നാല് പതിറ്റാണ്ടിന് ശേഷo കാന്‍ ഫിലിം ഫെസ്റ്റില്‍ തിളങ്ങി ജോണ്‍ എബ്രഹാമിന്‍റെ 'അമ്മ അറിയാന്‍':
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മലയാളത്തിന്‍റെ ക്ലാസിക് ചിത്രം 'അമ്മ അറിയാന്‍'. ഏകദേശം നാല് പതിറ്റാണ്ടിന് ശേഷമാണ് 'അമ്മ അറിയാന്‍' 4K മികവോടെ 2026 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിച്ചത്. ഈ വർഷം കാനിലെ പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ഫീച്ചർ ഫിലിം കൂടിയാണിത്.രാഷ്ട്രീയ പ്രസക്തിയുള്ളതും കാവ്യാത്മകവുമായ ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്നതാണ് ഈ മലയാള ചിത്രം. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ജോയ് മാത്യു, ഛായാഗ്രാഹകന്‍ വേണും ഐ എസ് സി, എഡിറ്റര്‍ ബീന പോള്‍, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് കാനില്‍ അവതരിപ്പിച്ചത്.
മെയ് 16ന് കാനിലെ ബുനുവല്‍ തിയേറ്ററില്‍ വൈകീട്ട് 3:45നായിരുന്നു പ്രദര്‍ശനം. 1986-ൽ പുറത്തിറങ്ങിയ 115 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും റാഡിക്കൽ സൃഷ്‌ടികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.ചലച്ചിത്രപ്രേമികളുടെ കൂട്ടായ്‌മയായ ഒഡെസ കലക്ടീവ് നിർമ്മിച്ച ഈ ചിത്രം 1970-കളിലെ കേരളത്തിലെ രാഷ്ട്രീയ അശാന്തിയെ പശ്ചാത്തലമാക്കിയുള്ളതാണ്. ഒരു ചെറുപ്പക്കാരന്‍റെ മരണവാര്‍ത്ത അവന്‍റെ അമ്മയെ അറിയിക്കാന്‍ നടത്തുന്ന യാത്ര അങ്ങനെ വ്യക്തിപരവും രാഷ്ട്രീയവുമായ അനുഭവമായി മാറുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.ഒഡേസയിലെ അംഗങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്‌തും തെരുവു നാടകങ്ങള്‍ അവതരിപ്പിച്ചും സിനിമകള്‍ പ്രദര്‍ശിപ്പിച്ചും പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് ധനസമാഹരണം നടത്തിയാണ് ഈ സിനിമ നിര്‍മിച്ചത്. ഡോക്യുമെന്‍ററിയും ഫിക്ഷനും ചേര്‍ന്ന നോണ്‍-ലിനിയര്‍ ആഖ്യാനത്തിലൂടെ, ഒരു മകന്‍ അമ്മയ്ക്ക് എഴുതുന്ന കത്തിലൂടെ സിനിമ വികസിക്കുന്നു.

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ (FHF) നേതൃത്വത്തിൽ ഇമേജിൻ റിട്രോവാട്ട (L’Immagine Ritrovata), ഡിജിറ്റൽ ഫിലിം റീസ്റ്റോർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ ഒഡീസ കലക്ടീവുമായി ചേർന്നാണ് ചിത്രത്തിൻ്റെ 4K മികവില്‍ ചിത്രം പൂര്‍ത്തിയാക്കിയത്. ലാഭേച്ഛയില്ലാതെ ഇന്ത്യന്‍ സിനിമകളെ റീസ്റ്റോര്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍.നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിരുന്ന ആകെ അവശേഷിക്കുന്ന രണ്ട് 35mm പ്രിന്‍റുകളില്‍ നിന്നാണ് ഇത് സാധ്യമാക്കിയത്. 2023-ൽ ആരംഭിച്ചതാണ് സിനിമയുടെ 4K പുനരുദ്ധാരണം. വലിയ വെല്ലുവിളികളിലൂടെയാണ് ചിത്രം 4K മികവിലേക്ക് മാറ്റിയത്.ഒഡെസ കലക്ടീവിലെ ജീവിച്ചിരിക്കുന്ന അംഗങ്ങളെ കണ്ടെത്തി അവരുടെ അനുമതി നേടിയ ശേഷം, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സ് (എഫ്ഐഎഎഫ്) വഴി ആഗോളതലത്തിൽ നടത്തിയ അന്വേഷണത്തില്‍ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ സബ്ടൈറ്റിലുകളും സബ്ടൈറ്റിലുകളുമില്ലാത്ത രണ്ട് 35 എംഎം പ്രിന്റുകൾ മാത്രമേ ലഭിച്ചുള്ളൂ. ചിത്രത്തിന്റെ ഒര്‍ജിനല്‍ ക്യാമറ നെഗറ്റീവ് പോലും ലഭിച്ചിരുന്നില്ല. അതില്‍ നിന്നാണ് ഇത്രയും മികച്ച രീതിയില്‍ സിനിമ 4K പുനരുദ്ധാരണം നടത്തിയത്.
2001 ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എക്കാലത്തേയും പത്ത് മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ചിത്രമാണ് ജോണ്‍ എബ്രഹാമിന്‍റെ ഈ കള്‍ട്ട് ക്ലാസിക് ചിത്രം. മലയാള സിനിമയ്ക്ക് ലഭിക്കുന്ന മറ്റൊരു ആഗോള അംഗീകാരമാണ് അമ്മ അറിയാന്‍ എന്ന ചിത്രം.
1987-ല്‍ 49-ാം വയസ്സിലെ അപ്രതീക്ഷിത വിയോഗത്തിന് മുന്‍പ് ജോണ്‍ എബ്രഹാം സംവിധാനം ചെയ്‌ത നാല് സിനിമകളില്‍ ഒടുവിലെത്തേതായിരുന്നു അമ്മ അറിയാന്‍.ജോയ് മാത്യു, മാജി വെങ്കടേഷ്, കുഞ്ഞിലക്ഷ്മി അമ്മ, ഹരിനാരായണന്‍, നിലമ്പൂര്‍ ബാലന്‍, രാമചന്ദ്രന്‍ മൊകേരി, നസീം, വേണു കെ. മേനോന്‍, ആനന്ദ്, റഷീദ്, ഹംസ, സത്യന്‍. വയനാട്, കോഴിക്കോട്, കൊടുങ്ങല്ലൂര്‍, ഫോര്‍ട്ടുകൊച്ചി, കോട്ടപ്പുറം, ഇരിങ്ങല്‍ ഖനിതൊഴിലാളികള്‍, വടകര കരാട്ടെ വിദ്യാര്‍ത്ഥികള്‍ എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
'തമ്പ്' (അരവിന്ദന്‍ ), 'ഇശാനു' (അരിബം ശ്യാം ശര്‍മ്മ), 'മന്ഥന്‍' (ശ്യാം ബെനഗല്‍), 'അരണ്യര്‍ ദിന്‍ രാത്രി' (സത്യജിത് റേ), 'ഗെഹേനു ലമൈ' (സുമിത്ര പെരീസ്) എന്നീ ചിത്രങ്ങളാണ് 2022 മുതല്‍ 2025 വരെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കാനിലെ റെഡ് കാര്‍പെറ്റ് ലോക പ്രീമിയറുകളില്‍ എത്തിച്ച സിനിമകള്‍.

