ഡൽഹി വിമാനത്താവളത്തിൽ കനത്ത മഴയിലും കാറ്റിലും മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ഇന്ത്യാ വിമാനങ്ങള്‍ക്ക് അപകടമുണ്ടായതിനെക്കുറിച്ച് അന്വേഷണം തുടങ്ങി. വിമാനത്തില്‍ നിന്ന് കയറാനും ഇറങ്ങാനും ഉപയോഗിക്കുന്ന ഗോവണി ശക്തമായ കാറ്റിലും മഴയിലും തനിയെ നീങ്ങി വന്ന് നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം.മഴ കുറഞ്ഞതോടെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ക്ക് സമീപം തന്നെ ഉണ്ടായിരുന്ന ഉപകരണങ്ങളാണ് അപകടമുണ്ടാക്കിയതെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.അതേസമയം ആര്‍ക്കും പരിക്കില്ല. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിമാനത്താവള അധികൃതര്‍ എന്ത് സുരക്ഷാ നടപടികളാണ് ഒരുക്കിയിട്ടുള്ളത് എന്നത് സംബന്ധിച്ച വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം കൊടുങ്കാറ്റ് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പുകളും ഉണ്ടായിരുന്നില്ലെന്നും വിമാനത്താവള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അപകടമുണ്ടായ ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാനായി.ഗോവണി നീങ്ങിച്ചെന്ന് ഒരു വിമാനത്തില്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടമുണ്ടായ കാര്യം വിമാനത്താവള നടത്തിപ്പുകാരായ ഡല്‍ഹി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ്(ഡിയാല്‍)സ്ഥിരീകരിച്ചിട്ടുണ്ട്.അപകടത്തെ തുടര്‍ന്ന് മൂന്ന് വിമാനങ്ങളെയും സേവനത്തില്‍ നിന്ന് പിന്‍വലിച്ചു. സാങ്കേതിക പരിശോധനകള്‍ക്കായി നീക്കുകയും ചെയ്‌തു. ചെറിയ കുഴപ്പങ്ങളേ ഉണ്ടായിട്ടുള്ളൂ എന്നാണ് വിവരം. എന്നാല്‍ സര്‍വീസിന് നല്‍കും മുമ്പ് പൂര്‍ണമായും വിശദമായി തന്നെ വിമാനങ്ങള്‍ പരിശോധിക്കും.ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം രണ്ട് വിമാനങ്ങള്‍ ഉടന്‍ തന്നെ സര്‍വീസിനായി തിരിച്ചെത്തിക്കും. എന്നാല്‍ ഒരു വിമാനത്തിന് കാര്യമായ കേടുപാടുകളു്ട്. അതിന് അധികപ്പണികള്‍ ആവശ്യമാണ്.
കഴിഞ്ഞ ദിവസം അസാധാരണമാം വിധം തീവ്രമായ കാലാവസ്ഥയാണ് അനുഭപ്പെട്ടത്. മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രവചിച്ചിരുന്നതിനെക്കാള്‍ തീവ്രമായിരുന്നു കാര്യങ്ങള്‍. പാലം വിമാനത്താവളത്തില്‍ 101കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. അറുപത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നായിരുന്നു മുന്നറിയിപ്പ്. പെട്ടെന്ന് കാറ്റിന്‍റെ വേഗതയിലുണ്ടായ വര്‍ദ്ധനയാണ് ഇത്രയും കനത്ത ഉപകരണത്തെ പോലും ചലിപ്പിച്ചത്. സാധാരണയായി ഇത്തരം ഉപകരണങ്ങള്‍ വിമാനത്തിന് സമീപത്ത് തന്നെയാണ് സൂക്ഷിക്കുക. എന്നാല്‍ തീവ്രമായ കാലാവസ്ഥ ഇത്തരം അപകടങ്ങള്‍ സൃഷ്‌ടിച്ചേക്കാം.അതേസമയം സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത്തരമൊരു അപകടത്തിന്‍റെ ഉത്തരവാദിത്തം ഗ്രൗണ്ട് ജീവനക്കാര്‍ക്ക് ആണെന്നാണ് വ്യോമയാന വിദഗ്ദ്ധനും മാര്‍ട്ടിന്‍ കണ്‍സള്‍ട്ടിങിന്‍റെ സിഇഒയുമായ മാര്‍ക്ക് ഡി മാര്‍ട്ടിന്‍ പറഞ്ഞത്. ഗ്രൗണ്ട് സ്റ്റാഫ് ഇത്തരം ഉപകരണങ്ങള്‍ സുരക്ഷിത ഇടങ്ങിലേക്ക് മാറ്റേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇത്തരം ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവ കെട്ടിയിടുകയോ, വീല്‍ ലോക്കുകളോ ഫ്ലോര്‍ ലോക്കുകളോ ഉപയോഗിച്ച് ശക്തമായ കാറ്റില്‍ ഇവ ചലിക്കുന്നത് തടയുകയോ വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.