"മനുഷ്യരെ ഹിംസയിൽ നിന്ന് മോചിപ്പിച്ച് മനുഷ്യത്വത്തിലേക്ക് കൊണ്ടുപോകുക എന്നായിരിക്കണം സാഹിത്യത്തിൻ്റെ ലക്ഷ്യം"
മുംബൈ: മനുഷ്യരെ ഹിംസയിൽ നിന്ന് മോചിപ്പിച്ച് മനുഷ്യത്വത്തിലേക്ക് കൊണ്ടുപോകുക എന്നതായിരിക്കണം സാഹിത്യത്തിൻ്റെ ലക്ഷ്യമെന്ന് പ്രമുഖ സാഹിത്യകാരൻ ടിഡി രാമകൃഷ്ണൻ .ഡോംബിവ്‌ലിയിലെ കേരളീയസമാജം സംഘടിപ്പിച്ച തുഞ്ചൻ സ്‌മാരക സാഹിത്യോത്സവം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. "പുതിയ കാലത്തോട് സംവദിക്കുക" എന്ന് മുംബൈയിലെ എഴുത്തുകാരോടായി അദ്ധേഹം പറഞ്ഞു . 10-30 വർഷങ്ങൾക്ക് മുമ്പുള്ള സാഹിത്യരചനകൾ വായിക്കുന്നത് കൂടാതെ പുതിയ കാലത്തെ വായനക്കാരോട് കൂടി സംവദിക്കുമ്പോൾ ആണ് പുതിയ കാലത്തിൻ്റെ എഴുത്തുകാരനാകുന്നത് .ഹിംസക്കെതിരെയുള്ള മനുഷ്യൻ്റെ പോരാട്ടങ്ങളായിരിക്കണം കലാ സാഹിത്യ പ്രവർത്തനങ്ങളെന്നും മനുഷ്യരെ ഹിംസയിൽ നിന്ന് മോചിപ്പിച്ച് മനുഷ്യത്വത്തിലേക്ക് കൊണ്ടുപോകുക എന്നായിരിക്കണം സാഹിത്യത്തിൻ്റെ ലക്ഷ്യം എന്നും അദ്ധേഹം ഓർമ്മപ്പെടുത്തി.
"കാലത്തിന് മുമ്പ് സഞ്ചരിക്കുന്നവരാണ് എഴുത്തുകാർ . എഴുത്തുകാർ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുക അനിവാര്യമാണ് . ഇവിടുത്തെ എഴുത്തുക്കാർ തങ്ങളുടെ എഴുത്തുകൾ അംഗീകരിക്കപ്പെടുന്നില്ല എന്ന് പരിഭവപ്പെടാതെ പുതിയ കാലത്തിൻ്റെ ഭാഷ ജീവിതരീതികൾ പുതിയ വായനക്കാർ ആവശ്യപ്പെടുന്ന സംഗിതകൾ പിന്തുടർന്ന് എഴുത്തുക്കാർ സ്വന്തം വഴി കണ്ടെത്തെണം"
മുംബൈയിലെ എഴുത്തുകാർ ഉൾപ്പെടുന്ന പ്രൗഢഗംഭീരമായ സദസ്സിനെ അഭിസംബോധനചെയ്ത് കൊണ്ട് അദ്ധേഹം പറഞ്ഞു.സമാജം നടത്തുന്ന 'തുഞ്ചൻ സാഹിത്യോത്സവം'തികച്ചും അനുയോജ്യമായ് പേരാണെന്നും ഭാഷാ പിതാവിൻ്റെ പേരിൽ ഒരു സാഹിത്യോത്സവം മറ്റെവിടെയും നടക്കുന്നില്ലാ എന്നും ടിഡി പറഞ്ഞു. തുഞ്ചനെന്ന ഒരാൾ ജീവിച്ചിരുന്നു എന്നു പോലും തെളിവില്ലാത്തതിനാൽ തുഞ്ചനെ ഭാഷാപിതാവായി കാണേണ്ട ആവശ്യമില്ലെന്ന് കേരളത്തിൽ ഒരുവിഭാഗം വാദിക്കുന്ന കാലത്ത് ഈ നാമകരണം ഭാഷാപിതാവിനോടുള്ള വലിയൊരു ആദരവാണെന്നും ടിഡി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു . എഴുത്തിൻ്റെയും സാഹിത്യ സംവാദങ്ങളുടെയും ലോകത്ത് ആധുനിക സങ്കേതിക വിദ്യകൾ കൂടി സംയോജിപ്പിക്കണമെന്നും അത് എഴുത്തിന് മുന്നോട്ട് നയിക്കുമന്നുകൂടി അദ്ദേഹം അഭിപ്രായപ്പെട്ടു .
ഡോംബിവ്‌ലി(കമ്പൽപാഡാ ) മോഡൽകോളേജിൽ നടക്കുന്ന തുഞ്ചൻ സ്‌മാരകസാഹിത്യോത്സവം-2026 ഉദ്‌ഘാടന ചടങ്ങിൽ സമാജം പ്രസിഡണ്ട് ഇപി വാസു അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി രാജശേഖരൻ നായർ സ്വാഗതം പറഞ്ഞു .പ്രസിഡന്റ് ഇ പി വാസു, ചെയർമാൻ വർഗ്ഗീസ് ഡാനിയൽ വൈസ്പ്രസിഡന്റ് എംബി. സുരേന്ദ്രൻനായർ ,എഡ്യുക്കേഷൻ സെക്രട്ടറി ഡോ.എം.ഭാസ്‌കരൻ ,ട്രഷറർ മനോജ്‌നായർ എന്നിവർ സംസാരിച്ചു .

മുംബൈയിലെ മുതിർന്ന എഴുത്തുകാരൻ നോവലിസ്റ്റ് ബാലകൃഷ്ണനേയും സാമൂഹ്യസാംസ്‌കാരികപ്രവർത്തകൻ പിആർ കൃഷ്‌ണനെയും ചടങ്ങിൽ ആദരിച്ചു.സമാജം ഏർപ്പെടുത്തിയ പ്രഥമ തുഞ്ചൻ പുരസ്കാരം പ്രേമൻ ഇല്ലത്തിന് മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും ഗാനരചയിതാവുമായ കെ. ജയകുമാർ IAS സമ്മാനിച്ചു .25,000 രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം.

ഫോട്ടോ : ഡോംബിവ്‌ലി കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ തുഞ്ചൻ പുരസ്കാരം പ്രേമൻ ഇല്ലത്തിന് കെ. ജയകുമാറും ചെയർമാൻ വർഗ്ഗീസ് ഡാനിയലും ചേർന്ന് സമ്മാനിക്കുന്നു
ചടങ്ങിൽ വെച്ച് രവി തൊടുപുഴയുടെ 'ദേശാടകന്റെ ചിറകുകൾ' ഡോക്ടർ പി .പി രാമകൃഷ്ണൻ്റെ 'രവികുമാറിന്റെ കഥ' എന്നീ പുസ്‌തകങ്ങളുടെ പ്രകാശനം നടന്നു.
മലയാളഭാഷയിലെ നവഭാവുകത്വത്തെ കുറിച്ച് കവിയും പ്രഭാഷകനുമായ കെ.ജയകുമാർ IAS സംസാരിച്ചു . സമകാലിക സാഹിത്യത്തിൻ്റെ ദിശകളെ വിശകലനംചെയ്യുന്ന “നഗരസാഹിത്യം – കാലം, പ്രമേയം, ഭാവുകത്വം” എന്ന വിഷയത്തിൽ നടന്ന സെമിനാർ പ്രശസ്‌ത മാദ്ധ്യമപ്രവർത്തകൻ എം ജി അരുൺ നയിച്ചു.
സാമൂഹ്യനിർമ്മിതിയിൽ സാഹിത്യത്തിനുള്ള പങ്ക് എന്ന വിഷയത്തിൽ സുപ്രസിദ്ധ പ്രഭാഷകൻ വി.കെ സുരേഷ് ബാബു ഗാനങ്ങളും സാഹിത്യ സാമൂഹ്യ ചരിത്രങ്ങളും ചേർത്തുകൊണ്ട് അവതരിപ്പിച്ചത് വ്യത്യസ്ത അനുഭവമായി സദസ്സിന്‌മാറി .
സാഹിത്യസാംസ്‌കാരിക പ്രവർത്തകൻ കെ .രാജൻ പരിപാടിയുടെ അവതാരകൻ ആയിരുന്നു .നോവലിസ്റ്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ച സാഹിത്യചർച്ച എഴുത്തുകാരനും നിരൂപകനുമായ സന്തോഷ് പല്ലശ്ശന ഉദ്ഘാടനംചെയ്‌തു .അമ്പിളികൃഷ്ണകുമാർ ,ജോയ് ഗുരുവായൂർ. കെവിഎസ് നെല്ലുവായ്. , അജിത് ശങ്കർ. ഇ .ഹരീന്ദ്രനാഥ്, പി . ഡി ബാബു,ടി കെ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

മുംബൈയിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകൻ പിആർ കൃഷ്ണന് ആദരവ്
ആർ.നാരായണൻകുട്ടി ചടങ്ങുകൾ നിയന്ത്രിച്ചു. കലാസാംസ്‌കാരിക വിഭാഗം സെക്രട്ടറി കെകെ .സുരേഷ്ബാബു നന്ദിപറഞ്ഞു.


