"സത്യസന്ധമായ പ്രണയത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല , ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള ആസൂത്രിത ഗൂഢാലോചനകൾ പ്രശ്‌നമാണ് "

"സത്യസന്ധമായ പ്രണയത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല ,  ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള ആസൂത്രിത ഗൂഢാലോചനകൾ  പ്രശ്‌നമാണ് "

ന്യൂഡൽഹി: വ്യത്യസ്‌ത മതവിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾ തമ്മിലുള്ള സത്യസന്ധമായ പ്രണയ ബന്ധത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്നും എന്നാൽ ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ഗൂഢാലോചനകൾ തീർച്ചയായും പ്രശ്‌നമാണെന്നും ആർ‌എസ്‌എസ് ഉന്നത നേതാവ് ദത്താത്രേയ ഹൊസബാലെ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.ജാതിയും മതവും മറ്റ് അതിര്‍വരമ്പുകളും മറികടന്ന് സത്യസന്ധമായ പ്രണയത്തിലൂടെ വിവാഹിതരായ നിരവധി സ്വയംസേവകരുണ്ടെന്നും, സംഘം അതിനെ എപ്പോഴും സ്വാഭാവികമായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ ആ വിവാഹങ്ങളെ സ്വാഗതം ചെയ്യുകയും ആഘോഷിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട് അത് യതാർഥമായ സ്നേഹമാണെങ്കിൽ, അതിൽ സംശയമില്ല. അത് ജിഹാദായിരിക്കുമ്പോൾ ഒരു ചോദ്യമായി മാറും " ആര്‍എസ്‌എസ് നേതാവ് അഭിപ്രായപ്പെട്ടു.

മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള ബന്ധങ്ങളെ സൂചിപ്പിക്കാൻ ഹൈന്ദവ സംഘടനകൾ ഉപയോഗിക്കുന്ന 'ലവ് ജിഹാദ്' എന്ന പദത്തെ എങ്ങനെ നിർവചിക്കുന്നു എന്ന ചോദ്യത്തോടും ഹൊസബാലെ പ്രതികരിച്ചു. "അതിനെ ആരും നിർവചിച്ചിട്ടില്ല എന്നതാണ് വാസ്‌തവം. ലവ് ജിഹാദ് എന്ന പദം ആദ്യം ഉപയോഗിച്ചത് ഒരു ഹൈക്കോടതി ജഡ്‌ജിയാണ്. അതിനാൽ അത് ഞങ്ങളുടെ സംഭാവനയല്ല. കാര്യം എന്തെന്നാൽ, രണ്ട് വ്യക്തികൾ പ്രണയത്തിലാണെങ്കിൽ, മതമോ, ദേശീയതയോ, മറ്റുള്ളവയോ അതിന് തടസമാകില്ല എന്നതാണ്. എന്നാൽ, ഇത് ഒരു അജണ്ടയായി മാറുകയും ഹിന്ദു പെൺകുട്ടികളെ മാത്രം ലക്ഷ്യമിട്ടുള്ള ആസൂത്രിത ഗൂഢാലോചന നടക്കുകയും ചെയ്യുമ്പോൾ, അത് ഒരു ചോദ്യം ഉയർത്തുകയും സംഘർഷത്തിന് കാരണമാവുകയും ചെയ്യും " എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.