ട്രൂകോളർ യാത്രാ ഇ-സിമ്മുകളിലേക്ക് കടക്കുന്നു, 29 രാജ്യങ്ങളിൽ മൊബൈൽ ഡാറ്റ സേവനങ്ങൾ ആരംഭിക്കുന്നു

മുംബൈ: അജ്ഞാത കോളർമാരെ തിരിച്ചറിയാനും സ്പാം ഫിൽട്ടർ ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്നതിൽ പ്രശസ്തരായ ട്രൂകോളർ, പുതിയൊരു ബിസിനസ് മേഖലയിലേക്ക് പ്രവേശിച്ചിരിക്കുന്നു.കമ്പനി 29 രാജ്യങ്ങളിലായി ഒരു യാത്രാ ഇ-സിം സേവനം ആരംഭിച്ചു. ദീർഘദൂര യാത്രയ്ക്ക് മുമ്പോ ശേഷമോ അന്താരാഷ്ട്ര മൊബൈൽ ഡാറ്റ വാങ്ങാനും സജീവമാക്കാനും ട്രാവൽ ഇ-സിം സേവനത്തിലൂടെ സാധിക്കും. ഫിസിക്കൽ സിം കാർഡിന്‍റെയോ, പ്രാദേശിക മൊബൈൽ ഷോപ്പ് സന്ദർശിക്കേണ്ടതിന്‍റെയോ ആവശ്യമില്ല എന്നതാണ് ഇതിനെ സവിശേഷമാക്കുന്നത്. ചെലവേറിയ റോമിങ് ചാർജുകൾ ഒഴിവാക്കാൻ യാത്രക്കാർ ആശ്രയിക്കുന്ന പരമ്പരാഗത പരിഹാരങ്ങൾക്ക് ബദൽ മാർഗമാണ് പുതിയ സേവനം. ഉദാഹരണത്തിന്, ഒരു വിദേശ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ റോമിങ് നിരക്ക് ഇല്ലാതാക്കാൻ പ്രാദേശിക സിം എടുക്കേണ്ടതിന്‍റെ ആവശ്യമില്ല. ഇത്തരം സന്ദർഭത്തിൽ ഫോൺ ബിൽ വർധിക്കാതെയിരിക്കാൻ ഈ സേവനം പ്രയോജനപ്പെടുത്താം.
യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്‌ഡം, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, യൂറോപ്പിലുടനീളമുള്ള 18 സ്ഥലങ്ങൾ ഉൾപ്പെടെ 29 രാജ്യങ്ങളിൽ ഈ സേവനം പിന്തുണയ്ക്കുന്നു. ട്രൂകോളറിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ ഐഫോണിലെ ആപ്പ് വഴി ഉപയോക്താക്കൾക്ക് സേവനം ആക്‌സസ് ചെയ്യാൻ കഴിയും.
ട്രൂകോളർ ട്രാവൽ ഇ സിം:
ട്രാവൽ ഇസിം സേവനം മിനിറ്റുകൾക്കുള്ളിൽ തന്നെ സജ്ജമാക്കാൻ കഴിയുമെന്ന് ട്രൂകോളർ പരാമർശിക്കുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്പ് സേവനം സജ്ജമാക്കാൻ കമ്പനി ശുപാർശ ചെയ്യുന്നു. ഉപയോക്താക്കൾ ട്രൂകോളർ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി അവരുടെ ലക്ഷ്യസ്ഥാനം ഏത് രാജ്യമാണെന്നും, ഏത് ഡാറ്റ പ്ലാനാണ് വേണ്ടതെന്നും തിരഞ്ഞെടുക്കണം. കാർഡ് വഴി പണമടയ്ക്കൽ പൂർത്തിയാക്കണം. തുടർന്ന് ഒരു ആക്ടിവേഷൻ ലിങ്ക് ടാപ്പ് ചെയ്‌തോ ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്‌തോ ഇ-സിം ഇൻസ്റ്റാൾ ചെയ്യണം. പിന്നീട് പോകേണ്ട രാജ്യത്ത് എത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ ഉപകരണത്തിൽ (ഫോണിൽ) ഇ-സിം ആക്‌ടിവേറ്റ് ചെയ്‌താൽ മതി.
ഹ്രസ്വ യാത്രകൾക്കായി ഒരു ജിബി മുതൽ ഡാറ്റ പ്ലാനുകൾ ഉണ്ട്. സമാനമായി കൂടുതൽ ദിവസങ്ങൾ ചെലവഴിക്കുന്ന യാത്രകൾക്കായി ഒരു മാസം വരെ ഉള്ള 20 ജിബി വരെയുള്ള ഡാറ്റ പ്ലാനുകൾ നിലവിലുണ്ട്. ആവശ്യമായ പ്ലാനുകളും നിരക്ക് മുൻകൂട്ടി പ്രദർശിപ്പിക്കും. ഉപയോക്താവിന്‍റെ നിലവിലുള്ള സിമ്മിനൊപ്പം ഈ സേവനം പ്രവർത്തിക്കുന്നു. അതായത് അവരുടെ പതിവ് ഫോൺ നമ്പർ യാത്രയിലുടനീളം സജീവവും ആക്‌സസ് ചെയ്യാവുന്നതുമായി തുടരും. വാട്ട്‌സ്ആപ്പ്, ഫേസ്‌ടൈം പോലുള്ള ഡാറ്റാ-ആശ്രിത ആപ്ലിക്കേഷനുകൾ സാധാരണ പോലെ പ്രവർത്തിക്കും.
ട്രൂകോളർ ട്രാവൽ ഇസിം: ഏതൊക്കെ ഉപകരണങ്ങളിൽ?
ഐഫോണിലെ ട്രൂകോളർ ആപ്പ് വഴി ട്രാവൽ ഇ-സിം സേവനം വാങ്ങാം. ഐഫോൺ XS, XR മുതലുള്ള എല്ലാ മോഡലുകളെയും പുതിയ സേവനം പിന്തുണയ്‌ക്കും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇന്ന് തന്നെ ട്രൂകോളർ വെബ് സ്റ്റോർ വഴി സേവനം ആക്‌സസ് ചെയ്യാനും അനുയോജ്യമായ ഇ-സിം ആൻഡ്രോയിഡ് ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്യാനും കഴിയും. സേവനത്തിനായി ഒരു സമർപ്പിത ആപ്പ് ഉടൻ സമാരംഭിക്കും.