പെട്രോൾ വില കൂട്ടി; പരിഭ്രാന്തി വേണ്ടെന്ന് സർക്കാർ

മുംബൈ : ഗൾഫ് മേഖലയിലുണ്ടായ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടി. വാണിജ്യ തലസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പെട്രോളിനും ഡീസലിനും മൂന്ന് രൂപയിലധികമാണ് വർധിപ്പിച്ചത്. സംസ്ഥാനത്ത് തിരുവനന്തപുരത്ത് മൂന്ന് രൂപ വീതം വർധിച്ച് പെട്രോളിന് 110.25 രൂപയും ഡീസലിന് 99.63 രൂപയുമായി.ഇതോടെ രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഇന്ധനവില 100 രൂപ കടന്നു. നേരത്തെ തിരുവനന്തപുരത്ത് പെട്രോളിന് 107.38 രൂപ മുതൽ 107.48 രൂപ വരെയും ഡീസലിന് 96.38 രൂപ മുതൽ 96.48 രൂപ വരെയുമായിരുന്നു വില. തലസ്ഥാനമായ ന്യൂഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 94.77 രൂപയിൽ നിന്ന് മൂന്ന് രൂപ വർധിച്ച് 97.77 രൂപയിലെത്തി.ഡൽഹിയിൽ ഡീസലിന് 87.67 രൂപയിൽ നിന്ന് മൂന്ന് രൂപ വർധിച്ച് 90.67 രൂപയായി ഉയർന്നിട്ടുണ്ട്. കൊൽക്കത്തയിൽ പെട്രോളിന് 3.29 രൂപ വർധിച്ച് 108.74 രൂപയും ഡീസലിന് 3.11 രൂപ വർധിച്ച് 95.13 രൂപയുമായി. മുംബൈയിൽ പെട്രോളിന് 3.14 രൂപയുടെയും ഡീസലിന് 3.11 രൂപയുടെയും വർധനയാണ് രേഖപ്പെടുത്തിയത്. മുംബൈയിൽ ഇനി പെട്രോളിന് 106.68 രൂപയും ഡീസലിന് 93.14 രൂപയും നൽകണം. ചെന്നൈയിൽ പെട്രോളിന് 2.83 രൂപ കൂടി 103.67 രൂപയിലും ഡീസലിന് 2.86 രൂപ കൂടി 95.25 രൂപയിലുമെത്തി.
ആശങ്കയ്ക്ക് വകയില്ല
ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളുടെയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ ആഗോള വിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പരിഭ്രാന്തരാകേണ്ടതില്ലെന്നും രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും അടുത്തിടെ നടന്ന സിഐഐ വാർഷിക ബിസിനസ് മീറ്റിൽ പെട്രോളിയം സെക്രട്ടറി നീരജ് മിത്തൽ വിശദീകരിച്ചു.രാജ്യത്ത് ഒരിടത്തും ഇന്ധന റേഷൻ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യത്ത് 60 ദിവസത്തേക്കുള്ള ഇന്ധന ശേഖരവും 45 ദിവസത്തേക്കുള്ള പാചകവാതക ശേഖരവും നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം നീളുന്നത് രാജ്യത്തെ ഇന്ധനവില വർധനയ്ക്ക് കാരണമാകുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരുന്നതിന് മുൻപ് തന്നെ വിലക്കയറ്റം ഭയന്ന് ജനങ്ങൾ കൂട്ടത്തോടെ ഇന്ധനം വാങ്ങി സംഭരിക്കുന്നത് വിതരണ മേഖലയിൽ ദൗർലഭ്യത്തിനും പ്രതിസന്ധിക്കും കാരണമാകുന്നുണ്ട്.
പ്രതിസന്ധിക്ക് കാരണം ഇറാൻ സംഘർഷം
രാജ്യത്തിന് ആവശ്യമായ അസംസ്കൃത എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള ഊർജവിപണിയിലുണ്ടാകുന്ന വിലക്കയറ്റം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ ബാധിക്കും. നികുതി ഇളവുകളിലൂടെയും വിതരണ നിയന്ത്രണങ്ങളിലൂടെയുമാണ് ഇന്ത്യ ഇത്രയും കാലം ഇന്ധനവില വർധന പിടിച്ചുനിർത്തിയിരുന്നത്.എന്നാൽ അസംസ്കൃത എണ്ണവില വലിയ തോതിൽ ഉയർന്നതോടെ വിപണി നിരക്കിൽ മാറ്റമില്ലാത്തതിനാൽ എണ്ണക്കമ്പനികൾക്ക് പ്രതിദിനം 1000 കോടി മുതൽ 1200 കോടി രൂപയുടെ വരെ നഷ്ടമുണ്ടാകുന്നതായാണ് സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2026-ലെ ആദ്യ പാദത്തിൽ മാത്രം എണ്ണക്കമ്പനികളുടെ നഷ്ടം രണ്ട് ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്. ഇതാണ് അടിയന്തരമായി ഇന്ധനവില മൂന്ന് രൂപയോളം വർധിപ്പിക്കുന്ന സാഹചര്യത്തിലേക്ക് എണ്ണക്കമ്പനികളെ എത്തിച്ചത്.
ചെലവ് ചുരുക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം
രാജ്യത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ധന ഉപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ തോതിലുള്ള ചെലവ് ചുരുക്കലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തിൻ്റെ എണ്ണം പകുതിയായി വെട്ടിച്ചുരുക്കി. ഈ നടപടിക്ക് പിന്നാലെ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും തങ്ങളുടെ അകമ്പടി വാഹനങ്ങളുടെ എണ്ണത്തിൽ വൻ കുറവ് വരുത്തിയിട്ടുണ്ട്.കേന്ദ്ര സർക്കാർ ജീവനക്കാർക്കും സംസ്ഥാന സർക്കാർ ജീവനക്കാർക്കും യാത്രകൾക്കായി പരമാവധി പൊതുഗതാഗതം ഉപയോഗിക്കണമെന്ന കർശന നിർദേശവും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഡൽഹിയിലെ സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം സൗകര്യം ഇതിനകം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ പേരെ പൊതുഗതാഗതത്തിലേക്ക് മാറ്റി ഇന്ധന ഉപഭോഗം കുറയ്ക്കുക എന്നതാണ് ഇതിലൂടെ കേന്ദ്ര സർക്കാരിൻ്റെ പ്രധാന ലക്ഷ്യം.