മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നതിനിടെ പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ടെഹ്‌റാനിൽ ഇറാൻ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നതിനിടെ പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ടെഹ്‌റാനിൽ ഇറാൻ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഇസ്ലാമാബാദ്: പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധഭീതിയുടെ നിഴലിൽ നിൽക്കെ, ആഗോള രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ഇറാനിലെ ടെഹ്‌റാനിലെത്തി. മുൻകൂട്ടി പ്രഖ്യാപിക്കാത്ത ഈ സന്ദർശനം തകർന്നുപോകുന്ന യു.എസ്-ഇറാൻ സമാധാന ചർച്ചകൾക്ക് ജീവൻ നൽകാനുള്ള പാകിസ്ഥാൻ്റെ അവസാനവട്ട ശ്രമങ്ങളുടെ ഭാഗമാണെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്. അമേരിക്കൻ നിർദേശങ്ങളോടുള്ള ഇറാൻ്റെ ഏറ്റവും പുതിയ പ്രതികരണങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാടെ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് നഖ്‌വിയുടെ ഈ അടിയന്തിര ഇടപെടലെന്ന് പ്രമുഖ പാക് മാധ്യമമായ 'ഡോൺ' റിപ്പോർട്ട് ചെയ്യുന്നു.

ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകളിൽ വലിയ പുരോഗതി ദൃശ്യമായിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങൾ മന്ദഗതിയിലാവുകയായിരുന്നു. നിലവിൽ ചർച്ചകൾ പൂർണ്ണമായി പരാജയപ്പെടാതിരിക്കാൻ പാകിസ്ഥാൻ രംഗത്തുണ്ട്. ഇതിൻ്റെ ഭാഗമയാണ് ആഭ്യന്തരമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. "ചർച്ചകൾ സുഗമമാക്കുന്നതിനും പ്രാദേശിക സമാധാനം ഉറപ്പാക്കുന്നതിനുമുള്ള" പാകിസ്ഥാന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഇറാന്റെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ 'തസ്നിം' വ്യക്തമാക്കുന്നു.ശനിയാഴ്‌ച ടെഹ്‌റാനിൽ എത്തിയ നഖ്‌വി, ഇറാനിയൻ വിദേശകാര്യ മന്ത്രി എസ്‌കന്ദർ മൊമേനിയുമായി കൂടിക്കാഴ്‌ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾ, സുരക്ഷാ വിഷയങ്ങൾ, പ്രാദേശിക സാഹചര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി നഖ്‌വി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

അദ്ദേഹത്തിൻ്റെ ഈ യാത്ര വളരെയധികം അന്താരാഷ്‌ട്ര പ്രാധാന്യമുള്ളതും,രാഷ്‌ട്രീയ സ്വാധീനമുള്ളതുമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. അമേരിക്കൻ പ്രസിഡൻ്റ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെയാണ് പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയുടെ ഈ സന്ദർശനം എന്നത് ശ്രദ്ധയാകർഷിക്കുന്നു. അത് തന്നെയാണ് ഈ യാത്രയെ ചൂടേറിയതാക്കുന്നതും. ഇറാൻ ആണവ പദ്ധതികൾ അവസാനിപ്പിക്കാമെന്ന് ഉറപ്പു നൽകിയാൽ അത് അംഗീകരിക്കാമെന്ന് ബീജിംഗിൽ നിന്ന് മടങ്ങിയെത്തിയ ട്രംപ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞിരുന്നു.