സ്കൂൾ കുട്ടികൾക്ക് മയക്കുമരുന്ന് വിൽപ്പന! ചേർപ്പിൽ രാസലഹരിയുമായി ഡ്രൈവർ പിടിയിൽ

തൃശ്ശൂർ: ചേർപ്പ് ചൊവ്വൂരിൽ സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്താനായി സൂക്ഷിച്ച അതിമാരക രാസലഹരിയായ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവറെ റൂറൽ പോലീസ് പിടികൂടി. കുട്ടനെല്ലൂർ ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (38) ആണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ വലയിലായത്. തൃശ്ശൂർ റൗണ്ടിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഇയാൾ, ഈ ജോലിയുടെ മറവിലാണ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നിരോധിത ലഹരി ഉത്പന്നങ്ങൾ വിറ്റഴിച്ചിരുന്നത്.
അതേസമയം മുൻപും വിയ്യൂർ സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലും, മാളയിൽ വണ്ടിയിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലും പ്രതിയായ ഇയാൾക്കെതിരെ ഇത്തവണ ബാലനീതി നിയമത്തിലെ (ജുവനൈൽ ജസ്റ്റിസ് ആക്ട്) ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി.