ചോദ്യപേപ്പർ ചോർച്ച; നാസിക്കിൽ നിന്നും ഒരാൾ സിബിഐ കസ്റ്റഡിയിൽ

ചോദ്യപേപ്പർ ചോർച്ച; നാസിക്കിൽ നിന്നും  ഒരാൾ സിബിഐ കസ്റ്റഡിയിൽ

മുംബൈ : മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി സിബിഐ. കേസിലെ പ്രധാന പ്രതികളിലൊരാളെ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും സിബിഐ കസ്റ്റഡിയിലെടുത്തു.രാജസ്ഥാൻ പൊലീസിൻ്റെ ആവശ്യപ്രകാരം നാസിക് പൊലീസ് ക്രൈംബ്രാഞ്ച് യൂണിറ്റ് രണ്ട് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സിബിഐയ്ക്ക് കൈമാറുകയായിരുന്നു. നാസിക് ജില്ലയിലെ നന്ദ്ഗാവ് സ്വദേശിയായ ശുഭം ഖൈർനാർ (30) ആണ് പിടിയിലായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.ചൊവ്വാഴ്ച വൈകിട്ട് നഗരത്തിലെ ഇന്ദിരാനഗർ മേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കിരൺകുമാർ ചൗഹാൻ അറിയിച്ചു. രാജ്യവ്യാപകമായി നടന്ന പരീക്ഷാ ക്രമക്കേടിൻ്റെ കൂടുതൽ വിവരങ്ങൾ ഖൈർനാറിൻ്റെ അറസ്റ്റിലൂടെ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. ചോദ്യപേപ്പർ ചോർത്തി മാഫിയാ സംഘങ്ങൾക്ക് എത്തിച്ചു നൽകിയതിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് സിബിഐ സംശയിക്കുന്നത്.

ലാത്തൂരിലെ കോച്ചിങ് സെൻ്ററിനും പങ്കെന്ന് സംശയം

ചോദ്യപേപ്പർ ചോർച്ചയിൽ മധ്യ മഹാരാഷ്ട്രയിലെ ലാത്തൂരിനും ബന്ധമുള്ളതായി സൂചനയുണ്ട്. നീറ്റ് പരീക്ഷയെഴുതിയ ഒരു വിദ്യാർഥിയുടെ രക്ഷിതാവ് ചൊവ്വാഴ്ച ലാത്തൂർ പൊലീസ് സൂപ്രണ്ടിൻ്റെ ഓഫിസിൽ നൽകിയ പരാതിയിലാണ് നിർണായക വെളിപ്പെടുത്തലുകളുള്ളത്.ലാത്തൂരിലെ ഒരു സ്വകാര്യ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് നീറ്റ് പരീക്ഷയ്ക്ക് മുൻപായി വിദ്യാർഥികൾക്ക് ഒരു മോക്ക് ടെസ്റ്റ് നടത്തിയിരുന്നു. ഈ മോക്ക് ടെസ്റ്റിലുണ്ടായിരുന്ന 42 ചോദ്യങ്ങൾ യഥാർഥ നീറ്റ് പരീക്ഷയിൽ അതേപടി ചോദിച്ചു എന്നാണ് രക്ഷിതാവിൻ്റെ പരാതിയിൽ ആരോപിക്കുന്നത്. ഇതോടെ വൻകിട റാക്കറ്റുകൾ ഉൾപ്പെട്ട ചോദ്യപേപ്പർ ചോർച്ചാ ശൃംഖലയിൽ ഈ കോച്ചിങ് സ്ഥാപനത്തിനും പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്.ആരോപണങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ (എസ്ഡിപിഒ) സമീർസിങ് സാൽവെയ്ക്ക് നിർദേശം നൽകിയതായും ലാത്തൂർ പൊലീസ് സൂപ്രണ്ട് അമോൽ താംബെ വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ തെളിവുകളോ പ്രതികളെക്കുറിച്ചുള്ള സൂചനകളോ ലഭിക്കുന്ന പൗരന്മാർ അത് അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കണമെന്ന് ലാത്തൂർ പൊലീസ് അഡ്മിനിസ്ട്രേഷൻ അഭ്യർഥിച്ചു. വിവരങ്ങൾ നൽകേണ്ടവർ എസ്ഡിപിഒ സമീർസിങ് സാൽവെയെ അദ്ദേഹത്തിൻ്റെ മൊബൈൽ നമ്പറിൽ നേരിട്ട് ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

പരീക്ഷ റദ്ദാക്കി; അന്വേഷണം ഊർജിതം

രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിദ്യാർഥികൾ മെയ് മൂന്നിന് എഴുതിയ നീറ്റ് യുജി 2026 പരീക്ഷയാണ് അതിവിപുലമായ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും പിന്നാലെ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ റദ്ദാക്കിയത്. പരീക്ഷാ നടത്തിപ്പിലെ വൻ വീഴ്ചകൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് സമഗ്രമായ അന്വേഷണം കേന്ദ്ര ഏജൻസിയായ സിബിഐയ്ക്ക് കൈമാറാൻ സർക്കാര്‍ തീരുമാനിച്ചത്.

https://www.worldm.news/national/neet-exam-cheating-the--25738