നിയമസഭയിൽ കരുത്ത് തെളിയിക്കണം :തമിഴ്‌നാട്ടിൽ വിജയ് സർക്കാറിന് ഇന്ന് നിർണായക ദിനം

 നിയമസഭയിൽ കരുത്ത് തെളിയിക്കണം :തമിഴ്‌നാട്ടിൽ വിജയ് സർക്കാറിന് ഇന്ന് നിർണായക ദിനം

ചെന്നൈ: വിജയ് സർക്കാരിന് ഇന്ന് നിർണായക ദിനം. മുഖ്യമന്ത്രി സി. ജോസഫ് വിജയിൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൻ്റെ ആദ്യ സഭാ ബലപരീക്ഷണവും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് നടക്കും.ചെന്നൈ തൗസൻഡ് ലൈറ്റ്സ് എംഎൽഎ ജെ.സി.ഡി പ്രഭാകറിനെയാണ് ടിവികെ സ്പീക്കർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തവണ നിയമസഭയിലെത്തുന്ന പ്രഭാകർ മുതിർന്ന നേതാവാണെന്നും അനുയോജ്യനായ സ്ഥാനാർഥിയാണെന്നും ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ ഇന്നലെ വ്യക്തമാക്കിയിരുന്നു . ഇതിനിടെ എഐഎഡിഎംകെയിലെ പിളർപ്പിൽ പ്രോടേം സ്പീക്കർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. എസ്.പി വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് 30 എംഎൽഎമാരും ഇ.പി.എസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.

വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ), ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ) എന്നീ പാർട്ടികളിൽ നിന്ന് പിന്തുണ വ്യക്തമാക്കുന്ന കത്ത് ലഭിച്ചിട്ടില്ല. ഇരുപാർട്ടികൾക്കും രണ്ട് വീതം എംഎൽഎമാരാണുള്ളത്. എന്നാൽ സിപിഐ, സിപിഎം എന്നീ ഇടതുപാർട്ടികളുടെ പൂർണ പിന്തുണ വിജയ് ഉറപ്പാക്കിയിട്ടുണ്ട്. നാല് സീറ്റുകളാണ് ഇവർക്കുള്ളത്. കൂടാതെ അഞ്ച് സീറ്റുള്ള കോൺഗ്രസും വർഗീയ ശക്തികളുമായി കൂട്ടുകൂടില്ലെന്ന ഉറപ്പിൽ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

234 അംഗ സഭയിൽ 108 സീറ്റുകൾ നേടിയാണ് 62 വർഷത്തെ ദ്രാവിഡ പാർട്ടികളുടെ (ഡിഎംകെ, എഐഎഡിഎംകെ) ആധിപത്യം തകർത്ത് ടിവികെ അധികാരത്തിലെത്തിയത്. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവാണുള്ളത്. ഡിഎംകെ സഖ്യത്തിലായിരുന്ന വിസികെയുടെയും ഇടതുപാർട്ടികളുടെയും നിലപാടാണ് ഇപ്പോൾ നിർണായകം.

സഖ്യം ഉപേക്ഷിച്ച് ഡിഎംകെ

ടിവികെയ്ക്ക് പിന്തുണ നൽകിയതിന് പിന്നാലെ കോൺഗ്രസുമായുള്ള വർഷങ്ങൾ നീണ്ട സഖ്യം ഡിഎംകെ അവസാനിപ്പിച്ചു.

ടാസ്മാക് കടകൾ പൂട്ടാൻ തീരുമാനം

ഭരണത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്തെ 500 ടാസ്മാക് (മദ്യവിൽപ്പന) കടകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ് തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ലഹരിമരുന്ന് ഉപയോഗം ഇല്ലാതാക്കുന്നതിനുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. ഇതിനായി സിംഗപ്പെൺ സുരക്ഷാ സേനയും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി എല്ലാ ജില്ലകളിലും പ്രത്യേക സമിതികളും രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുൻ ഡിഎംകെ സർക്കാരിൻ്റെ കാലത്ത് യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വലിയ തോതിൽ വർധിച്ചതായി ആരോപണം ഉയർന്നിരുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന ടാസ്മാക് കടകളാണ് ആദ്യഘട്ടത്തിൽ പൂട്ടുക. സംസ്ഥാനത്ത് 4,829 ടാസ്മാക് കടകളാണ് നിലവിലുള്ളത്. ഇതിലൂടെ പ്രതിമാസം നാല് കോടി രൂപയുടെ വരുമാനവും കഴിഞ്ഞ സാമ്പത്തിക വർഷം 48,344 കോടി രൂപയും സർക്കാരിന് ലഭിച്ചതായാണ് കണക്കുകൾ. വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൻ്റെയും പൂർണ മദ്യനിരോധനം നടപ്പിലാക്കുന്നതിൻ്റെയും ഭാഗമായാണ് പുതിയ തീരുമാനം.ഇതിനൊപ്പം അനധികൃത മദ്യവിൽപ്പന തടയാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. 2016ൽ എഐഎഡിഎംകെ സർക്കാർ കടകളുടെ സമയം രാവിലെ 10ൽ നിന്നും 12 ആയി ചുരുക്കിയിരുന്നു. 2021ൽ ഡിഎംകെ സർക്കാർ 500 കടകൾ പൂട്ടിയെങ്കിലും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വർധിച്ചത് ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു.