ആലപ്പുഴയിൽ നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥൻ ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴയിൽ നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥൻ   ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

തൃശൂർ: ആലപ്പുഴയിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ പോലീസ് ഉദ്യോഗസ്ഥനെ തൃശൂർ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി . ആലപ്പുഴ ജില്ലാ നാർക്കോട്ടിക് സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ  മാരാരിക്കുളം സ്വദേശി ശാന്തകുമാർ (52) ആണ് മരണപ്പെട്ടത്. ഗുരുവായൂർ കിഴക്കേ നടയിലെ സ്വകാര്യ ലോഡ്ജ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ഡ്യൂട്ടിക്കായി വീട്ടിൽ നിന്നിറങ്ങിയ ശാന്തകുമാറിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ മാരാരിക്കുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ദാരുണ വാർത്ത പുറത്തുവരുന്നത്. ശാന്തകുമാർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോഡ്ജ് പരിസരത്ത് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. കാണാതാകുന്ന സമയത്ത് അദ്ദേഹം ധരിച്ചിരുന്ന ഔദ്യോഗിക പോലീസ് യൂണിഫോം ലോഡ്ജ് മുറിയിലെ അലമാരയ്ക്ക് സമീപം കൃത്യമായി തൂക്കിയിട്ട നിലയിലായിരുന്നു.

സ്വന്തമായി നടത്തിവന്നിരുന്ന വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ശാന്തകുമാറിന് അടുത്തകാലത്തായി കടുത്ത സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകരും ബന്ധുക്കളും സൂചിപ്പിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയെ തുടർന്ന് അദ്ദേഹം കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ ആലപ്പുഴ മാരാരിക്കുളത്തേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അധികൃതർ അറിയിച്ചു