കെട്ടിട പെർമിറ്റ് ഫീസ് വർധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചുവെന്ന പ്രചരണം വ്യാജം
തിരുവനന്തപുരം:കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. 2022-26 കാലയളവിൽ വീടുകൾക്കു പെർമിറ്റ് എടുത്തവരെല്ലാം അടച്ച മുഴുവൻ തുകയും ഈ മാസം 26 മുതൽ പഞ്ചായത്തുകളിൽ അപേക്ഷിച്ചാൽ തിരികെ ലഭിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. തദ്ദേശഭരണ മന്ത്രി കെ.എം.ഷാജിയുടെ ചിത്രവും ഇതിൽ കാണാം.
ഈ പ്രചരണം വ്യാജമാണെന്ന് തദ്ദേശഭരണ വകുപ്പ് സ്ഥിരീകരിച്ചു. കെട്ടിട പെർമിറ്റ് ഫീസ് വർധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചുവെന്ന പ്രചരണം വ്യാജമാണെന്നും ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നും തദ്ദേശ വകുപ്പ് വ്യക്തമാക്കി. തെറ്റായ പ്രചാരണം നടത്തുന്നതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വർധിപ്പിക്കുന്നതിനായിട്ടാണ് കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ വർധനവ് വരുത്തിയത്. കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തിൽ വർധിക്കണമെന്ന് കേന്ദ്ര ധനകാര്യ കമ്മിഷന്റെ നിബന്ധനയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വർധിപ്പിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സിഎജി സംസ്ഥാന ധനകാര്യ കമ്മിഷനും നിരന്തരം ആവശ്യപ്പെട്ടിരുന്നു.