പുതുച്ചേരിയിൽ അഞ്ചാം തവണയും മുഖ്യമന്ത്രിയാകാൻ ഒരുങ്ങി എൻ രംഗസ്വാമി

പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ അഞ്ചാം തവണയും മുഖ്യമന്ത്രിയാകാൻ ഒരുങ്ങി എൻ രംഗസ്വാമി. തട്ടാഞ്ചാവടി മണ്ഡലത്തിൽ നിന്നാണ് രംഗസ്വാമി മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പാർട്ടിയായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് (എഐഎൻആർസി) മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇതോടെ വീണ്ടും ഭരണ തുടർച്ച ഉറപ്പിച്ചിരിക്കുകയാണ് എൻഡിഎ.
ആകെയുള്ള 23,578 വോട്ടുകളിൽ 4,441 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം കോൺഗ്രസ് പ്രതിനിധി വി വൈത്തിലിംഗത്തെ പരാജയപ്പെടുത്തി മുന്നിലെത്തിയത്. മുൻ വർഷത്തെ തെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചതെന്ന പ്രത്യേകതയും രംഗസ്വാമി നേടിയിരിക്കുകയാണ്. തൊട്ട് പിന്നാലെ 5,583 ലധികം വോട്ടുകൾ നേടി എൻഎംകെ സ്ഥാനാർഥി ഇ വിനായകവുമുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ മത്സരിച്ച 16 സീറ്റുകളിൽ 12 എണ്ണത്തിലും ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് വിജയം നേടി.മത്സരിച്ച 10 സീറ്റുകളിൽ നാലെണ്ണത്തിലും ബിജെപിയും എൻഡിഎയിലെ മറ്റ് ഘടകകക്ഷികളായ എഐഎഡിഎംകെയും ലാച്ചിയ ജനനായഗ കച്ചിയും (എൽജെകെ) ഓരോ സീറ്റ് വീതം നേടി. ആകെ 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പുതുമുഖ രാഷ്ട്രീയ സംഘടനയായ ടിവികെ രണ്ട് സീറ്റുകൾ നേടിയപ്പോൾ പാർട്ടി പിന്തുണച്ച മക്കൾ നെയ കഴകം ഒരു സീറ്റ് നേടി. നെടുങ്കാട് സംവരണ മണ്ഡലം, കദിർക്കാമം, മാഹി മേഖല എന്നിവിടങ്ങളിൽ നിന്ന് മൂന്ന് സ്വതന്ത്രർ തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ ഒമ്പതിനായിരുന്നു തെരഞ്ഞെടുപ്പ്.
പുതുച്ചേരി രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് രംഗസ്വാമി.ടാഗോർ ആർട്‌സ് കോളജിൽ നിന്ന് കൊമേഴ്‌സ് ബിരുദവും 1977-ൽ പുതുച്ചേരിയിലെ ഡോ അംബേദ്കർ ഗവൺമെൻ്റ് ലോ കോളജിൽ നിന്ന് നിയമ ബിരുദവും നേടി. ഇതിനിടയിലാണ് രാഷ്‌ട്രിയത്തിലേക്ക് കടന്ന് വരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് തുടക്കം. 2001-ൽ ആദ്യമായി പുതുച്ചേരി മുഖ്യമന്ത്രിയായി. പിന്നീട് അങ്ങോട്ട് 2008 വരെയും അദ്ദേഹം തന്നെയായിരുന്നു മുഖ്യമന്ത്രി. എന്നാൽ കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2011-ൽ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് (AINRC) എന്ന പാർട്ടി രൂപീകരിച്ചു. കഴിഞ്ഞ പത്ത് വർഷത്തിലേറയായി അദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി തുടരുന്നു.