ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തിയശേഷം നരേന്ദ്രമോദി ഇന്ന് മടങ്ങും

റോം: ഓസ്ലോയിൽ നടന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുകയും നോർവേ, ഐസ്‌ലാൻഡ്, ഫിൻലാൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തതിന് ശേഷം, അഞ്ച് രാഷ്ട്ര പര്യടനത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഘട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച റോമിലെത്തി. ശുദ്ധമായ ഊർജ്ജം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, വ്യാപാരം, പ്രതിരോധം, നവീകരണം തുടങ്ങിയ മേഖലകളിൽ നോർഡിക് രാജ്യങ്ങളുമായുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കണമെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.മോദിയുടെ നയതന്ത്ര പര്യടനത്തിൻ്റെ അവസാന സ്റ്റോപ്പാണ് റോം. സ്വീഡൻ, നെതർലാൻഡ്‌സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം ഇറ്റലിയിൽ,നരേന്ദ്രമോദി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ചർച്ച നടത്തുകയും വ്യാപാരം, പ്രതിരോധം, കണക്റ്റിവിറ്റി എന്നിവയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി വ്യാവസായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇറ്റലിയിലെ പരിപാടികളിൽ മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇറ്റലിയുമായുള്ള ചർച്ചകളെക്കുറിച്ച് മാത്രമാണ് പരാമർശമുള്ളത്. റോമിലെത്തിയ മോദിക്ക് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്. സുഹൃത്തിന് സ്വാഗതം എന്ന പരാമർശമടങ്ങുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണിയുടെ സെൽഫി ഇതിനകം വൈറലായിട്ടുണ്ട്. മെലോണിയുമായി മോദിയുടെ ചർച്ച ഇന്നുണ്ടാകും. 'ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് ഇക്കണോമിക് കോറിഡോർ' ശക്തിപ്പെടുത്തുന്നതിനും 2025 - 2029 കാലഘട്ടത്തിലേക്കുള്ള തന്ത്രപ്രധാന കർമ്മപദ്ധതി അവലോകനം ചെയ്യുന്നതിനും ഇരു നേതാക്കളും ചർച്ചകൾ നടത്തും. പ്രതിരോധം, പുനരുപയോഗ ഊർജ്ജം, ക്ലീൻ ടെക്നോളജി, ബഹിരാകാശം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും 2029 ഓടെ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറിൽ എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് മോദി ഇറ്റലിയിലെത്തിയത്. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ റോം ആസ്ഥാനമായുള്ള യു എൻ ഭക്ഷ്യ - കൃഷി സംഘടനയുടെ ആസ്ഥാനവും പ്രധാനമന്ത്രി സന്ദർശിക്കും.