ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി,പ്രതിക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി വനാതിർത്തിയിൽ തള്ളി . ലഖ്‌നൗ നഗരാതിർത്തിയിലെ വനമേഖലയിൽ നിന്ന് ഇന്ന് യുവതിയുടെ അസ്ഥികൂടവും വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനായ വിശാൽ പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു.
സീതാപൂർ ജില്ലയിലെ സന്ദാന സ്വദേശിയായ യുവതിയെ കഴിഞ്ഞ മെയ് 25 മുതലാണ് കാണാതായത്. സാധാരണപോലെ കോളേജിലേക്ക് പോയ യുവതി വൈകുന്നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് ആശങ്കയിലായ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ സുഹൃത്തും സീതാപൂർ സ്വദേശിയായ വിശാൽ പാലിലേക്ക് പോലീസ് എത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.