ശക്തമായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്

ശക്തമായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്

കോഴിക്കോട്: ഇന്ന് വൈകുന്നേരം മുതൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖല ഗ്രാമങ്ങളിൽ ശക്തമായ മഴക്കൊപ്പമുണ്ടായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. കൂമ്പാറ ഇളമ്പുള്ളി ജയ്‌സൺ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് കനത്ത മഴയും ഇടിമിന്നലും ഉണ്ടായത്. നിലക്കാതെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കൂടരഞ്ഞി കൂമ്പാറയിൽ മരിച്ച ജയ്‌സനു പുറമെ ഒരു സ്ത്രീക്കും മിന്നലേറ്റു.താമരശ്ശേരിയിൽ നാലുപേർക്കും ഇടിമിന്നലേറ്റു. ഇടിമിന്നലിൽ സാരമായി പരിക്കേറ്റ ജയ്‌സനെ ഉടൻതന്നെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റകുടരഞ്ഞി സ്വദേശിനിയായ സ്ത്രീയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി പുതുപ്പാടി മാലോറം നെരുക്കുംചാൽ സാബിത, വഹീദ എന്നിവർക്കും ചമൽ എട്ടേക്രയിൽ ഇന്ദുലേഖ, ചക്കിക്കാവ് കുണ്ടോത്ത് അംബിക എന്നിവർക്കുമാണ് ഇടിമിന്നലേറ്റത്.ഇതിൽ സാബിത, വഹീദ എന്നിവർ ബന്ധുവീട്ടിനകത്ത് നിൽക്കുമ്പോഴാണ് ഇടിമിന്നൽ ഏറ്റത്. ഇന്ദുലേഖ വീട്ടിലെ അടുക്കളയിൽ നിൽക്കുമ്പോഴും അംബികക്ക് വീട്ടിലേക്ക് നടന്നു പോകുമ്പോഴും ആണ് ഇടിമിന്നൽ ഏറ്റത്. പരിക്കേറ്റ നാലു പേരെയും ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം തുടങ്ങിയ ശക്തമായ മഴയും ഇടിമിന്നലും കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖല ഗ്രാമങ്ങളിൽ രാത്രിയും തുടരുന്നുണ്ട്.

സംസ്ഥാനത്ത് ഇടിയും മഴയും ശക്തമാകും

അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദം കേരളത്തിൽ കാലവർഷം നേരത്തെയെത്താൻ കാരണമാകും. കേരളത്തിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും മിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇടിമിന്നൽ ജാഗ്രത

ഇടിമിന്നൽ വളരെ അപകടകാരികളാണ്. അവ മനുഷ്യൻ്റെയും ജീവികളുടെയും ജീവനും, വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും, വൈദ്യുത ഉപകരണങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്‌ടം സൃഷ്‌ടിക്കാൻ കാരണമാകും. പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ മൺസൂൺ കാലങ്ങളിൽ സ്വീകരിക്കേണ്ടതാണ്.

ഇടിമിന്നൽ സമയത്ത് ഇലകട്രിക് ഉപകരണങ്ങളുമായുള്ള വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.

തുറന്ന സ്ഥലത്തും, ടെറസിലും, കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് മരചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാനുള്ള സാധ്യതയുണ്ട്.

ഇടിമിന്നലുള്ള സമയങ്ങളിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കാൻ പ്രത്യകം ശ്രദ്ധിക്കുക. സുരക്ഷിതമായ മുറിയിൽ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.