തമിഴ്‌നാട്ടിൽ നടന്ന കാളവണ്ടിയോട്ടത്തിന് സാക്ഷ്യം വഹിച്ചത് ആയിരങ്ങൾ

തമിഴ്‌നാട്ടിൽ നടന്ന  കാളവണ്ടിയോട്ടത്തിന്  സാക്ഷ്യം വഹിച്ചത് ആയിരങ്ങൾ

ചെന്നൈ: തമിഴ്‌നാടിൻ്റെ പരമ്പരാഗത ഗ്രാമീണ കായിക വിനോദങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട് തൂത്തുക്കുടിയിൽ കാളവണ്ടി ഓട്ടമത്സരം. തൂത്തുക്കുടി ജില്ലയിലെ വർത്തഗറെഡ്ഡിപട്ടിയിൽ വാർഷിക കാളവണ്ടി ഓട്ടമത്സരത്തിൻ്റെ നാലാം പതിപ്പാണ് ആവേശത്തോടെ അരങ്ങേറിയത്. പ്രദേശവാസികളുടെയും കായികപ്രേമികളുടെയും ആവേശക്കരച്ചിലുകൾക്കിടയിൽ ഗ്രാമീണ തനിമ ഒട്ടും ചോരാതെയാണ് മത്സരം അരങ്ങേറിയത്.പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ കാളകളുടെ കരുത്തും വേഗതയും പാച്ചിലുകാരൻ്റെ നിയന്ത്രണ മികവും അളക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. നാട്ട് മാട് (ഇടത്തരം ഇനം), ചിന്ന മാട് (ചെറിയ ഇനം), പൂഞ്ച് സിട്ടു മാട് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പ്രധാനമായും മത്സരങ്ങൾ നടന്നത്.

ആകെ 37 ജോടി കാളവണ്ടികളാണ് ഈ ആവേശപ്പോരാട്ടത്തിൽ പങ്കെടുത്തത്. കാളകളെ അതിവേഗം നിയന്ത്രിച്ചു മുന്നേറിയ പാച്ചിലുകാരുടെ പ്രകടനം കാണികളെ ആകാംക്ഷയുടെ മുനമ്പിലെത്തിച്ചു. ട്രാക്കിന് ഇരുവശവും തടിച്ചുകൂടിയ ഗ്രാമീണരും കാണികളും വലിയ പ്രോത്സാഹനമാണ് മത്സരാർഥികൾക്ക് നൽകിയത്. മത്സരത്തിനൊടുവിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.​തെന്നിന്ത്യൻ തമിഴ്‌നാട്ടിലെ പ്രാദേശിക ഉത്സവങ്ങളുടെയും സാമൂഹിക ജീവിതത്തിൻ്റെയും ഭാഗമായ ഇത്തരം ഗ്രാമീണ കായിക വിനോദങ്ങളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന സാംസ്കാരിക വേദിയാണ് ഈ കാളവണ്ടി ഓട്ടമത്സരമെന്ന് സംഘാടകർ വ്യക്തമാക്കി. ക്ഷേത്രോത്സവ സീസണുകളിൽ ഇത്തരം കാളവണ്ടിയോട്ടം സാധാരണയായി സംഘടിപ്പിക്കാറുണ്ട്. തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത കായിക ഇനങ്ങളിലൊന്നായ ജെല്ലിക്കട്ട് ജനുവരി 16 ന് തിരുച്ചിറപ്പള്ളിയിലെ പെരിയ സൂര്യൂരിൽ ഗംഭീരമായി നടന്നു. ഈ വർഷത്തെ ആദ്യ ജെല്ലിക്കട്ട് മത്സരമാണിത്. തമിഴ് മാസമായ 'തൈ' ഒന്നിൻ്റെ രണ്ടാം നാൾ (മാട്ടുപ്പൊങ്കൽ ദിവസം) ശ്രീ നർക്കടൽ കുടി കറുപ്പണ്ണസ്വാമി ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തോടനുബന്ധിച്ചാണ് ഈ ജല്ലിക്കെട്ട് സംഘടിപ്പിച്ചത്. വർഷങ്ങളായി, ഒരു താൽക്കാലിക ഗ്രാമ മൈതാനത്താണ് ജെല്ലിക്കട്ട് മത്സരം നടത്തിയിരുന്നത്. ജെല്ലിക്കട്ട് പരിപാടിക്ക് സ്ഥിരമായ ഒരു വേദി വേണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ തമിഴ്‌നാട് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷിന് നിവേദനം നൽകിയിരുന്നു. ഇതിനെത്തുടർന്ന്, അന്നത്തെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ അനുമതിയോടെ, സ്ഥിരമായ ഒരു വേദി നിർമ്മിക്കുന്നതിനായി തമിഴ്‌നാട് കായിക വികസന വകുപ്പ് മൂന്ന് കോടി രൂപ അനുവദിക്കുകയും ചെയ്‌തു.