പുൽവാമ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ന്യൂഡൽഹി: ഇന്ത്യയെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളെന്ന് കരുതപ്പെടുന്ന ഭീകരന്‍ പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഹംസ ബുർഹാൻ എന്ന ഭീകരനെയാണ് കൊലപ്പെടുത്തിയത്. പാക് അധിനിവേശ കശ്‌മീരിലെ മുസാഫറാബാദില്‍ വച്ചാണ് ഇയാള്‍ക്ക് നേരേ വെടിവയ്പ്പുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.2022 ലാണ് ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിലെ രത്‌നിപോറ സ്വദേശി ആയിരുന്നു ഇയാൾ. പിന്നീട് ഇയാൾ പാകിസ്ഥാനിലെത്തി അൽ-ബദർ ഭീകര സംഘടനയിൽ ചേരുകയായിരുന്നു. കശ്‌മീരിലെ യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നതില്‍ പ്രധാനിയാണ് ഹംസ ബുർഹാൻ.
2019 ഫെബ്രുവരി 14 നാണ് ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം നടന്നത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44വഴി സഞ്ചരിക്കുകയായിരുന്നു. സൈനിക വാഹന വ്യൂഹം അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ എത്തിയപ്പോള്‍ സ്ഫോടകവസ്‌തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോയുമായി വന്ന ചാവേര്‍സൈനിക ബസുകളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തില്‍ 49 ധീരസൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.പാകിസ്‌ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷ് ഇ മുഹമ്മദ് ആണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ചാവേറായ ആദിൽ അഹമ്മദ് ദർ എന്ന ഭീകരനും അന്ന് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഈ ആക്രമണത്തിൽ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടാണ് പാകിസ്ഥാന്‍ എക്കാലത്തും സ്വീകരിച്ചത്.പുൽവാമയില്‍ ജീവന്‍ ബലി നല്‍കേണ്ടി വന്ന ഇന്ത്യന്‍ സൈനികരുടെ ചോരയ്ക്ക് രാജ്യം ശക്തമായ ഭാഷയിലാണ് അന്ന് മറുപടി നല്‍കിയത്. ആക്രമണം നടന്ന് കൃത്യം 12-ാം ദിവസം 2019 ഫെബ്രുവരി 26ന് പുലർച്ചെ ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്‌ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകര പരിശീലന കേന്ദ്രങ്ങല്‍ തകര്‍ത്തു തരിപ്പണമാക്കി. സൈനികേതര ലക്ഷ്യങ്ങളില്‍ നടത്തിയ ഈ മിന്നലാക്രമണത്തില്‍നൂറു കണക്കിന് ഭീകരരെയാണ് ഇന്ത്യന്‍സേന വധിച്ചത്. ഇന്ത്യൻ മണ്ണിൽ ചോരപ്പുഴയൊഴുക്കാൻ കൂട്ടുനിന്ന ഭീകരപ്പട്ടികയിലെ പ്രമുഖൻ പാകിസ്ഥാനിൽ വെച്ചുതന്നെ കൊല്ലപ്പെട്ടു എന്നത് പ്രതിരോധ വൃത്തങ്ങളും അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.