IPL2026: ചെന്നൈ സൂപ്പർ കിംഗ്‌സിനെ തോൽപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫിന് യോഗ്യത നേടി

IPL2026: ചെന്നൈ സൂപ്പർ കിംഗ്‌സിനെ തോൽപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്   പ്ലേഓഫിന് യോഗ്യത നേടി

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു. 70 റൺസോടെ ഇന്നിംഗ്‌സ് നയിച്ച ഓപ്പണർ ഇഷാൻ കിഷനും 47 റൺസെടുത്ത ഹെൻറിച്ച് ക്ലാസനുമാണ് സൺറൈസേഴ്‌സിന്‍റെ വിജയം എളുപ്പമാക്കിയത്. ഈ വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റ് നേടിയ ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നിവർക്കൊപ്പം ഔദ്യോഗികമായി പ്ലേഓഫിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമായി മാറി.

മറുപടി ബാറ്റിംഗിൽ മൂന്നാം ഓവറിൽത്തന്നെ ട്രാവിസ് ഹെഡിനെ (6) നഷ്ടമായെങ്കിലും ഇഷാൻ കിഷനും അഭിഷേക് ശർമ്മയും (26) ചേർന്ന് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അഭിഷേക് പുറത്തായ ശേഷം ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസൻ ചെന്നൈ ബൗളർമാരെ കടന്നാക്രമിച്ച് റൺറേറ്റ് ഉയർത്തി. 27 പന്തിൽ ആറ് ഫോറും രണ്ട് സിക്സുമടക്കം 47 റൺസെടുത്ത ക്ലാസൻ പുറത്താകുമ്പോഴേക്കും ഹൈദരാബാദ് ശക്തമായ നിലയിലായിരുന്നു. തുടർന്ന് 37 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച ഇഷാൻ കിഷൻ 70 റൺസുമായി ടീമിന്‍റെ വിജയം ഉറപ്പാക്കി. നിതീഷ് കുമാർ റെഡ്ഡി (13) പുറത്തായെങ്കിലും അവസാന ഓവറുകളിൽ പതറാതെ കളിച്ച കിഷനും, ഫോറിലൂടെ മത്സരം അവസാനിപ്പിച്ച സ്മരൺ രവിചന്ദ്രനും ചേർന്ന് ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചു.

സഞ്ജുവിന് മികച്ച തുടക്കം

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് എടുത്തത്. ആദ്യ ഓവറുകളിൽ തകർത്തടിച്ച സഞ്ജു സാംസൺ 13 പന്തിൽ 27 റൺസെടുത്ത് ചെന്നൈക്ക് മികച്ച തുടക്കം നൽകി. പിന്നാലെയെത്തിയ ഉർവിൽ പട്ടേൽ (13), കാർത്തിക് ശർമ്മ (32) എന്നിവർ വേഗത്തിൽ റൺസ് ഉയർത്തിയെങ്കിലും ഹൈദരാബാദ് ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് 15 റൺസിന് പുറത്തായതോടെ ചെന്നൈ ഒരു ഘട്ടത്തിൽ പ്രതിരോധത്തിലായി. തുടർന്ന് ഒന്നിച്ച ശിവം ദുബെയും ഡെവാൾഡ് ബ്രെവിസും ചേർന്നാണ് ചെന്നൈയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ബ്രെവിസ് 27 പന്തിൽ നാല് സിക്സറുകളുടെ അകമ്പടിയോടെ 44 റൺസെടുത്ത് ടീമിന്റെ ടോപ്പ് സ്കോററായി. ശിവം ദുബെ 26 റൺസ് സംഭാവന ചെയ്തു.

കമ്മിൻസിന് മൂന്ന് വിക്കറ്റും 200 വിക്കറ്റ് നേട്ടവും

ഹൈദരാബാദിനായി നാല് ഓവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ചെന്നൈയെ വലിയ സ്കോറിൽ നിന്നും തടഞ്ഞത്. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ 200 വിക്കറ്റുകൾ തികയ്ക്കാനും കമ്മിൻസിന് സാധിച്ചു. സാക്കിബ് ഹുസൈൻ, പ്രഫുൽ ഹിംഗെ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഈഷൻ മലിംഗ ഒരു വിക്കറ്റും നേടി.