മുംബൈയിലെ ഒരു കുടുംബത്തിലെ നാലുപേരുടെ മരണകാരണം എലിവിഷം

 മുംബൈയിലെ ഒരു കുടുംബത്തിലെ നാലുപേരുടെ മരണകാരണം  എലിവിഷം

മുബൈ: ഭക്ഷ്യവിഷബാധയേറ്റ് ദമ്പതികളും അവരുടെ രണ്ട് പ്രായപൂർത്തിയാകാത്ത പെൺമക്കളും മരിച്ച സംഭവത്തിൽ നിർണായ കണ്ടെത്തലുകൾ പുറത്ത്. നാലുപേരടങ്ങുന്ന കുടുംബം മരിച്ചത് തണ്ണിമത്തൻ കഴിച്ചത് മൂലമല്ല മറിച്ച് വിഷബാധമൂലമാണെന്ന് സ്ഥിരീകരിച്ചു. ഇരകളുടെ ശരീരത്തിലും കഴിച്ച പഴങ്ങളുടെ സാമ്പിളുകളിലും നടത്തിയ പരിശോധനയിൽ എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന മാരകമായ വിഷവസ്‌തുവിൻ്റെ അംശം മെഡിക്കൽ സംഘം കണ്ടെത്തി.പോസ്‌റ്റുമോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ വിഷബാധയുമായി പൊരുത്തപ്പെടുന്ന പച്ചനിറം കണ്ടെത്തിയതിനെത്തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ വൻ വഴിത്തിരിവ് ഉണ്ടാകുന്നത്. തന്നെയുമല്ല ഫോറൻസിക് പരിശോധനയിൽ നാലുപേരും മാരകമായ എലിവിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നും കണ്ടെത്തിയിരുന്നു.

പരിശോധനയിൽ എലിവിഷത്തിൽ ഉപയോഗിക്കുന്ന രാസവസ്‌തുവായ സിങ്ക് ഫോസ്ഫൈറ്റിൻ്റെ അംശം ഡോക്‌ടർമാർ കണ്ടെത്തി. കുടുംബം കഴിച്ച തണ്ണിമത്തൻ്റെ സാമ്പിളുകളിലും സിങ്ക് ഫോസ്ഫൈറ്റ് കലർന്നിരുന്നു. രാസവസ്‌തു പഴത്തിൽ അബന്ധവശാൽ കലർന്നതാണോ അതോ മനപൂർവ്വം ഉപയോഗിച്ചതാണോ എന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കും.

അവയവങ്ങൾ പച്ചനിറം

കഴിഞ്ഞയാഴ്‌ച പ്രാഥമിക ഫോറൻസിക് പരിശോധനയിൽ ഇരകളുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ അവയവങ്ങൾ പച്ച നിറത്തിലായതായി കണ്ടെത്തി. ഇത് വിഷബാധയെയാണ് സൂചിപ്പിക്കുന്നത്. ഇരയായ അബ്‌ദുള്ള ദോകാഡിയ എന്നയാളുടെ ശരീരത്തിൽ നിന്ന് ശക്തമായ വേദനസംഹാരിയായ മോർഫിൻ്റെ അംശവും കണ്ടെത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.ഏപ്രിൽ 25 ന് മുംബൈയിലെ ജെജെ മാർഗിലുള്ള( Ghari Mohalla, Pydhonie )വസതിയിലാണ് സംഭവം നടക്കുന്നത്. വസതിയിൽ നടന്ന കുടുംബസംഗമത്തിന് തൊട്ടുപിന്നാലെ കുടുംബത്തിലെ അബ്‌ദുള്ള ദോകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടിൽ എത്തിയ ബന്ധുക്കൾ തിരിച്ച് മടങ്ങിയതിന് ശേഷം പുലർച്ചെ 1 മണിക്ക് കുടുംബം തണ്ണിമത്തൻ കഴിച്ചു. ഇതിന് മുൻപിവർ ബിരിയാണിയും കഴിച്ചിരുന്നു. പിന്നീട് പുലർച്ചെ 5 മണിയോടെ, എല്ലാവർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടായി. തുടർന്ന് ഇവരെ അടുത്തുള്ള ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിമിഷങ്ങൾക്കകം മരിക്കുകയായിരുന്നു.

തണ്ണിമത്തനിൽനിന്നേറ്റ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക പരിശാധനയിലെ വിലയിരുത്തൽ. അല്ലാത്തപക്ഷം ബിരിയാണിയാണ് കാരണമെങ്കില്‍ അത് കഴിച്ച അതിഥികള്‍ക്കും ഭക്ഷ്യ വിഷബാധയേല്‍ക്കണമായിരുന്നു. അവർക്ക് ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചത്.