നീറ്റ് ചോർച്ച; ചോദ്യപേപ്പർ തയ്യാറാക്കിയ 28 പേരുടെ വിവരങ്ങൾ സിബിഐക്ക്

ന്യു ഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുടെ ഉറവിടം ദേശീയ പരീക്ഷാ ഏജൻസി തന്നെയാണെന്ന സിബിഐ കണ്ടെത്തലോടെ കേസിൽ നിർണ്ണായക വഴിത്തിരിവ്. അന്വേഷണത്തിന്റെ ഭാഗമായി രസതന്ത്ര ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരിഭാഷകരും ഉൾപ്പെടെ 28 പേരുടെ വിവരങ്ങൾ എൻടിഎ സിബിഐക്ക് കൈമാറി.രസതന്ത്ര പരീക്ഷയിലെ എല്ലാ ചോദ്യങ്ങളും ചോർന്ന മാതൃക ചോദ്യപേപ്പറിന് സമാനമാണെന്ന് സിബിഐ കണ്ടെത്തി. ഇത് എൻടിഎയ്ക്കുള്ളിൽ നിന്ന് തന്നെ വിവരങ്ങൾ പുറത്തുപോയി എന്ന നിഗമനത്തെ ബലപ്പെടുത്തുന്നു. എൻടിഎ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും അവരുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും നിലവിൽ നിരീക്ഷണത്തിലാണ്.
മഹാരാഷ്ട്രയിലെ നാഗ്പൂർ, ചന്ദ്രപൂർ എന്നിവിടങ്ങളിൽ പണം നൽകി ചോദ്യപേപ്പർ വാങ്ങിയെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളുടെ വീടുകളിൽ സിബിഐ പരിശോധന നടത്തി. ചിലരെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. എൻടിഎ വിവരങ്ങൾ കൈമാറിയ 28 പേരെയും ഉടൻ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും. പരീക്ഷാ ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ചോദ്യപേപ്പറുകൾ കൊണ്ടുപോകുന്നതിന് പ്രത്യേക സുരക്ഷാ പ്രോട്ടോക്കോൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകി. പുനഃപരീക്ഷാ നടപടികളും യോഗത്തിൽ ചർച്ചയായി.