വിരലിൽ കുത്തി രക്തം എടുക്കേണ്ട , ഊതിയാലറിയാം പ്രമേഹം: വിപ്ലവകരമായ കണ്ടുപിടിത്തവുമായി കുസാറ്റ് ഗവേഷകര്‍

എറണാകുളം: രക്തം പരിശോധിക്കാതെ തന്നെ ഒരാളുടെ ശ്വാസത്തിൽ നിന്ന് പ്രമേഹ സാധ്യതയും ഫിറ്റ്നസും കണ്ടെത്താൻ കഴിയുന്ന 'മിനിയേച്ചറൈസ്ഡ് ട്രൈബോ ഇലക്ട്രിക് ബ്രീത്ത് അസറ്റോൺ സെൻസർ' (Miniaturised Triboelectric Breath Acetone Sensor) എന്ന കണ്ടുപിടിത്തവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ. വിരൽ തുളച്ച് രക്തം പരിശോധിക്കുന്ന രീതിക്ക് പകരമായി, വെറും ഒരു നിശ്വാസത്തിലൂടെ രോഗനിർണയം നടത്താമെന്നതാണ് ഇതിൻ്റെ പ്രധാന സവിശേഷത.
സാങ്കേതികവിദ്യയും പ്രവർത്തനവും
സാധാരണ പരിശോധനാ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിന് പ്രവർത്തിക്കാൻ ബാറ്ററിയോ പുറമേ നിന്നുള്ള വൈദ്യുതിയുടെയോ ആവശ്യമില്ല. ഒരു നൈലോൺ ഫിലിമും കോപ്പർ ഷീറ്റും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഉപയോക്താവ് ശ്വാസം വിടുമ്പോൾ ഉണ്ടാകുന്ന ചലനത്തിൽ നിന്ന് തന്നെ വൈദ്യുതി ഉത്‌പ്പാദിപ്പിക്കാൻ (Triboelectric effect) ഈ സെൻസറിന് സാധിക്കും. ശ്വാസത്തിലുള്ള 'അസറ്റോൺ' എന്ന ഘടകത്തെ തിരിച്ചറിഞ്ഞാണ് ഇത് പ്രവർത്തിക്കുന്നത്. പ്രമേഹരോഗികളിലും കീറ്റോഅസിഡോസിസ് സാധ്യതയുള്ളവരിലും ശ്വാസത്തിലെ അസറ്റോണിൻ്റെ അളവ് കൂടുതലായിരിക്കും. മുറിയിലെ സാധാരണ താപനിലയിൽ തന്നെ അതിവേഗം ഫലം നൽകാൻ ഈ ൻ ഉപകരണത്തിന് കഴിയും.
ഫിറ്റ്നസ് ട്രാക്കിങ്ങിനും സഹായകം
പ്രമേഹ നിർണയത്തിന് പുറമെ, കായികതാരങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കും ഈ ഉപകരണം ഏറെ പ്രയോജനപ്പെടും. ശരീരത്തിലെ കലോറി എത്രത്തോളം എരിയുന്നുണ്ടെന്ന് അസറ്റോൺ അളവ് പരിശോധിക്കുന്നതിലൂടെ തിരിച്ചറിയാൻ സാധിക്കും. വ്യായാമ വേളയിൽ ശരീരം കൊഴുപ്പ് എരിച്ചുകളയുമ്പോൾ ശ്വാസത്തിൽ അസറ്റോൺ വർധിക്കുന്നത് ഇതിലൂടെ കൃത്യമായി ട്രാക്ക് ചെയ്യാം.
കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പ് പ്രൊഫസറും ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ നാനോമെറ്റീരിയൽസ് ആൻഡ് ഡിവൈസസ് ഡയറക്ടറുമായ ഡോ. ഹണി ജോണിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ. റിസർച്ച് സ്കോളർ ഡോ ധനു ട്രീസ മാത്യു, പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ അൻഷിദ മായീൻ, അപ്ലൈഡ് കെമിസ്ട്രി വകുപ്പ് പ്രൊഫസറും കൺട്രോളർ ഓഫ് എക്സാമിനേഷൻസുമായ ഡോ. എൻ മനോജ് എന്നിവരും ഗവേഷണത്തിൽ പങ്കാളികളായി.
നേട്ടങ്ങളും ഭാവി സാധ്യതകളും
ഈ നൂതന കണ്ടുപിടിത്തത്തിന് കേന്ദ്ര സർക്കാർ പേറ്റൻ്റ് അനുവദിച്ചു കഴിഞ്ഞു. നിർമാണച്ചെലവ് വളരെ കുറവായതിനാൽ ഗ്രാമപ്രദേശങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും കുറഞ്ഞ നിരക്കിൽ രോഗപരിശോധന നടത്താൻ ഇത് സഹായിക്കും. ലാബുകളിൽ പോകാതെ തന്നെ വീടുകളിൽ വച്ച് ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഈ സാങ്കേതികവിദ്യ വികസിപ്പിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.. ഈയൊരു കണ്ടുപിടത്തത്തെ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ചെറിയൊരു ഉപകരണമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ഗവേഷകർ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വർഷം മുമ്പ് തന്നെ ഇത്തരം ഒരു കണ്ടുപിടുത്തം നടത്തിയെങ്കിലും പേറ്റൻ്റ് ലഭിച്ച സാഹചര്യത്തിലാണ് ഇത് പരസ്യപ്പെടുത്തുന്നത്.
രക്ത പരിശോധനയിൽ നേരിട്ട് ഗ്ലൂക്കോസിൻ്റെ അളവ് തിട്ടപ്പെടുത്തുകയാണെങ്കിൽ ഇവിടെ നിശ്വാസ വായുവിലെ അസറ്റോണിൻ്റെ അളവ് പരിശോധിച്ചാണ് പ്രമേഹത്തെ മനസിലാക്കുന്നത്. ഒരു കൂട്ടം ആളുകളുടെ പ്രമേഹ സ്ഥിരീകരണം എളുപ്പത്തിൽ ഇത്തരമൊരു ഉപകരണത്തിലൂടെ സാധ്യമാക്കാൻ കഴിയും . പരിശോധന ഫലം കാത്തിരിക്കാതെ നിശ്വാസ വായു എടുത്ത് ആ സമയം തന്നെ പ്രമേഹ സാധ്യത കണ്ടെത്താൻ കഴിയും എന്നതും ഇതിൻ്റെ ഒരു പ്രത്യേകതയാണന്നും അദ്ദേഹം ചൂണ്ടി കാണിച്ചു. അതേസമയം ഈയൊരു കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ക്ലിനിക്കൽ ട്രയലുകൾ ഉൾപ്പടെ പൂർത്തിയാക്കി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ ഉൾപ്പടെ അനുമതി നേടിയ ശേഷമായിരിക്കും രോഗ നിർണയത്തിനായി ഉപയോഗിക്കാൻ കഴിയുക.