"മാധ്യമങ്ങൾ ഡിവൈഎഫ്ഐയെ നിരന്തരം അധിക്ഷേപിക്കുന്നു'; കയ്യും കെട്ടി നോക്കി നിൽക്കില്ല " : വി വസീഫ്

കാസർകോട്: മാധ്യമങ്ങൾ ഡിവൈഎഫ്ഐക്കെതിരെ നുണപ്രചരണ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. ഇത്തരം വാർത്തകൾ കണ്ട് കയ്യും കെട്ടി നോക്കി നിൽക്കില്ല. സംഘടനയെ നിരന്തരം അധിക്ഷേപിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും വസീഫ് കുറ്റപ്പെടുത്തി. നിങ്ങളുടെ സുരക്ഷയിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് വസീഫ് പറഞ്ഞു.കാസർകോട് നടന്ന ഡിവൈഎഫ്ഐ സമ്മേളനത്തിലെ വാർത്ത റിപ്പോർട്ട് ചെയ്തതിലാണ് വസീഫിൻ്റെ പ്രതികരണം .ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുയോഗത്തിലാണ് മാധ്യമപ്രവർത്തകർക്കെതിരെ വസീഫ് ശബ്ദമുയർത്തിയത്. മാധ്യമപ്രവർത്തകർ എത്രവേണമെങ്കിലും വിമർശിച്ചുകൊള്ളൂ. പക്ഷേ ഞങ്ങളെ അപമാനിക്കാനും ആക്ഷേപിക്കാനും വേണ്ടി മാത്രം മാധ്യമങ്ങൾ സമയം കണ്ടെത്തരുത്. നുണകൾ മാത്രം പ്രചരിപ്പിച്ച് ഈ സംഘടിത യൗവ്വനത്തെ ദുർബലപ്പെടുത്താമെന്ന് കരുതരുത് . ഇത് ഭാസ്ക്കര കുംബളയുടെയും സഖാവ് ഔദ് അബ്ദുറഹ്മാൻ്റെയും പ്രസ്ഥാനമാണ്. ആ പ്രസ്ഥാനത്തെ നിങ്ങളുടെ ചാനലിൻ്റെ നാല് വാർത്തകൊണ്ട് തളർത്തിക്കളയാമെന്നാണ് കരുതുന്നതെങ്കിൽ അത് തെറ്റി.കഴിഞ്ഞ ദിവസം നുണപ്രചരണ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഒരു മാധ്യമപ്രവർത്തകനോട് താൻ പറഞ്ഞു. നിങ്ങളെ നിങ്ങൾത്തന്നെ സംരക്ഷിച്ചുകൊള്ളണമെന്ന്. ഞങ്ങൾക്ക് ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല. നിരന്തരം ഒരു നാടിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയെ ആക്ഷേപിക്കാനും അപമാനിക്കാനും നിങ്ങൾ പരിശ്രമിച്ചാൽ എപ്പോഴും ഇതിനെ കയ്യും കെട്ടി നോക്കി നിന്ന് ക്ഷമിച്ച് പോകുമെന്ന് ആരും കരുതിപ്പോരേണ്ടതില്ല എ, വസീഫ് വ്യക്തമാക്കി.
ജില്ലയിലെ രക്തസാക്ഷി ഫണ്ട് വിനിയോഗത്തിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ജില്ലാ സമ്മേളനത്തിൽ വിമർശനമുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു വാർത്തകൾ പൊട്ടിപ്പുറപ്പെട്ടത്.കൊല്ലപ്പെട്ട ഔഫ് അബ്ദുറഹ്മാൻ്റെ പേരിൽ ഫണ്ട് പിരിച്ച് ആറ് വർഷം കഴിഞ്ഞിട്ടും സ്മാരകം സ്ഥാപിച്ചില്ലായെന്നും മൊഗ്രാലിലെ മുഹമ്മദ് റഫീഖിൻ്റെ രക്തസാക്ഷി ഫണ്ട് എന്തിനുവേണ്ടി ഉപയോഗിച്ചു എന്നതിലും വ്യക്തതയില്ലാ എന്നുമുള്ള പാർട്ടിക്കുള്ളിലെ ആരോപണങ്ങൾ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.രക്തസാക്ഷി ഫണ്ടുകളുടെ കണക്കുകൾ അവതരിപ്പിച്ചില്ലെന്ന പൊതുചർച്ചയിലെ വിമർശനവും ചർച്ചയായി.നേരത്തെ ഉയർന്ന ഫണ്ട് തിരിമറിയിലും കൃത്യമായ നടപടി ഉണ്ടായില്ല.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഫണ്ടിൽ ക്രമക്കേട് നടത്തിയവർക്കെതിരെയുള്ള നടപടി ശാസനയിൽ ഒതുക്കി. വിഷയത്തിൽ ഓഫിസ് സെക്രട്ടറിയെ രക്തസാക്ഷിയാക്കി എന്നും വിമർശനം ഉയർന്നു. കാസർകോട്, ഉദുമ, നീലേശ്വരം, ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റികളാണ് വിമർശനം ഉന്നയിച്ചത്. ഇതൊക്കെയായിരുന്നു പ്രസിഡൻ്റിനെ പ്രകോപനത്തിലേയ്ക്ക് നയിച്ച വാർത്ത.