സതീശൻ സർക്കാർ ഇന്ന് മുതൽ കേരളം ഭരിക്കും : സത്യപ്രതിജ്ഞ രാവിലെ 10 മണിക്ക്

സതീശൻ സർക്കാർ ഇന്ന് മുതൽ കേരളം ഭരിക്കും : സത്യപ്രതിജ്ഞ രാവിലെ 10 മണിക്ക്

തിരുവനന്തപുരം: പത്തു വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച്  കേരള ജനത  നൽകിയ വൻ ഭൂരിപക്ഷത്തോടെ ഐക്യജനാധിപത്യ മുന്നണി ഇന്ന് അധികാരത്തിൽ  തിരിച്ചെത്തുകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം സഭയ്ക്കകത്തും പുറത്തും നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരവുമായി വി.ഡി. സതീശൻ ഇന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും . മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ് യുവനേതാക്കളായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, എം. ലിജു, ടി. സിദ്ദിഖ് , ഒ ജെ ജനീഷ് എന്നിവരുടെ  സാന്നിധ്യം മന്ത്രിസഭയ്ക്ക് പുതിയ വേഗത നൽകും. 5 മന്ത്രിസ്ഥാനങ്ങളുമായി മുസ്ലിം ലീഗ് മന്ത്രിസഭയിലെ ശക്തമായ സാന്നിധ്യമാകും. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി തുടങ്ങിയ പ്രമുഖരാണ് ലീഗിനെ നയിക്കുന്നത്. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും സഭയെ നയിക്കും.

 സത്യപ്രതിജ്ഞയ്‌ക്ക് വമ്പൻ വേദി

വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 150 അടി നീളത്തിലും 60 അടി വീതിയിലും ഒരുക്കിയിരിക്കുന്നത് അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള വമ്പൻ വേദിയാണ്. ഗവർണർ, നിയുക്ത മുഖ്യമന്ത്രി, മന്ത്രിമാർ, കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കൾ, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരുൾപ്പെടെ 150 ഓളം വിശിഷ്ട വ്യക്തികൾക്ക് ഒരേസമയം ഇരിക്കാൻ കഴിയുന്ന രീതിയിലാണ് ഈ വിപുലമായ സ്റ്റേജ് നിർമിച്ചിരിക്കുന്നത്.

ചടങ്ങില്‍ പങ്കെടുക്കുന്നവര്‍

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ ഒരു വലിയ നിരതന്നെ പങ്കെടുക്കുന്നുണ്ട്. ചടങ്ങിലെ പ്രധാന അതിഥികൾ...

കോൺഗ്രസ് ഹൈക്കമാൻഡ് & ദേശീയ നേതാക്കൾ

മല്ലികാർജുൻ ഖാർഗെ (എ.ഐ.സി.സി. പ്രസിഡൻ്റ്),രാഹുൽ ഗാന്ധി (ലോക്സഭാ പ്രതിപക്ഷ നേതാവ്),പ്രിയങ്ക ഗാന്ധി വാദ്ര (വയനാട് എം.പി)

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ

സിദ്ധരാമയ്യ (കർണാടക മുഖ്യമന്ത്രി),എ. രേവന്ത് റെഡ്ഡി (തെലങ്കാന മുഖ്യമന്ത്രി),സുഖ്‌വിന്ദർ സിംഗ് സുഖു (ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി)

ഡി.കെ. ശിവകുമാർ (കർണാടക ഉപമുഖ്യമന്ത്രി),സി.

ജോസഫ് വിജയ് (തമിഴ്‌നാട് മുഖ്യമന്ത്രി )സുരക്ഷാകാരണങ്ങളാൽ വരില്ലാ എന്നറിയിച്ചിട്ടുണ്ട് .

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾനിയുക്ത മന്ത്രിമാരും യു.ഡി.എഫ് നേതാക്കളും: സത്യപ്രതിജ്ഞ ചെയ്യുന്ന 21 മന്ത്രിമാരും കെ.പി.സി.സി പ്രസിഡൻ്റ് ഉൾപ്പെടെയുള്ള മുന്നണിയിലെ പ്രമുഖ നേതാക്കളും.

എൽ.ഡി.എഫ് പ്രതിനിധികൾ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഇടത് മുന്നണി നേതാക്കൾക്ക് ഔദ്യോഗിക ക്ഷണമുണ്ട്.

ബി.ജെ.പി പ്രതിനിധികൾ: വി.ഡി. സതീശൻ ഫോണിലൂടെ നേരിട്ട് ക്ഷണിച്ചതിനെ തുടർന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റും നേമം എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖറും മറ്റ് രണ്ട് ബി.ജെ.പി എം.എൽ.എമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മറ്റ് വിശിഷ്ട വ്യക്തികൾ

ഗവർണർ ആർ.വി. അർലേക്കർ (ഇദ്ദേഹമാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്). സംസ്ഥാനത്തെ വിവിധ സാമൂഹിക, സമുദായ, ആത്മീയ നേതാക്കൾ.ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ.പ്രത്യേക പാസുകൾ വഴി പ്രവേശനം ലഭിച്ച ഇരുപതിനായിരത്തിലധികം വരുന്ന പൊതുജനങ്ങൾ.

**********************************************

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകൾ

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകൾ നൽകാൻ കോൺഗ്രസ് നേതൃത്തിൻ്റെ തീരുമാനം. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും നിയുക്ത മന്ത്രി കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് മുൻപായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി വകുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വിയോജിപ്പ് ഉന്നതതലങ്ങളിൽ പ്രകടിപ്പിച്ച അദ്ദേഹം ലഭ്യമാകുന്നത് വൈദ്യുതിയാണെങ്കിൽ ചുമതല ഏറ്റെടുക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.സർക്കാരിൻ്റെ പ്രവർത്തനങ്ങളെ തുടക്കത്തിൽ തന്നെ ഇത്തരം അതൃപ്തികൾ പ്രതികൂലമായി ബാധിക്കുമെന്ന കർശന വിലയിരുത്തലിലാണ് അടിയന്തര സമവായ നീക്കങ്ങൾ നടന്നത്. ജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകാൻ സാധിക്കുന്നതും ഭരണരംഗത്ത് നിർണായക സ്വാധീനമുള്ളതുമായ വകുപ്പുകൾ വേണമെന്ന അദ്ദേഹത്തിൻ്റെ ആവശ്യത്തെ തുടർന്നാണ് ഈ സുപ്രധാന മാറ്റങ്ങൾക്ക് കളമൊരുങ്ങിയത്. തുടർന്ന് നടന്ന വിശദമായ ചർച്ചകൾക്കൊടുവിലാണ് ആരോഗ്യ, ദേവസ്വം വകുപ്പുകൾ നൽകി കെ മുരളീധരനെ അനുനയിപ്പിക്കാൻ തീരുമാനമായത്.ഭരണരംഗത്ത് കൂടുതൽ സജീവമായി ഇടപെടാനും തൻ്റെ പ്രവർത്തനപരിചയം ജനക്ഷേമത്തിനായി ഫലപ്രദമായി വിനിയോഗിക്കാനും പുതിയ വകുപ്പുകൾ വഴി സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടെ വകുപ്പ് വിഭജനത്തെച്ചൊല്ലി ദിവസങ്ങളായി നിലനിന്നിരുന്ന സങ്കീർണമായ രാഷ്ട്രീയ വിവാദങ്ങൾക്കാണ് പൂർണവിരാമമാകുന്നത്. പാർട്ടിയിലെയും മുന്നണിയിലെയും ഭിന്നതകൾ പൂർണമായും അവസാനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്.

മന്ത്രിസഭയിൽ അംഗമായതിൽ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി അനൂപ് ജേക്കബ് പ്രതികരിച്ചു. ഏതു വകുപ്പ് നൽകണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും യുഡിഎഫ് മികച്ച ടീമാണെന്നും അദ്ദേഹം പറഞ്ഞു. ഏതു വകുപ്പ് ലഭിച്ചാലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്രമമില്ലാത്ത പോരാട്ടാങ്ങളുടെ ഫലo

പത്ത് വർഷം നീണ്ട അവിശ്രമ പോരാട്ടങ്ങളുടെ ഫലമായാണ് പുതിയ മന്ത്രിസ്ഥാനത്തെ കാണുന്നതെന്ന് ചുമതലയേൽക്കുന്ന മന്ത്രി ഒ ജെ ജനീഷ് പ്രതികരിച്ചു. ലഭിച്ച പദവി കേവലം വ്യക്തിപരമായ നേട്ടമായി അദ്ദേഹം കരുതുന്നില്ല. രാപകൽ വ്യത്യാസമില്ലാതെ തന്നോടൊപ്പം പോരാടിയ സാധാരണക്കാരായ ഓരോ മനുഷ്യരുടെയും ജനപ്രതിനിധിയായാണ് താൻ ഈ സ്ഥാനത്ത് ഇരിക്കുന്നത്. അധികാരത്തിൻ്റെ ഉന്നതങ്ങളിൽ എത്തുമ്പോഴും കടന്നുവന്ന കനൽവഴികളെക്കുറിച്ചും ജനങ്ങൾക്കിടയിൽ നിന്ന് സ്വന്തമാക്കിയ അനുഭവങ്ങളെക്കുറിച്ചും യാതൊരുവിധ മറവിയും ഉണ്ടാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് റോജി

കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയരാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് നിയുക്ത മന്ത്രി റോജി എം ജോണ്‍. "എൻ്റെ മേൽ വിശ്വാസമർപ്പിക്കുകയും ഇത്തരമൊരു വലിയ അവസരം നൽകുകയും ചെയ്ത കോൺഗ്രസ് പാർട്ടി നേതൃത്വത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്ക് വലിയൊരു ജനവിധിയാണ് നൽകിയിരിക്കുന്നത്, ഈ സർക്കാരിൽ അവർക്ക് വലിയ പ്രതീക്ഷകളുമുണ്ട്. ഞങ്ങൾ നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാൻ തീർച്ചയായും പരമാവധി ശ്രമിക്കും, ഒപ്പം കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയരാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു." അദ്ദേഹം പറഞ്ഞു.

39 വർഷങ്ങൾക്ക് ശേഷം 

നീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകുന്നത്. 1957ൽ കെഒ ആയിഷ ബായ്, 1960ല്‍ എ നഫീസത്ത് ബീവി, 1987ൽ ഭാർ​ഗവി തങ്കപ്പൻ എന്നിവർക്കു ശേഷം ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് ആദ്യമായി എത്തുന്ന വനിതയെന്ന പെരുമ ഷാനിമോൾ ഉസ്മാന് സ്വന്തമായി.

വിഡിഎസ് മന്ത്രിസഭ 

വിഡി സതീശന്‍: മുഖ്യമന്ത്രി

രമേശ് ചെന്നിത്തല: ആഭ്യന്തരം

കെ മുരളീധരന്‍,സണ്ണി ജോസഫ്,മോന്‍സ് ജോസഫ്,ഷിബു ബേബിജോണ്‍,അനൂപ് ജേക്കബ്,സിപി ജോണ്‍,

എപി അനില്‍കുമാര്‍,എന്‍ ഷംസുദ്ദീന്‍,പിസി വിഷ്ണുനാഥ്,റോജി എം ജോണ്‍,ബിന്ദു കൃഷ്ണ,എം ലിജു,ടി സിദ്ദിഖ്

കെഎം ഷാജി,പികെ ബഷീര്‍,വിഇ അബ്ദുല്‍ ഗഫൂര്‍,കെഎ തുളസി,ഒജെ ജനീഷ്.