ഐപിഎൽ ടിക്കറ്റും സൗജന്യ സ്ട്രീമിങ്ങും: സൂക്ഷിക്കുക , ആയിരത്തിലധികം വ്യാജ വെബ്‌സൈറ്റുകള്‍

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) ആരാധകരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകളും മാൽവെയർ ആക്രമണങ്ങളും വ്യാപകമാകുന്നു. ആയിരത്തിലധികം വ്യാജ ഐപിഎൽ അനുബന്ധ വെബ്‌സൈറ്റുകള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ ആഗോള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ ക്ലൗഡ്‌സെക്കിൻ്റെ റിപ്പോർട്ടുകൾ പ്രകാരം വ്യാജ ഐപിഎൽ ടിക്കറ്റുകൾ വിൽക്കുന്ന 600-ലധികം വ്യാജ വെബ്‌സൈറ്റുകളും 400-ലധികം വ്യാജ ഫ്രീ സ്ട്രീമിങ് വെബ്‌സൈറ്റുകളു കണ്ടത്തി. ഇവയിൽ പലതും മാൽവെയറുകള്‍ക്കായി ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വലിയ മത്സരങ്ങളുടെ അവസാന നിമിഷങ്ങളിൽ ടിക്കറ്റ് ലഭിക്കാൻ ആളുകൾ കാണിക്കുന്ന തിടുക്കത്തെയും, സൗജന്യമായി ഓൺലൈനിൽ കളി കാണാനുള്ള ക്രിക്കറ്റ് പ്രേമികളുടെ വൈകാരികമായ താല്‍പര്യത്തെയും സൈബർ കുറ്റവാളികൾ കൂടുതലായി ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു."വ്യാജ ടിക്കറ്റ് വിൽപ്പനയുടെ പശ്ചാത്തല സൗകര്യങ്ങൾ പരിശോധിച്ചാൽ ഈ തട്ടിപ്പുകൾ എത്രത്തോളം വ്യവസായവൽക്കരിക്കപ്പെട്ട രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാം. ഇവർ വെറുതെ വ്യാജ ടിക്കറ്റ് വിൽക്കുക മാത്രമല്ല ചെയ്യുന്നത്, എത്രപേർ സൈറ്റിൽ കയറി പണം നൽകുന്നുണ്ടെന്ന് നിരീക്ഷിക്കുക, ടിക്കറ്റ് നിരക്കുകൾ മാറ്റുക, പേയ്‌മെന്റുകൾ പരിശോധിക്കുക, ഇരകളുടെ വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയവയെല്ലാം ഇവർ ചെയ്യുന്നുണ്ട്. ഭാവിയിലെ മറ്റ് വലിയ തട്ടിപ്പുകൾക്കായി ഈ വിവരങ്ങൾ വീണ്ടും ഉപയോഗിക്കാനോ മറിച്ചു വിൽക്കാനോ ഇവർക്ക് സാധിക്കും," സെക്യൂരിറ്റി കണ്‍സള്‍ട്ടൻ്റ് സൗരജീത് മജുംദാർ പറഞ്ഞു.
ഐപിഎൽ ആരാധകരുടെ വികാരത്തെയും അടിയന്തര സാഹചര്യത്തെയും ഒരുമിച്ച് കൊണ്ടുവരുന്നു. അവയെ സൈബർ കുറ്റവാളികൾ ചൂഷണം ചെയ്യുകയാണെന്നും മജുംദർ കൂട്ടിച്ചേർത്തു.പരിചിതമായ ലോഗോകൾ, ലേഔട്ടുകൾ എന്നിവ പകർത്തി വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകളുടെ വ്യാജ പതിപ്പുകൾ സൃഷ്‌ടിച്ച് വെബ്‌സൈറ്റുകളിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ടിക്കെറ്റുടുക്കുമ്പോള്‍ ഗ്യാലറിയില്‍ സീറ്റുകൾ തെരഞ്ഞെടുക്കാനും വ്യക്തിഗത വിവരങ്ങൾ നൽകാനും യുപിഐ, കാർഡുകൾ, ക്യൂആർ കോഡുകൾ അല്ലെങ്കിൽ പേയ്‌മെൻ്റ് ഗേറ്റ്‌വേകൾ വഴി പേയ്‌മെൻ്റുകൾ നടത്താനും ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
പല കേസുകളിലും, ബുക്കിങ് ഐഡികളും ക്യൂആർ കോഡുകളും അടങ്ങിയ വ്യാജ PDF ടിക്കറ്റുകൾ പണമടച്ചതിന് ശേഷം ഉപയോക്താക്കൾക്ക് എത്തിക്കുന്നു, ഇരകൾ സ്റ്റേഡിയത്തില്‍ എത്തുമ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിയുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വ്യാജ ടിക്കറ്റ് തട്ടിപ്പുകൾക്ക് പുറമെ, വ്യാജ ഐപിഎൽ സ്ട്രീമിങ് വെബ്‌സൈറ്റുകളിൽ നിന്നുള്ള ഭീഷണിയും വർധിച്ചുവരുന്നതായി റിപ്പോർട്ട് എടുത്തുപറയുന്നു.ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളിൽ "ഐപിഎല്‍ ലൈവ് ഫ്രീ സ്ട്രീം" എന്നും നിർദിഷ്ട മത്സരങ്ങളുടെ പേര് വെച്ചും തിരയുന്ന ആളുകളെ ലക്ഷ്യമിട്ടാണ് ഈ വെബ്‌സൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരം വെബ്‌സൈറ്റുകളിൽ പലതും കമ്പ്യൂട്ടറുകളിലും ഫോണുകളിലും മാൽവെയർ ഉണ്ടാക്കുന്നതിനും, സംശയാസ്പദമായ മറ്റ് വെബ്‌സൈറ്റുകളിലേക്ക് റീഡയറക്ട് ചെയ്യുന്നതിനും, ഉപഭോക്താക്കളുടെ പാസ്‌വേഡുകളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും മോഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.