൽസ3 ൽ 643 കണ്ടെയ്‌നറുകളായിരുന്നു ഉണ്ടായിരുന്നത്.