അമേരിക്കയിൽ മുസ്ലീം പള്ളിക്ക് നേരെ വെടിവെപ്പ് ; മൂന്നു പേർ കൊല്ലപ്പെട്ടു

സാൻഡിയാഗോ : അമേരിക്കയിലെ സാൻ ഡിയാഗോയിലെ ഏറ്റവും വലിയ മുസ്‌ലിം ആരാധനാലയത്തിന് നേരെ ഉണ്ടായ വെടിവയ്‌പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇസ്ളാമിക് സെൻ്റർ ഓഫ് സാൻ ഡിയാഗോയിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയതെന്ന് പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.ആരാധനാലയത്തിൽ വെടിയുതിർത്ത ശേഷം ഒളിവിൽ പോയ തോക്കുധാരികളായ രണ്ട് പ്രതികളെ പിന്നീട് പള്ളിക്ക് സമീപം ഒരു വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് എഫ്ബിഐ ഉദ്യോഗസ്ഥ മാർക്ക് റെമിലി പറഞ്ഞു.
പ്രതികൾ കൗമാരക്കാർ; ജീവനൊടുക്കിയതെന്ന് പൊലീസ്
കൊല്ലപ്പെട്ട പ്രതികൾ 17-ഉം 19-ഉം വയസുള്ളവരാണെന്ന് സാൻ ഡീയാഗോ പൊലീസ് ചീഫ് സ്കോട്ട് വാൽ സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ ഇരുവരും സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്നാണ് നിഗമനം. ആക്രമണം നടത്തിയ ശേഷം ഇവർ വാഹനത്തിലേക്ക് മാറുകയും പൊലീസിന് പിടികൊടുക്കാതിരിക്കാൻ ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എഫ്.ബി.ഐ സാന്‍ ഡിയാഗോ സ്പെഷ്യൽ ഏജൻ്റ് ഇൻ ചാർജ് മാർക്ക് റെമിലിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്വേഷ കുറ്റകൃത്യമാണെന്ന് സൂചന
വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് ഇതൊരു വംശീയ അധിക്ഷേപത്തിൻ്റെ ഭാഗമായി നടന്ന ആസൂത്രിത ആക്രമണമാണെന്നാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അക്രമികളിൽ ഒരാൾ സ്വന്തം മാതാപിതാക്കളുടെ വീട്ടിൽ നിന്നാണ് തോക്ക് മോഷ്‌ടിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.കൂടാതെ, ഇവർ വീട്ടിൽ ഉപേക്ഷിച്ചുപോയ ആത്മഹത്യാക്കുറിപ്പിൽ വംശീയ മഹിമയെക്കുറിച്ചും വിദ്വേഷം നിറഞ്ഞ നിലപാടുകളെക്കുറിച്ചുമുള്ള കടുത്ത പരാമർശങ്ങൾ അടങ്ങിയിട്ടുണ്ടെന്നും എഫ്.ബി.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണത്തിനായി പ്രതികൾ ഉപയോഗിച്ച ആയുധങ്ങളിലൊന്നിൽ വംശീയ അധിക്ഷേപം അടങ്ങിയ വാചകങ്ങൾ എഴുതിവെച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് പൊലീസ് പറഞ്ഞു
സാൻ ഡീഗോ നഗരമധ്യത്തിൽ നിന്ന് ഏകദേശം ഒന്‍പത് മൈൽ (14 കിലോമീറ്റർ) വടക്കാണ് ഇസ്‌ലാമിക് സെൻ്റർ സ്ഥിതി ചെയ്യുന്നത്. സാൻ ഡീഗോയിലെ ഏറ്റവും വലിയ പള്ളി എന്നാണ് സാൻ ഡീഗോയിലെ ഇസ്‌ലാമിക് സെൻ്റർ സ്വയം വിശേഷിപ്പിക്കുന്നത് മുസ്‌ലീം ജനതയുടെ മതപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ദരിദ്രരെ സേവിക്കുന്നതിനും വിദ്യാഭ്യാസം നൽകുന്നതിനും സമൂഹവുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നതാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. പ്രീ-കെ.ഇ മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു സ്‌കൂളും ഇവിടെ ഉണ്ട്. ആക്രമണത്തിൽ കുട്ടികൾക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും യു.എസ് സുരക്ഷാ ഏജൻസികൾ അറിയിച്ചു.