തമിഴ്‌നാട്ടില്‍ പുതിയ സർക്കാർ; 17-ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്

ചെന്നൈ : തമിഴ്‌നാട്ടില്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറുന്നു. 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്കാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്‌ത് പ്രവേശിക്കുന്നത്. പ്രോ-ടെം സ്‌പീക്കറായി നിയമിതനായ ഷോളവന്ദനിൽ നിന്നുള്ള ടിവികെ നിയമസഭാംഗം എംവി കറുപ്പയ്യ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.17-ാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനവും ഇന്ന് നടക്കും. ഇന്നലെ ആണ് മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയത്. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ ആണ് പ്രതിപക്ഷ നേതാവ്.
ഏപ്രില്‍ 23നായിരുന്നു തമിഴ്‌മനാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ടിവികെയുടെ ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 108 സീറ്റുകള്‍ പിടിച്ചാണ് ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ കോൺഗ്രസ്, വിസികെ, ഇടതുപക്ഷ പാർട്ടികൾ, ഐയുഎംഎൽ എന്നിവയുടെ സഹായത്തോടെ വിജയ് സർക്കാർ രൂപീകരിക്കുകയായിരുന്നു.
പെരമ്പൂർ, തിരുച്ചിറപ്പളളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ ആയിരുന്നു വിജയ് മത്സരിച്ചത്. രണ്ട് സീറ്റിലും വിജയ് തന്നെ വിജയിച്ചു. തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നിന്ന് രാജിവച്ചും പെരമ്പൂർ നിലനിർത്തിയുമാണ് വിജയ് നിയസഭയിലേക്കെത്തിയത്. സുതാര്യമായൊരു സർക്കാരാണ് തന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ വിജയ് പറഞ്ഞു. പ്രസംഗത്തില്‍ ഡിഎംകെയ്‌ക്ക് നേരെ ആക്രമണവും വിജയ് നടത്തിയിരുന്നു. സംസ്ഥാനത്തിന്‍റെ ഖജനാവ് കാലിയാക്കിയാണ് ഡിഎംകെ സർക്കാർ ഇറങ്ങിയതെന്നായിരുന്നു വിജയ്‌യുടെ ആരോപണം.
"എല്ലാം അവലോകനം ചെയ്‌ത ശേഷം, ജനങ്ങൾക്കായി ഒരു ധവളപത്രം പുറത്തിറക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. എന്‍റെ സർക്കാർ സുതാര്യമായ ഒരു സർക്കാരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതാണ് ആദ്യം ചെയ്യേണ്ടത്. തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം, എനിക്ക് ആരെയെങ്കിലും കാണേണ്ടിവന്നാൽ, ഞാൻ അത് രഹസ്യമായോ അടച്ചിട്ട വാതിലുകൾക്ക് പിന്നിലോ ചെയ്യില്ല. ഞാൻ എന്ത് ചെയ്‌താലും, അത് പരസ്യമായും സുതാര്യമായും ചെയ്യും. എനിക്ക് കുറച്ച് സമയം നൽകണമെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ഞാൻ വാഗ്‌ദാനം ചെയ്‌തതെല്ലാം ക്രമേണ നിറവേറ്റും, അവ നടപ്പിലാക്കാൻ ആത്മാർഥമായി ശ്രമിക്കും. ഇത് നിങ്ങളുടെ സർക്കാരാണ്. സ്ത്രീകൾക്ക് കർശന സുരക്ഷ ഉറപ്പാക്കും," - വിജയ് പറഞ്ഞു.
"10 ലക്ഷം കോടി രൂപയിലധികം കടം വാങ്ങിയ ശേഷമാണ് മുൻ സർക്കാർ ഒഴിയുന്നത്. അവർ അധികാരം വിടുന്നതിനുമുമ്പ് ട്രഷറി പൂർണ്ണമായും കാലിയായി. അത്തരമൊരു സാഹചര്യത്തിലാണ് ഞങ്ങൾ ചുമതലയേറ്റത്." - വിജയ് ഡിഎംകെയെ കുറ്റപ്പെടുത്തി. വിദ്യാഭ്യാസം, റോഡുകൾ, കുടിവെള്ള സൗകര്യങ്ങൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലായിരിക്കും തന്‍റെ മുൻഗണന എന്ന് വിജയ് ഉറപ്പുനല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം വിജയ് ആദ്യം ചെയ്‌തത് മയക്കുമരുന്ന് തടയുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 200 യൂണിറ്റ് സൗജന്യ വൈദ്യുതി വിതരണത്തിനും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനും അംഗീകാരം നൽകുക എന്നതായിരുന്നു.