അനുനയ നീക്കം: രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ നീക്കം ഫലം കണ്ടെന്ന് സൂചന. ആഭ്യന്തര മന്ത്രിസ്ഥാനം ഉറപ്പ് നൽകിയതോടെ ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തിയേക്കും. ഒപ്പമുള്ള നാല് എംഎൽഎമാരേയും പരിഗണിക്കണമെന്നുള്ള നിർദേശവും സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ചെന്നിത്തല മുന്നോട്ട് വെച്ചെന്നാണ് സൂചന. ഐസി ബാലകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല, അൻവര് സാദത്ത്, ടി ജെ വിനോദ് എന്നിവരുടെ പട്ടിക കൈമാറി. തുടർച്ചയായി രണ്ടാം ദിവസമാണ് സതീശൻ ചെന്നിത്തലയെ വീട്ടിലെത്തി കണ്ടത്.

വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെസി വേണുഗോപാൽ
ചെന്നിത്തലയെ കണ്ടശേഷം വിഡിസതീശൻ കേസിവേണുഗോപാലിൻ്റെ വസതി സന്ദർശിച്ചു . കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമപ്രവർത്തകരെ കാണുകയും വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെസി വേണുഗോപാൽ അറിയിക്കുകയും ചെയ്തു.ഞങ്ങൾ എന്നും കാണുന്നവരാണെന്നും വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. പാർട്ടി തീരുമാനത്തിൽ അടിയുറച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺഗ്രസ് നേതാക്കളെന്നും എല്ലാ കാര്യങ്ങലും കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശനും പറഞ്ഞു. മന്ത്രിസഭയുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറുമെന്നും അറിയിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാൽ ദില്ലിയിൽ നിന്നും തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിൽ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെസിയെ കാണാൻ വിഡിയെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളെയെല്ലാം വിഡി സതീശൻ നേരിട്ട് പോയി കണ്ടിരുന്നു. മന്ത്രിസഭ രൂപീകരണത്തിന്‍റെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സന്ദര്‍ശനമെന്നതും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.വിഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ. സി.വേണുഗോപാൽ രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് യാത്രതിരിച്ചു.