പ്രധാനമന്ത്രിയുടെ അഞ്ച് രാഷ്ട്ര സന്ദർശനത്തിന് നാളെ തുടക്കം

പ്രധാനമന്ത്രിയുടെ അഞ്ച് രാഷ്ട്ര സന്ദർശനത്തിന് നാളെ തുടക്കം

ന്യൂഡൽഹി: ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിനായി നാളെ പുറപ്പെടും. യുഎഇ അടക്കം യൂറോപ്യൻ രാജ്യങ്ങളായ നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. ഈ വർഷം ആദ്യത്തിൽ തന്നെ അന്തിമരൂപം നൽകിയ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിൻ്റെ പശ്ചാത്തലത്തിലാണ് ഈ നാല് യൂറോപ്യൻ രാജ്യങ്ങളിലെയും സുപ്രധാന സന്ദർശനം.

വിദേശകാര്യ മന്ത്രാലയം വെസ്റ്റ് സെക്രട്ടറി സിബി ജോർജ് വാർത്താസമ്മേളനത്തിലാണ് അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയെ സംബന്ധിക്കുന്ന അജണ്ടകൾ വ്യക്തമാക്കിയത്. മെയ് 15 മുതൽ 20 വരെയുള്ള പര്യടനത്തിൽ ആദ്യ സന്ദർശനം യുഎഇയിലായിരിക്കും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സംസ്കാരം എന്നിവയ്ക്ക് പുറമെ ജനങ്ങൾ തമ്മിലുള്ള ബന്ധവും ഊർജ സുരക്ഷയും മറ്റ് ഉഭയകക്ഷി വിഷയങ്ങളും ചർച്ചയാകും. ഒപെക് പൈപ്പ് ലൈനുകളുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം എന്നതാണ് ഏറ്റവും ശ്രദ്ധേയം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒപെകിൽ നിന്ന് പുറത്തുപോകാൻ യുഎഇ തീരുമാനിച്ചിരുന്നു. ഈ സമയത്ത് സന്ദർശനം നടത്തുന്നത് നിർണായകമാണെന്നും ഇന്ത്യയുടെ വലിയ തോതിലുള്ള ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നത് യുഎഇയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ 45 ലക്ഷത്തോളം ഇന്ത്യക്കാർ യുഎഇയിൽ താമസിക്കുന്നുണ്ട്.