"നഗരത്തിൽ,നാടൻഭക്ഷണങ്ങളും നാട്ടുകാഴ്ചകളുമൊരുങ്ങുന്നു..." :രജതജൂബിലി നിറവിൽ സീവുഡ്സ് മലയാളി സമാജo

"നഗരത്തിൽ,നാടൻഭക്ഷണങ്ങളും നാട്ടുകാഴ്ചകളുമൊരുങ്ങുന്നു..." :രജതജൂബിലി നിറവിൽ  സീവുഡ്സ് മലയാളി സമാജo

മുംബൈ: ജൂൺ ആറിന് വൈകിട്ട് നാലരയ്ക്ക് സീവുഡ്സിലെ സെക്ടർ 48 ലെ ഗണേശ് മൈതാനിയിൽ 'പൊന്ന്യത്തങ്കം' മാതൃകയിൽ അങ്കത്തട്ടുണരും. തച്ചോളി ഒതേനനും ഒതേനൻ്റെ  ഗുരുവായ കതിരൂർ ഗുരുക്കളും പരസ്പരമുള്ള പോരിനായി തിരഞ്ഞെടുത്തത് പൊന്യത്തെ ഏഴരക്കണ്ടം ആയിരുന്നു. ഏതാണ്ട് അഞ്ഞൂറിലധികം വർഷങ്ങൾക്കു മുൻപേ അവരിരുവരും അങ്കംവെട്ടി മരിച്ചുവീണ ഈ ഏഴരക്കണ്ടത്ത് അവരുടെ ഓർമ്മകളിൽ 'പൊന്ന്യത്തങ്കം' എന്നപേരിൽ വീണ്ടും മെയ്യ് അഭ്യാസത്തിന്റെ വിസ്മയ പ്രകടനത്തിന് സീവുഡ്സ് മലയാളി സമാജത്തിൻ്റെ ഗ്രാമചന്തയോടനുബന്ധിച്ച് വേദി ഒരുങ്ങിയിരിക്കുകയാണ്. ഒമ്പതരയ്ക്കവസാനിക്കുന്ന ഗ്രാമ ചന്തയിൽ നാല് അങ്കങ്ങളുണ്ടാവും.

പീടികകളും നാടൻ ഭക്ഷണശാലകളും ഭാഗ്യക്കുറിയും പഞ്ചഗുസ്‌തിയും കുളിക്കടവും തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമചന്ത അന്യഭാഷക്കാരേയും ത്രസിപ്പിക്കുന്ന മട്ടിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

നിരവധി നാടൻ ഭക്ഷണങ്ങൾ : ഗ്രാമ ചന്തക്ക് രുചിയേറും  !

എഴുപതുകളേയും എൺപതുകളേയും അനുസ്‌മരിപ്പിക്കുന്ന ചായക്കടയും പായസക്കടയും തുടങ്ങി കഞ്ഞിയും  കപ്പയും പാനീയങ്ങളും മീനും ചമയങ്ങളും വിൽക്കുന്ന കടകളിലേക്ക് നിരവധി മലയാളികളും അന്യഭാഷാ കുതുകികളും എത്തും.വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്‌ക്കരിക്കുന്നതിൽ ശ്രദ്ധേയമായ സീവുഡ്‌സ് മലയാളി സമാജം അതിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തിനോടനുബന്ധിച്ചാണ് പഴമയുടെ മധുരം വിളമ്പി അതിവിപുലമായ ഗ്രാമ ചന്തയുമായെത്തുന്നത്

'ലോക്കൽ ഈസ് ഫ്യൂച്ചർ 'എന്ന സന്ദേശമുയർത്തി,ഗ്രാമച്ചന്തയുടെ നന്മകൾ പുതു തലമുറക്ക് പരിചയപ്പെടുത്തുക കൂടിയാണ് സീവുഡ്സ് മലയാളി സമാജo. .ഗ്രാമ ചന്തയിൽ കുളിക്കടവും ഊഞ്ഞാലും ഗ്രന്ഥാലയവും നാടൻ കാഴ്ച്ചകളും ആഘോഷങ്ങളാക്കും.പഴയ ഗാനങ്ങൾ അണിനിരക്കുന്ന ഗാനമേള,'80കളെ ഓർമ്മിപ്പിക്കുന്ന ഭാഗ്യക്കുറി തുടങ്ങിയവയും ഗ്രാമ ചന്തയുടെ  മാറ്റ് കൂട്ടും.ഭൂതകാല കുളിരും നവീന ലോകത്തിൻ്റെ അഭിലാഷങ്ങളും ഇഴചേരുന്ന മട്ടിലാണ് മഹാനഗരത്തിൽ നിരവധി വേറിട്ട പരിപാടികൾ ഒരുക്കിയ സീവുഡ്സ് മലയാളി സമാജം ഗ്രാമ ചന്തയൊരുക്കുന്നത്.

പ്ലാസ്‌റ്റിക് വിമുക്തമായ ഗ്രാമ ചന്തയൊരുക്കാനാണ് ഈ വേസ്റ്റ് സമാഹരണം വഴി സമാജങ്ങൾക്ക് മാതൃകയായ സീവുഡ്സ് മലയളി സമാജം ശ്രമിക്കുന്നത്. കാർബൺ പാദമുദ്ര കുറയ്ക്കുന്ന ശ്രമങ്ങളിൽ ബദ്ധശ്രദ്ധാലുക്കളാണ് സീവുഡ്‌സ് മലയാളി സമാജം.പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കാനായി മേൽത്തരം തുണി സഞ്ചികൾ ലഭ്യമാക്കുമെന്നും സമാജം സംഘാടകർ പറഞ്ഞു. 

കേരളത്തിന്റെ ഗതകാല ഗ്രാമീണ വിപണിയുടെ ഓർമ്മകൾ വീണ്ടും ജീവിപ്പിക്കുന്ന ഗ്രാമചന്ത 2026-ലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.

വിവരങ്ങൾക്ക് :

Shashi Nair – 9967063280

PGR Nair – 9004470324