വളാഞ്ചേരിയില്‍ മദ്യപാനിയായ പിതാവിൻ്റെ അടിയേറ്റ് മകന്‍ മരിച്ചു

വളാഞ്ചേരിയില്‍ മദ്യപാനിയായ  പിതാവിൻ്റെ അടിയേറ്റ് മകന്‍ മരിച്ചു

മലപ്പുറം: വളാഞ്ചേരിയില്‍ മദ്യത്തിനടിമയായ പിതാവിൻ്റെ അടിയേറ്റ് മകന് ദാരുണാന്ത്യം. വൈക്കത്തൂര്‍ പച്ചീരിയില്‍ താമസിക്കുന്ന മങ്കുഴിയില്‍ ശബരിയുടെ മകന്‍ ശ്യാംകൃഷ്ണന്‍ (17) ആണ് മരിച്ചത്. വളാഞ്ചേരി വൈക്കത്തൂര്‍ പച്ചീരിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. പ്രതി ശബരിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഗുരുതര പരുക്കേറ്റ ശ്യാംകൃഷ്ണന്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.രാത്രി പത്തരയോടെ മദ്യപിച്ചെത്തിയ ശബരിയും മകന്‍ ശ്യാംകൃഷ്ണനുമായി തര്‍ക്കമുണ്ടായി. ഇതിനിടയില്‍ അബദ്ധത്തില്‍ ശബരി ശ്യാമിൻ്റെ തലയ്ക്ക് അടിച്ചു. ബോധരഹിതനായ ശ്യാമിനെ പിതാവ് ശബരി തന്നെയാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്ക്കായി ശ്യാമിനെ സ്വകാര്യ മെഡിക്കല്‍ കോളജ് അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്‌ച മരണത്തിനു കീഴടങ്ങുകയായിരുന്നു. മരപ്പണിക്കാരനാണ് ശബരി. വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്‌ടു വിദ്യാര്‍ഥിയാണ് മരിച്ച ശ്യാംകൃഷ്ണന്‍.