ലൈംഗിക പീഢനം :പ്രശസ്ത ഗായകനും നടനും ഗാനരചയിതാവുമായ പാട്രിക് ബ്രൂയൽ പോലീസ് കസ്റ്റഡിയിൽ

ലൈംഗിക പീഢനം :പ്രശസ്ത ഗായകനും നടനും ഗാനരചയിതാവുമായ പാട്രിക് ബ്രൂയൽ   പോലീസ് കസ്റ്റഡിയിൽ

പാരിസ്: ഫ്രഞ്ച് പോപ്പ് സംഗീത ലോകത്തെയും സിനിമാ മേഖലയെയും നടുക്കിക്കൊണ്ട് പ്രശസ്ത ഗായകനും നടനും ഗാനരചയിതാവുമായ പാട്രിക് ബ്രൂയലിനെ  ലൈംഗിക പീഡനക്കേസിൽ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു . ബലാത്സംഗം, ബലാത്സംഗ ശ്രമം, കടുത്ത ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി 13 സ്ത്രീകളുടെ പരാതിയിലാണ് ബ്രൂയലിനെ അറസ്റ്റ് ചെയ്തതെന്ന് നാന്റേറിലെ പ്രോസിക്യൂട്ടർ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇന്നലെ  രാവിലെ മുതൽ ഗായകൻ പോലീസ് കസ്റ്റഡിയിലാണ്. എന്നാൽ തനിക്കെതിരെ ഉയർന്നിട്ടുള്ള എല്ലാ ആരോപണങ്ങളും ബ്രൂയൽ പൂർണ്ണമായി നിഷേധിച്ചു.1980-കളിലും 1990-കളിലും ഫ്രഞ്ച് സംഗീത ലോകത്ത് തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് പാട്രിക് ബ്രൂയൽ. ഫ്രഞ്ച് ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായി മാറിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ അദ്ദേഹം, നാൽപ്പതിലധികം സിനിമകളിലും ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1997, 2000, 2001 വർഷങ്ങളിൽ തങ്ങളെ ലൈംഗികാതിക്രമത്തിനും ബലാത്സംഗ ശ്രമത്തിനും ഇരയാക്കിയെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് നാന്റേരെ പ്രോസിക്യൂട്ടറുടെ ഓഫീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. എന്നാൽ ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൂടുതൽ സ്ത്രീകൾ ഗായകനെതിരെ സമാനമായ ലൈംഗികപീഡന പരാതികളുമായി രംഗത്തെത്തിയത്.

മുൻപ് 2012-ൽ ഫ്രാൻസിലെ ബ്രിട്ടാനി മേഖലയിലുള്ള ദിനാർഡിൽ നടന്ന ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പടിഞ്ഞാറൻ ഫ്രാൻസിൽ ആരംഭിച്ച പോലീസ് അന്വേഷണം പിന്നീട് കൂടുതൽ വ്യക്തതയ്ക്കായി നാന്റേറെ പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. കൂടാതെ, 2010-ൽ ബെൽജിയം തലസ്ഥാനമായ ബ്രസ്സൽസിൽ വെച്ച് ബ്രൂയൽ തനിക്കെതിരെ ബലാത്സംഗ-ലൈംഗികാതിക്രമം നടത്തിയെന്ന് ഒരു സ്ത്രീ നൽകിയ ഔദ്യോഗിക മൊഴി ഈ മാസം ആദ്യം ബെൽജിയൻ അധികൃതർ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർക്ക് കൈമാറിയതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിച്ച ഈ പീഡനക്കേസിൽ ഗായകനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.