ഇനി തമിഴകത്ത് വിജയ് 'സർക്കാർ'; നാളെ രാവിലെ പത്തിന് സത്യപ്രതിജ്ഞ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജയ് യുഗത്തിന് തുടക്കമാകുന്നു. അഞ്ചുദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഗവർണറുമായുള്ള നിർണായക കൂടിക്കാഴ്ചകൾക്കും സഖ്യകക്ഷികളുമായുള്ള ചർച്ചകൾക്കുമൊടുവിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ അധികാരമേൽക്കും. ഇന്നു രാത്രി തന്നെ വിജയ്‌ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിയമന ഉത്തരവ് കൈമാറി.മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ടാണ് ദളപതി വിജയ് അധികാരത്തിലേക്ക് വരുന്നത്. ഞായറാഴ്ച രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിൽ വിജയ്‌നൊപ്പം ഒൻപത് മന്ത്രിമാരടങ്ങുന്ന കോർ ടീമും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം. രണ്ട് വർഷം മുൻപ് മാത്രം രൂപീകരിച്ച പാർട്ടിയെ കന്നി അങ്കത്തിൽ തന്നെ വൻ വിജയത്തിലേക്ക് നയിച്ച വിജയ്, ആറ് പതിറ്റാണ്ടോളം തമിഴ്നാട് ഭരിച്ച ദ്രാവിഡ പാർട്ടികളുടെ കുത്തക തകർത്താണ് ഭരണത്തലപ്പത്തേക്ക് എത്തുന്നത്.കഴിഞ്ഞ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. എന്നാൽ കേവലഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ടായിരുന്നത് തുടക്കത്തിൽ ആശങ്കകൾക്കിടയാക്കി. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസിന്‍റെ പിന്തുണയോടെ ബുധനാഴ്ച ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് ഗവർണർ നിർദ്ദേശിക്കുകയായിരുന്നു.തുടർന്ന് നടന്ന അതിശക്തമായ രാഷ്ട്രീയ നീക്കങ്ങളാണ് വിജയ്‌ക്ക് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിതുറന്നത്. ഡിഎംകെ സഖ്യത്തിലുണ്ടായിരുന്ന സിപിഐ, സിപിഐ(എം) എന്നീ പാർട്ടികൾ വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ നാല് എംഎൽഎമാരുടെ പിന്തുണ കൂടി ലഭിച്ചു. വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചതിനാൽ ടിവികെയുടെ അംഗബലം 107 ആയി ചുരുങ്ങിയിരുന്നു.
ഇതോടെ സഖ്യകക്ഷികളായ കോൺഗ്രസിന്‍റെ അഞ്ചും ഇടതുപക്ഷത്തിന്‍റെ നാലും എംഎൽഎമാർ ഉൾപ്പെടെ പിന്തുണ 116 ആയി ഉയർന്നെങ്കിലും ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകൾ കൂടി ആവശ്യമായിരുന്നു. ഇതിനിടെ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് ബദൽ നീക്കങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ടുകൾ വന്നത് അനിശ്ചിതത്വം വർധിപ്പിച്ചു. എന്നാൽ നിർണായകമായ വഴിത്തിരിവുണ്ടായത് ഇന്ന് വൈകുന്നേരമാണ്. ഡിഎംകെ സഖ്യകക്ഷിയായ വിസികെ തങ്ങളുടെ രണ്ട് എംഎൽഎമാരുടെ നിരുപാധിക പിന്തുണ വിജയ്‌ക്ക് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൂടി പിന്തുണ അറിയിച്ചതോടെ സഖ്യത്തിന്‍റെ അംഗബലം 120 ആയി ഉയരുകയും വിജയ്‌യുടെ അധികാരാരോഹണം ഉറപ്പാകുകയും ചെയ്തു.തമിഴ് രാഷ്ട്രീയത്തിലെ പരമ്പരാഗത സമവാക്യങ്ങൾ തിരുത്തിക്കുറിച്ചുള്ള ഈ വിജയം ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധയാണ് നേടുന്നത്. ഇതോടെ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ കോട്ടയായ തമിഴ്നാട്ടിൽ സിനിമാ താരത്തിൽ നിന്നും ഭരണാധികാരിയിലേക്കുള്ള വിജയ്‌യുടെ പരിണാമത്തിന് ഔദ്യോഗികമായി തുടക്കമാവുകയാണ്.