രാജ്യത്ത് മൂന്നാം ഘട്ട വോട്ടർപട്ടിക പുതുക്കലിന് തുടക്കമിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്ത് മൂന്നാം ഘട്ട വോട്ടർപട്ടിക പുതുക്കലിന് തുടക്കമിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ പ്രക്രിയ കൂടുതൽ സുതാര്യമാക്കുമെന്ന് അവകാശപ്പെട്ടുള്ള വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ (സ്പെഷ്യല്‍ ഇൻ്റൻസീവ് റിവിഷൻ, എസ്ഐആര്‍) മൂന്നാം ഘട്ടത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കമിട്ടു. 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പടർന്നുകിടക്കുന്ന 36.73 കോടി വോട്ടർമാരെയാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്. ഇതിനായി 3.94 ലക്ഷം ഗ്രൗണ്ട് ലെവൽ ഉദ്യോഗസ്ഥരെയാണ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സെൻസസ് ഹൗസ് ലിസ്റ്റിങ് നടപടികൾക്കൊപ്പം ചേർത്താണ് ഈ വോട്ടർപട്ടിക പുതുക്കലും നടപ്പിലാക്കുന്നത്.

വീടുകളിലേക്ക് ബൂത്ത് ലെവൽ ഓഫീസർമാർ (BLOs) എത്തും

അർഹരായ മുഴുവൻ ആളുകളെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഈ തീവ്രയത്ന പരിപാടിയുടെ ലക്ഷ്യമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (BLOs) വോട്ടർമാരുടെ വീടുകൾ നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. ഈ ജനാധിപത്യ പ്രക്രിയയിൽ എല്ലാ വോട്ടർമാരും ആവേശത്തോടെ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന പ്രധാന സംസ്ഥാനങ്ങൾ

കേരളം ഈ ഘട്ടത്തിൽ ഇല്ലെങ്കിലും തെന്നിന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നിവ ഇതിൽ ഉൾപ്പെടുന്നു. മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, പഞ്ചാബ്, ഒഡീഷ, ജാർഖണ്ഡ് ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസഐആര്‍ നടക്കുന്നത്.

ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ (16)

ആന്ധ്രാപ്രദേശ്

അരുണാചൽ പ്രദേശ്

തെലങ്കാന

കർണാടക

മഹാരാഷ്ട്ര

ഝാർഖണ്ഡ്

ഒഡീഷ

പഞ്ചാബ്

ഹരിയാന

ഉത്തരാഖണ്ഡ്

സിക്കിം

ത്രിപുര

നാഗാലാൻഡ്

മണിപ്പൂർ

മേഘാലയ

മിസോറാം

ഉൾപ്പെടുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ (3)

ഡൽഹി

ചണ്ഡീഗഢ്

ദാദ്ര ആൻഡ് നഗർ ഹവേലി - ദാമൻ ആൻഡ് ദിയു

എന്നാൽ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നീ മൂന്ന് മേഖലകളെ നിലവിൽ ഈ ഘട്ടത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഠിനമായ കാലാവസ്ഥയും മഞ്ഞുവീഴ്ചയും സെൻസസ് നടപടികളുടെ പുരോഗതിയും വിലയിരുത്തിയ ശേഷം ഇവിടുത്തെ വോട്ടർപട്ടിക പുതുക്കൽ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

വിവിധ സംസ്ഥാനങ്ങളിലെ സമയക്രമം ഇങ്ങനെ..

മെയ് 30 മുതൽ: ഒഡീഷ, മിസോറാം, സിക്കിം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ വീടുകൾ കയറിയുള്ള പരിശോധന ആരംഭിക്കും. ഇവരുടെ അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 6-ഓടെ പ്രസിദ്ധീകരിക്കും.

ഒക്ടോബർ 7-ഓടെ: മഹാരാഷ്ട്ര, കർണാടക, ഡൽഹി, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ അന്തിമ പട്ടിക പുറത്തുവരും.

ഡിസംബർ 23: ഏറ്റവും ഒടുവിൽ പ്രക്രിയ പൂർത്തിയാകുന്നത് ത്രിപുരയിലാണ്.

വോട്ടർപട്ടിക പുതുക്കൽ പൂർണ്ണമായും സുതാര്യമാണെന്ന് ഉറപ്പാക്കാൻ എല്ലാ പോളിംഗ് ബൂത്തുകളിലും 'ബൂത്ത് ലെവൽ ഏജന്റുമാരെ' (BLAs) നിയമിക്കാൻ രാഷ്ട്രീയ പാർട്ടികളോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ 3.42 ലക്ഷത്തോളം ഏജന്റുമാരെ പാർട്ടികൾ സജ്ജമാക്കിയിട്ടുണ്ട്.ഈ ഘട്ടത്തിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മഹാരാഷ്ട്രയിലാണ് (9.86 കോടി). തൊട്ടുപിന്നാലെ കർണാടകയും (5.55 കോടി) ആന്ധ്രാപ്രദേശും (4.16 കോടി) ഉണ്ട്. ഇതിന് മുൻപ് നടന്ന ഒന്നും രണ്ടും ഘട്ടങ്ങളിലായി 13 സംസ്ഥാനങ്ങളിലെ 59 കോടിയോളം വോട്ടർമാരെ കമ്മീഷൻ പരിശോധിച്ചിരുന്നു.