ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: യുഎസ്-ഇറാൻ യുദ്ധ ആഘാതം ചെറുക്കാൻ പ്രധാനമന്ത്രി മോദിയുടെ പദ്ധതി

ഹൈദരാബാദ്: കൊവിഡിന് ശേഷമുള്ള ആഗോള സാഹചര്യങ്ങളും വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും കാരണം ലോകവ്യാപകമായി വിതരണ ശൃംഖലയിൽ വൻ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര തലത്തിൽ പെട്രോൾ, ഡീസൽ, രാസവളം എന്നിവയുടെ വില കുതിച്ചുയരുകയാണെന്ന് സെക്കന്ദരാബാദ് പരേഡ് ഗ്രൗണ്ടിൽ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളിലടക്കം ഇന്ധനവില വർധിച്ചുവെങ്കിലും ഇന്ത്യയിൽ ഇതിൻ്റെ ഭാരം സാധാരണക്കാരായ ജനങ്ങളിലേക്ക് എത്താതിരിക്കാൻ കേന്ദ്ര സർക്കാർ കൃത്യമായ ഇടപെടലുകൾ നടത്തി. വിഭവങ്ങളെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് കടുത്ത സ്വയം നിയന്ത്രണങ്ങൾ പാലിക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഇന്ധന ഉപയോഗവും ധൂർത്തും കുറയ്ക്കുക
ദീർഘകാലാടിസ്ഥാനത്തിൽ പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗം ജനങ്ങൾ പരമാവധി കുറയ്ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. വ്യക്തിഗത വാഹനങ്ങൾക്ക് പകരം പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്തണം. റെയിൽവേയിൽ ഡീസലിൻ്റെ ഉപയോഗം വലിയ തോതിൽ കുറച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം രാജ്യത്ത് ഇനിയും വർധിക്കേണ്ടതുണ്ട്. ഇന്ധന ഉപഭോഗം കുറയുന്നതിലൂടെ വൻതോതിൽ വിദേശനാണ്യം ലാഭിക്കാൻ രാജ്യത്തിന് സാധിക്കും.പാചക ആവശ്യങ്ങൾക്കുള്ള എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്താനും ഇറക്കുമതി കുറച്ച് ഇതിൽ സ്വയം പര്യാപ്തത കൈവരിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതുണ്ട്. കാർഷിക മേഖലയിൽ രാസവളങ്ങളുടെ ഉപയോഗം പകുതിയായി കുറച്ച് മണ്ണിൻ്റെ സ്വാഭാവിക പോഷകങ്ങൾ നിലനിർത്താൻ കർഷകർ തയാറാകണം. ലോകത്തെ പല രാജ്യങ്ങളിലും ഒരു ചാക്ക് യൂറിയയ്ക്ക് 3000 രൂപയ്ക്ക് മുകളിൽ വില നൽകുമ്പോൾ ഇന്ത്യയിൽ അത് 300 രൂപയിൽ താഴെ ലഭ്യമാക്കാൻ സർക്കാരിന് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വർണം വാങ്ങുന്നത് ഒഴിവാക്കുക
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ കാരണം സ്വർണവില അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് ജനങ്ങൾ തൽക്കാലത്തേക്ക് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കുമായി സ്വർണം വാങ്ങുന്നത് പരമാവധി പരിമിതപ്പെടുത്തണം. സാമ്പത്തിക അച്ചടക്കത്തിൻ്റെ ഭാഗമായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പൂർണമായും ഒഴിവാക്കുകയാണെങ്കിൽ സ്വർണത്തിൻ്റെ ഇറക്കുമതി കുറയുകയും ഇത് രാജ്യത്തിന് വിദേശനാണ്യം ലാഭിക്കാൻ സഹായിക്കുകയും ചെയ്യും. ഇതിനൊപ്പം വിദേശത്തേക്കുള്ള വിനോദയാത്രകളും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളും ജനങ്ങൾ പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക
നാം വീടുകളിൽ ഉപയോഗിക്കുന്ന സാധനങ്ങൾ ഒന്നു പരിശോധിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളിൽ ഭൂരിഭാഗവും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. എല്ലാത്തിനും ഇറക്കുമതിയെ ആശ്രയിച്ചാൽ രാജ്യത്തിൻ്റെ വികസനം എങ്ങനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു. നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവയിൽ കൂടുതലും തദ്ദേശീയമായി നിർമിച്ചവയാണെന്ന് ഉറപ്പുവരുത്തണം.സ്വദേശി ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുമെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണം. ഇതൊരു രാഷ്ട്രീയ മുദ്രാവാക്യമല്ല, മറിച്ച് രാജ്യത്തിൻ്റെ ഔദ്യോഗിക നയമാണെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യവർഗ കുടുംബങ്ങൾ അനാവശ്യ ചെലവുകൾ കുറച്ച് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തണമെന്നും പ്രതിസന്ധികൾ മറികടക്കാൻ രാജ്യത്തെ എല്ലാ പൗരന്മാരും ഒറ്റക്കെട്ടായി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം പ്രസംഗത്തിൽ ഓർമിപ്പിച്ചു.