തമിഴ്‌നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവായി ഉദയനിധി സ്‌റ്റാലിൻ

തമിഴ്‌നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവായി ഉദയനിധി സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായകമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഡിഎംകെ യുവനേതാവ് ഉദയനിധി സ്റ്റാലിൻ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ്റെ പിൻഗാമിയായി പാർട്ടി നേതൃത്വത്തിലും ഭരണത്തിലും തിളങ്ങിയ ഉദയനിധി, ഇനി നിയമസഭയ്ക്കുള്ളിൽ സർക്കാരിനെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകും. തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ പാരമ്പര്യത്തിൻ്റെ കരുത്തുറ്റ ശബ്‌ദമായി അറിയപ്പെടുന്ന ഉദയനിധി, മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷമാണ് പ്രതിപക്ഷ നിരയിലേക്ക് എത്തുന്നത്.പിതാവ് എം.കെ. സ്റ്റാലിൻ മുമ്പ് വഹിച്ചിരുന്ന അതേ പദവിയിലേക്ക് ഉദയനിധി എത്തുമ്പോൾ, ഡിഎംകെ അണികൾ വലിയ ആവേശത്തിലാണ്. 'ചിന്നവർ' എന്ന് ആരാധകർ വിളിക്കുന്ന അദ്ദേഹം ഭരണപക്ഷത്തെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി ആകും എത്തുക. അതേസമയം, ഉപനേതാവായി കെഎൻ നെഹ്‌റുവിനെയും പാർട്ടി വിപ്പായും ഇവി വേലുവിനെയും തെരഞ്ഞെടുത്തു. എംകെ സ്‌റ്റാലിൻ്റെ നേതൃത്വത്തിൽ ചെന്നൈയിലെ അണ്ണാ അറിവാലയത്തിലെ കലൈഞ്ജർ അരങ്ങിൽ നടന്ന ഡിഎംകെ നിയമസഭാ കക്ഷി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ കുടുംബ പാരമ്പര്യത്തിൽ നിന്നും വന്ന്, സ്വന്തം അധ്വാനം കൊണ്ട് ജനമനസ്സുകളിൽ ഇടംപിടിച്ച നേതാവാണ് ഉദയനിധി സ്റ്റാലിൻ. കരുണാനിധിയുടെ ചെറുമകനായും എം.കെ. സ്റ്റാലിൻ്റെ മകനായും രാഷ്ട്രീയത്തിലേക്ക് എത്തിയെങ്കിലും, ഇന്ന് ഡിഎംകെയുടെ ഏറ്റവും വലിയ ജനപ്രിയ മുഖങ്ങളിലൊന്നായി അദ്ദേഹം മാറിക്കഴിഞ്ഞു.

https://www.worldm.news/national/vijay-takes-oath-as-tamil--25640

തുടക്കം സിനിമയിലൂടെ, വളർച്ച രാഷ്ട്രീയത്തിലൂടെ

'ഒരു കൽ ഒരു കണ്ണാടി' എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച ഉദയനിധി, നിർമ്മാതാവായും വിതരണക്കാരനായും സിനിമാ രംഗത്ത് തിളങ്ങിനിൽക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കയ്യിൽ ഒരു 'ചെങ്കല്ലു'മായി (എയിംസ് ആശുപത്രിയുടെ പണി തുടങ്ങാത്തതിനെ പരിഹസിച്ചുകൊണ്ട്) അദ്ദേഹം നടത്തിയ പ്രചാരണം തമിഴ്‌നാട്ടിൽ തരംഗമായി മാറി. ഇത് ഉദയനിധിയിലെ രാഷ്ട്രീയ തന്ത്രജ്ഞനെയാണ് ലോകത്തിന് കാണിച്ചു കൊടുത്തത്.

ചെപ്പോക്കിലെ വിജയം; മന്ത്രിസഭയിലേക്കുള്ള ചുവടുവെപ്പ്

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൻ്റെ മുത്തച്ഛൻ കരുണാനിധി മത്സരിച്ചിരുന്ന ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ ഉദയനിധി നിയമസഭയിലെത്തി. തുടർന്ന് കായിക-യുവജനക്ഷേമ മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം, തമിഴ്‌നാട്ടിൽ കായിക വികസനത്തിന് വലിയ മുൻഗണന നൽകി. ചെസ്സ് ഒളിമ്പ്യാഡ് പോലുള്ള ലോകോത്തര പരിപാടികൾ ചെന്നൈയിൽ വിജയകരമായി സംഘടിപ്പിച്ചത് അദ്ദേഹത്തിൻ്റെ ഭരണമികവിനുള്ള അംഗീകാരമായി.

സനാതന ധർമ്മ വിവാദവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും

ഉദയനിധി സ്റ്റാലിനെ ദേശീയതലത്തിൽ ശ്രദ്ധേയനാക്കിയത് അദ്ദേഹത്തിൻ്റെ നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയാണ്. സനാതന ധർമ്മവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ചു. എങ്കിലും തൻ്റെ ദ്രാവിഡ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഈ ആത്മവിശ്വാസം ഡിഎംകെ അണികൾക്കിടയിൽ അദ്ദേഹത്തിൻ്റെ സ്വാധീനം വർധിപ്പിച്ചു.

ഉപമുഖ്യമന്ത്രി പദവിയിലേക്ക്

2024 സെപ്റ്റംബറിൽ തമിഴ്‌നാടിൻ്റെ ഉപമുഖ്യമന്ത്രിയായി ഉദയനിധി ചുമതലയേറ്റതോടെ, ഡിഎംകെയുടെ ഭാവി നേതൃത്വം അദ്ദേഹത്തിൻ്റെ കൈകളിലാണെന്ന സന്ദേശമാണ് സ്റ്റാലിൻ നൽകിയത്. വെറുമൊരു മകൻ എന്നതിലുപരി, പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു നേതാവായി സ്വയം തെളിയിച്ചാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഡിഎംകെ നേരിട്ടത്. പാര്‍ട്ടിയുടെ തിരിച്ചുവരവ് ഇനി ഉദയനിധിയുടെ കൈകളിലാണ്.